Sub Lead

കെ സുരേന്ദ്രന്റെ മകന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി; അനധികൃത നിയമനമെന്ന് ആരോപണം

കെ സുരേന്ദ്രന്റെ മകന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി; അനധികൃത നിയമനമെന്ന് ആരോപണം
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന് നിയമനം നല്‍കിയതില്‍ ക്രമക്കേടെന്ന് ആരോപണം. ഇവിടെ ടെക്‌നിക്കല്‍ ഓഫിസര്‍ തസ്തികയിലാണ് കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന് നിയമനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്‌നിക്കല്‍ ഓഫിസര്‍ അടക്കം മൂന്ന് തസ്തികയിലേക്ക് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി അപേക്ഷകള്‍ ക്ഷണിച്ചത്. പിന്നാക്ക വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന തസ്തികയ്ക്ക് 60 ശതമാനം മാര്‍ക്കോടെ ബിടെക് ബിരുദമായിരുന്നു ടെക്‌നിക്കല്‍ ഓഫിസര്‍ തസ്തികയിലെ അടിസ്ഥാന യോഗ്യത.

മൂന്നുഘട്ടമായി നടത്തിയ പരീക്ഷയില്‍ 48 ഉദ്യോഗാര്‍ഥികളെയാണ് പരീക്ഷയ്ക്കായി തിരഞ്ഞെടുത്തത്. ഏപ്രില്‍ 25ന് ഒഎംആര്‍ പരീക്ഷ, തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം എഴുത്തുപരീക്ഷ എന്നിവ നടത്തി അതില്‍ നിന്ന് കെ എസ് ഹരികൃഷ്ണന്‍ ഉള്‍പ്പെടെ മൂന്നുപേരെ തൊട്ടടുത്ത ദിവസം 26ന് നടക്കുന്ന പ്രാക്ടിക്കല്‍ സ്‌കില്‍ പരീക്ഷയിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. 26ന് പ്രാക്ടിക്കല്‍ പരീക്ഷയും കഴിഞ്ഞു. എന്നാല്‍, ഇതിന് ശേഷം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തങ്ങള്‍ക്ക് വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. അവസാനം നടന്ന പ്രാക്ടിക്കല്‍ സ്‌കില്‍ പരീക്ഷയ്ക്ക് ശേഷം നിയമനം ലഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകനായ കെ എസ് ഹരികൃഷ്ണനാണെന്ന വിവരങ്ങള്‍ പിന്നീടാണ് പുറത്തുവന്നത്. നിയമനം നടന്നിട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞതെങ്കിലും കെ എസ് ഹരികൃഷ്ണന് ജൂണ്‍ മാസത്തില്‍ ആര്‍ജിസിബിയില്‍ നിയമനം നല്‍കിയിട്ടുണ്ട്.

അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ 70,000 രൂപയാണ് വേതനമായി നല്‍കുക. നിലവില്‍ വിദഗ്ധപരിശീലനത്തിനായി ഡല്‍ഹിയിലെ കേന്ദ്രത്തിലേക്ക് ഹരികൃഷ്ണനെ അയച്ചിട്ടുണ്ടെന്നാണ് വിവരം. ടെക്‌നിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് ധൃതിപിടിച്ച് പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും മറ്റും നടത്തിയതും പിന്നീട് റാങ്ക് ലിസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ അവസാനം പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിക്കാതിരുന്നതുമാണ് സംശയത്തിന് കാരണമായത്. നിയമനം നടന്നിട്ടുണ്ടെന്ന് ആര്‍ജിസിബി ചീഫ് കണ്‍ട്രോളര്‍ എസ് മോഹനന്‍ നായര്‍ പറയുന്നു. എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് ഹരികൃഷ്ണന്റെ നിയമനമെന്നാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി നല്‍കുന്ന വിശദീകരണം.

Next Story

RELATED STORIES

Share it