Sub Lead

കര്‍ണാടക പ്രതിസന്ധി: വിശ്വാസവോട്ട് ഇന്ന് രാവിലെ 11ന്; സര്‍ക്കാര്‍ വീഴാന്‍ സാധ്യത

കുമാരസ്വാമി സര്‍ക്കാരിന് വിശ്വാസവോട്ട് നേടണമെങ്കില്‍ കുറഞ്ഞത് ഏഴുപേരെയെങ്കിലും തിരിച്ചെത്തിക്കണം

കര്‍ണാടക പ്രതിസന്ധി: വിശ്വാസവോട്ട് ഇന്ന് രാവിലെ 11ന്; സര്‍ക്കാര്‍ വീഴാന്‍ സാധ്യത
X

ബെംഗളൂരു: വിമത എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയതോടെ നിലനില്‍പ്പ് ഭീഷണിയിലായ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന് ഇന്ന് നിര്‍ണായകദിനം. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്നു രാവിലെ 11ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. കാര്യമായ അട്ടിമറികളൊന്നും ഉണ്ടായില്ലെങ്കില്‍ സഖ്യ സര്‍ക്കാര്‍ പുറത്താവാനാണു സാധ്യത. വിമതരുടെ രാജിക്കത്തിന്‍മേല്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും എന്നാല്‍, വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരെ നിര്‍ബന്ധിക്കാനാവില്ലെന്നുമുള്ള സുപ്രിംകോടതിയുടെ വിധിയോടെ സര്‍ക്കാരിന്റെ ഭാവി കൂടുതല്‍ അപകടത്തിലായി. നിലവിലെ കണക്കനുസരിച്ച് വിശ്വാസവോട്ട് നേടാനുള്ള അംഗബലം ഭരണപക്ഷത്തിനില്ല. കോണ്‍ഗ്രസില്‍ നിന്നു 13, ജനതാദളി(എസ്) നിന്നു മൂന്ന് എംഎല്‍എമാരാണു സ്പീക്കര്‍ക്കു രാജിക്കത്ത് നല്‍കിയത്.

കുമാരസ്വാമി സര്‍ക്കാരിന് വിശ്വാസവോട്ട് നേടണമെങ്കില്‍ കുറഞ്ഞത് ഏഴുപേരെയെങ്കിലും തിരിച്ചെത്തിക്കണം. എന്നാല്‍, മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയെ ഒഴിച്ച് ഒരാളെപോലും തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസിനായിട്ടില്ല. രാമലിംഗറെഡ്ഡി രാജി പിന്‍വലിച്ചാല്‍ ഭരണപക്ഷത്തിന്റെ അംഗബലം 102 ആവും. കെപിജെപി കോണ്‍ഗ്രസില്‍ ലയിച്ചതാണെന്നുകാണിച്ച് ആര്‍ ശങ്കറിനെ അയോഗ്യനാക്കാനുള്ള നീക്കവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. രാജിവച്ച മറ്റു 15 എംഎല്‍എമാരും ബിജെപിയുടെ സംരക്ഷണത്തിലായതിനാല്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ വിഫലമാവുകയാണ്. രാജി തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്ന് വിമത എംഎല്‍എമാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. ഇവരെല്ലാം ഇപ്പോഴും മുംബൈയില്‍ ക്യാംപ് ചെയ്യുകയാണ്. വിശ്വാസവോട്ട് കഴിഞ്ഞ് ബെംഗളൂരുവിലെത്താനാണു തീരുമാനം.

രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയെങ്കിലും സഭയിലെത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന വിധി കോണ്‍ഗ്രസിനെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിമത എംഎല്‍എമാരുടെ രാജി സ്വീകരിച്ചാലും അവരെ അയോഗ്യരാക്കിയാലും സര്‍ക്കാര്‍ വീഴുമെന്നുറപ്പാണ്. 16 പേരുടെ രാജി അംഗീകരിച്ചാല്‍ 224 അംഗ നിയമസഭയുടെ അംഗബലം 208 ആയി കുറയും. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 101 പേരുടെയും കെപിജെപി അംഗം ആര്‍ ശങ്കറും സ്വതന്ത്രന്‍ എച്ച് നാഗേഷും ഒപ്പംകൂടിയതോടെ ബിജെപിക്ക് 107 ഉം അംഗങ്ങളുമാവും. 208 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 105 പേരുടെ പിന്തുണ വേണം. ഏതായാലും ആഴ്ചകള്‍ നീണ്ട നാടകീയതക്ക് ഇന്നത്തെ വിശ്വാസവോട്ടെടുപ്പ് കഴിയുന്നതോടെ തിരശ്ശീല വീഴുമെന്നുറപ്പാണ്.



Next Story

RELATED STORIES

Share it