Sub Lead

യൂനിഫോമിന് അനുയോജ്യമായി ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ഹരജിക്കാര്‍

മതം ആചരിക്കാനുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതു സംബന്ധിച്ചായിരുന്നു ദേവദത്ത് കാമത്തിന്റെ വാദം. ഉഡുപ്പി കുന്ദാപുര കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് അദ്ദേഹം ഹാജരായത്.

യൂനിഫോമിന് അനുയോജ്യമായി ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ഹരജിക്കാര്‍
X

ബംഗളുരു: സ്‌കൂള്‍ യൂനിഫോമിന് അനുയോജ്യമായ നിറങ്ങളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ഹിജാബ് വിലക്കിനെതിരായ ഹരജിക്കാര്‍ കര്‍ണാടക ഹൈക്കോടതിയില്‍. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇത്തരത്തില്‍ അനുവദിക്കുന്നുണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസില്‍ വിശാല ബഞ്ച് നാളെ വീണ്ടും വാദം കേള്‍ക്കും.

കേസില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു സംഭവം ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് പരാമര്‍ശിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ദക്ഷിണേന്ത്യയില്‍ വേരുകളുള്ള ഹിന്ദു പെണ്‍കുട്ടിക്കു സ്‌കൂളില്‍ മൂക്കുത്തി ധരിക്കാമോ എന്ന വിഷയത്തിലെ ദക്ഷിണാഫ്രിക്കന്‍ കോടതിയുടെ വിധിയാണ് അഭിഭാഷകന്‍ പരാമര്‍ശിച്ചത്.

ഈ കേസ് യൂനിഫോമിനെക്കുറിച്ചല്ലെന്നും നിലവിലെ യൂനിഫോമില്‍ നിന്നുള്ള ഇളവുകളെക്കുറിച്ചാണെന്നും പറയുന്ന വിധി അദ്ദേഹം പരാമര്‍ശിച്ചു. നമ്മുടെ ഭരണഘടന സ്പഷ്ടമായി പ്രഖ്യാപിക്കപ്പെട്ട മതേതരത്വമാണ് പിന്തുടരുന്നത്. അത് തുര്‍ക്കിയിലെ മതേതരത്വത്തെ പോലെയല്ല. അതാണ് നിഷേധാത്മക മതേതരത്വം. എല്ലാവരുടെയും മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് നമ്മുടെ മതേതരത്വം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതം ആചരിക്കാനുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതു സംബന്ധിച്ചായിരുന്നു ദേവദത്ത് കാമത്തിന്റെ വാദം. ഉഡുപ്പി കുന്ദാപുര കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് അദ്ദേഹം ഹാജരായത്.

സിംഗിള്‍ ബഞ്ചിനു മുന്നിലെത്തിയ കേസ്, നേരത്തെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന വിശാല ബഞ്ചിനു വിടുകയായിരുന്നു. തുടര്‍ന്ന്, കര്‍ണാടകയിലെ യൂനിഫോം നിര്‍ദേശിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്തിമ വിധി വരുന്നതുവരെ, മതപരമായ ഒരു വസ്ത്രവും ധരിക്കരുതെന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വിശാല ബഞ്ച് വ്യക്തമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ തുറക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. കോളജുകള്‍ നാളെ തുറക്കും.

Next Story

RELATED STORIES

Share it