Sub Lead

അദ്ദേഹം മരിച്ചിട്ടില്ല; വിനു വി ജോണിനും ജയ ശങ്കറിനും കെടി ജലീലിന്റെ മറുപടി

അദ്ദേഹം മരിച്ചിട്ടില്ല; വിനു വി ജോണിനും ജയ ശങ്കറിനും കെടി ജലീലിന്റെ മറുപടി
X

കോഴിക്കോട്: ജീവിച്ചിരിക്കുന്ന തന്റെ പിതാവിനെ പരേതനാക്കിയ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനും അഡ്വ. ജയശങ്കറിനും കെ ടി ജലീലിന്റെ വൈകാരിക മറുപടി. ജലീല്‍ ഫേസ്ബുക്കില്‍ പങ്കു വച്ച കുറിപ്പിലാണ് വിനു വിജോണിന്റെയും ജയ ശങ്കറിന്റെയും ഹീനമായ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.

കുറിപ്പിന്റെ പൂര്‍ണ രൂപം:

ഏഷ്യാനെറ്റിന്റെ അന്തിച്ചര്‍ച്ചയില്‍ അഡ്വ: ജയശങ്കറും അവതാരകന്‍ വിനു വി ജോണും ചേര്‍ന്ന് മരിപ്പിച്ച എന്റെ വന്ദ്യ പിതാവാണ് ചിത്രത്തില്‍.

86 വയസ്സായി. പൂര്‍ണ ആരോഗ്യവാന്‍. എന്നും മൂന്ന് കിലോമീറ്റര്‍ നടന്നാണ് അദ്ദേഹം വളാഞ്ചേരി അങ്ങാടിയിലേക്ക് പോവുകയും വരികയും ചെയ്യുക. ഒരു പക്ഷെ കിണറ്റില്‍ നിന്ന് ഈ പ്രായത്തിലും വെള്ളം ബക്കറ്റില്‍ കോരി കുളിക്കുന്നവര്‍ വളരെ അപൂര്‍വ്വമാകും. ആ അപൂര്‍വ്വരില്‍ ഒരാളാണ് എന്റെ ഉപ്പ.

കോട്ടന്‍ ഷര്‍ട്ടും കരയില്ലാത്ത ഒറ്റ മല്ല് മുണ്ടും തോളില്‍ ഒരു ടര്‍ക്കിയുമാണ് വേഷം. പുതു തലമുറയില്‍ പെടുന്നവര്‍ക്ക് പഴക്കം ചെന്ന വാച്ച് കാണണമെങ്കില്‍ അദ്ദേഹത്തിന്റെ കയ്യിലേക്ക് നോക്കിയാല്‍ മതി. ചെരുപ്പും ഷൂവും തേയുന്നത് വരെ ഉപയോഗിക്കും. പതിനാറ് വയസ്സ് മുതല്‍ സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍. റേഷന്‍ കടയിലെയും മാവേലി സ്‌റ്റോറിലെയും സ്ഥിര സന്ദര്‍ശകന്‍. ബാലന്‍ നായരുടെ അംബിക ഹോട്ടലിലെ ചായ കുടിക്കാന്‍ അങ്ങാടിയിലെത്തുന്ന പതിവിന് ഇന്നും ഭംഗം വരുത്താത്ത പഴമക്കാരന്‍. അന്‍പത് വര്‍ഷം അങ്ങാടിയില്‍ ബിസിനസ് ചെയ്തിട്ട് ഒരു സൈക്കിള്‍ പോലും സ്വന്തമായില്ലാത്ത ഒരു സാധാരണക്കാരന്‍.

ഇത്തരം മനുഷ്യരോടെങ്കിലും അല്‍പം ദയ കാണിച്ച് കൂടെ, സിപിഎം വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും മൂത്ത് മത്തായ ജയശങ്കറിനും വിനു വി ജോണിനും.

Next Story

RELATED STORIES

Share it