Sub Lead

വിശ്വാസ വോട്ടില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴുമോ; കണക്കിലെ കളികള്‍ ഇങ്ങനെ

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നാണ് സുപ്രിം കോടതി വ്യക്തമാക്കിയിരിക്കുന്നത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവാനാണ് സാധ്യത. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്ന് സ്പീക്കറും വ്യക്തമാക്കിയിട്ടുണ്ട്.

വിശ്വാസ വോട്ടില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴുമോ; കണക്കിലെ കളികള്‍ ഇങ്ങനെ
X

ബംഗളൂരു: വിമത എംഎല്‍എമാരുടെ ഹരജിയില്‍ സുപ്രിം കോടതി വിധി നാളെ വിശ്വാസവോട്ട് തേടാനിരിക്കുന്ന കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കി. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നാണ് സുപ്രിം കോടതി വ്യക്തമാക്കിയിരിക്കുന്നത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവാനാണ് സാധ്യത. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്ന് സ്പീക്കറും വ്യക്തമാക്കിയിട്ടുണ്ട്.

15 വിമതര്‍ വിട്ടു നില്‍ക്കുകയോ ഇവരുടെ രാജി അംഗീകരിക്കുകയോ ചെയ്താല്‍ സഭയുടെ അംഗബലം സ്പീക്കര്‍ ഉള്‍പ്പെടെ 210ലേക്ക് താഴും. ഇതോടെ കേവല ഭൂരിപക്ഷം 106 ആകും. 15 എംഎല്‍എമാരുടെ പിന്തുണ നഷ്ടപ്പെടുന്നതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ അംഗബലം 102 ആയി ചുരുങ്ങും. ബിഎസ്പി എംഎല്‍എയുടെയും ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുടെയും പിന്തുണ സഖ്യത്തിന് ലഭിച്ചേക്കും. 105 എംഎല്‍എമാരുള്ള ബിജെപിക്കാകട്ടെ എളുപ്പത്തില്‍ കേവല ഭൂരിപക്ഷം കടക്കാനാകും. ഒരു സ്വതന്ത്ര എംഎല്‍എയുടെയും കര്‍ണാടക പ്രജ്ഞാവന്ത ജനതാ പാര്‍ട്ടി എംഎല്‍എയുടെയും പിന്തുണ ബിജെപിക്കുണ്ട്.

2018 മെയില്‍ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 225 അംഗ സഭയില്‍ 105 എംഎല്‍എമാരാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കേവല ഭൂരിപക്ഷം ഒപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ബിഎസ് യെദ്യയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും പിന്തുണ തെളിയിക്കാന്‍ ഗവര്‍ണറോട് സമയം ആവശ്യപ്പെടുകയും ചെയ്തു.

ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് 15 ദിവസത്തെ സമയം അനുവദിച്ചു. എന്നാല്‍, സുപ്രിം കോടതി ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു. എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എങ്ങനെയും ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്ത് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ജെഡിഎസുമായി കൈകൊടുകോര്‍ത്തു. ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതിരുന്ന യെദ്യൂരപ്പ 55 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന ശേഷം സ്ഥാനമൊഴിയുകയായിരുന്നു.

79 എംഎല്‍എമാരായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. ജെഡിഎസിന്റെ 37 എംഎല്‍എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപികരിച്ചു. വിട്ടുവീഴ്ചകള്‍ക്ക് കോണ്‍ഗ്രസ് തയാറായതോടെ ജെഡിഎസ് നേതാവ് കുമാരസ്വാമി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി. നിരവധി നാടകങ്ങള്‍ക്കൊടുവില്‍ സ്വതന്ത്ര എംഎല്‍എമാരുടെയും ബിഎസ്പി എംഎല്‍എയുടെയും പിന്തുണയോടെ അനായാസമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കേവല ഭൂരിപക്ഷം കടന്നു.

എന്നാല്‍, അന്നു തൊട്ടിങ്ങോട്ട് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി. നരേന്ദ്ര മോദി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെയാണ് അത് സജീവമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം നേരിട്ട കനത്ത തിരിച്ചടി എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിന് ഒരു കാരണമായിട്ടുണ്ട്. കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണാല്‍ യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകള്‍.

Next Story

RELATED STORIES

Share it