Sub Lead

കണ്ണൂര്‍ കോട്ട അണിഞ്ഞൊരുങ്ങുന്നു; സന്ദര്‍ശകര്‍ക്കായി ഫുഡ് കോര്‍ട്ടും ലൈറ്റ് ആന്റ് സൗണ്ട് ഷോയും

നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കോട്ട മുഖം മിനുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ്.

കണ്ണൂര്‍ കോട്ട അണിഞ്ഞൊരുങ്ങുന്നു;   സന്ദര്‍ശകര്‍ക്കായി ഫുഡ് കോര്‍ട്ടും ലൈറ്റ് ആന്റ് സൗണ്ട് ഷോയും
X

കണ്ണൂര്‍: സന്ദര്‍ശകര്‍ക്കായി അണിഞ്ഞൊരുങ്ങുകയാണ് കണ്ണൂര്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കണ്ണൂര്‍ കോട്ട. നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കോട്ട മുഖം മിനുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ്. ദിനംപ്രതി 100 കണക്കിന് സഞ്ചാരികളെത്തുന്ന കോട്ടയില്‍ പുരാവസ്തു വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ മുഖം മിനുക്കല്‍ നടപടികള്‍ നടപ്പാക്കുന്നത്.

കോട്ടക്കകത്ത് നിലവില്‍ ദാഹജലം പോലും കിട്ടാക്കനിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആദ്യപടിയെന്ന നിലയില്‍ കോട്ടക്കകത്ത് ഫുഡ് കഫേയുടെ നിര്‍മ്മാണമാണ് ആരംഭിച്ചത്. നിലവിലെ ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്നാണ് ഫുഡ് കഫേ തുടങ്ങുന്നത്.

കൂടാതെ മാസങ്ങളായി അടഞ്ഞുകിടന്ന കോട്ടക്കകത്തെ ശുചിമുറി ആഴ്ചകള്‍ക്ക് മുമ്പാണ് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തത്. എന്നാല്‍ അവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നാണ് സന്ദര്‍ശക പരാതി. സഞ്ചാരികളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കോട്ടയ്ക്ക് പുറത്ത് ആധുനിക രീതിയിലുള്ള ശുചിമുറികള്‍ തുടങ്ങുന്ന പണികളും ആരംഭിച്ചു. കൂടാതെ അതിന് സമീപത്തായുള്ള ടിക്കറ്റ് കൗണ്ടറിന്റെയും ക്ലോക്ക് റൂമുകളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. വരുന്ന ജനുവരിയോടെ ഇവയെല്ലാം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

കൂടാതെ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇവിടെ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതി ഉടന്‍ ആരംഭിക്കും. നേരത്തെ ആരംഭിക്കാനിരുന്നെങ്കിലും കെവിഡ് കാരണം നീളുകയായിരുന്നു. പിന്നീട് മഴ കൂടി വന്നതോടെ തുടങ്ങാനാവാത്ത സ്ഥിതിയായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടിക്കറ്റില്ലാതെ ലൈറ്റ് ആന്റ് സൗണ്ട് ഷോ തുടങ്ങുമെന്നാണ് പദ്ധതിയെന്നും അധികൃതര്‍ അറിയിച്ചു.

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ഇവിടെ വന്‍ സന്ദര്‍ശക ബാഹുല്യമാണ്. എന്നാല്‍, അതിനൊത്ത അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാത്തത് ഇവിടുത്തെ ടൂറിസത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.

വൈകീട്ട് അഞ്ചു വരെയാണ് കോട്ടയിലേക്ക് പ്രവേശനം.ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവുമുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റിന് ഒരാള്‍ക്ക് 20 രൂപയും നേരിട്ട് എടുക്കുമ്പോള്‍ 25 രൂപയുമാണ് നിരക്ക്. വിദേശികള്‍ക്ക് 300 രൂപയാണ് നിരക്ക്. സാധാരണ ദിനംപ്രതി 300 മുതല്‍ 500 വരെ സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കാറ്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ് നിലവില്‍ കണ്ണൂര്‍ കോട്ട. പൈതൃക സ്മാരകമായത് കൊണ്ട് തന്നെ കോട്ടയ്ക്ക് അകത്ത് ഭക്ഷണങ്ങളൊന്നും വിതരണം ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. അതുകൊണ്ട് തന്നെ നേരത്തെ കോട്ടയ്ക്ക് അകത്ത് പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടകളെല്ലാം അധികൃതര്‍ ഒഴിപ്പിച്ചിക്കുകയായിരുന്നു.


Next Story

RELATED STORIES

Share it