Sub Lead

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് കെ സുരേന്ദ്രന്‍ പിന്മാറി

കേസില്‍ നിന്ന് പിന്മാറുന്നതായും കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് കെ സുരേന്ദ്രന്‍ പിന്മാറി
X

കാസര്‍കോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹരജി പിന്‍വലിക്കുന്നു. കേസില്‍ നിന്ന് പിന്മാറുന്നതായും കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു. സാക്ഷികള്‍ ഹാജരാകുന്നത് തടയാന്‍ ലീഗും സിപിഎമ്മും ഒത്തുകളിച്ചുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. വിഷയം രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പും നടക്കാനുള്ള സാധ്യത തെളിയുകയാണ്.

മരിച്ചവരുടെയും പ്രവാസികളുടെയും കള്ളവോട്ടുകള്‍ ചെയ്താണ് അബ്ദുര്‍റസാഖ് വിജയിച്ചതെന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. 89 വോട്ടുകള്‍ക്കാണ് റസാഖ് വിജയിച്ചത്. മണ്ഡലത്തില്‍ വോട്ട് ചെയ്ത 259 പേരെ വിസ്തരിക്കാനായിരുന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 174 പേരെ വിസ്തരിക്കുകയും 11 പേരെ ഒഴിവാക്കുകയും ചെയ്തിരുന്നു. അവശേഷിക്കുന്നവരില്‍ അഞ്ചുപേര്‍ അസുഖമായി നാട്ടിലും മൂന്നുപേര്‍ തിരഞ്ഞെടുപ്പിനു ശേഷം മരിച്ചതായും കോടതിയെ അറിയിച്ചിരുന്നു.

അവശേഷിക്കുന്ന 66 പേരെ വിസ്തരിക്കണമെങ്കില്‍ ഇവര്‍ക്കു നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് തുക വാദിഭാഗം കോടതിയില്‍ കെട്ടിവയ്ക്കണം. കോടതിയില്‍ പണം കെട്ടിവച്ചില്ലെങ്കില്‍ വിദേശത്തുള്ളവരെ വരുത്തി വിസ്തരിക്കാനാവില്ല. വാദിഭാഗം മരിച്ചതായി ലിസ്റ്റ് നല്‍കിയ ആറുപേരില്‍ നാലുപേര്‍ നേരിട്ട് കോടതിയില്‍ ഹാജരായി തങ്ങള്‍ സ്വമേധയാ വോട്ട് ചെയ്തതാണെന്നു വ്യക്തമാക്കിയിരുന്നു. 2016 ജൂലൈ 25നാണു മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍, സാക്ഷികളില്‍ മിക്കവരും ഹാജരാവാത്തത് കേസ് നീണ്ടു പോവാന്‍ ഇടയാക്കി. സാക്ഷികളില്‍ ഭൂരിഭാഗവും വിദേശത്തായതിനാല്‍ സമന്‍സ് കൈപ്പറ്റിയിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് പി ബി അബ്ദുല്‍ റസാഖ് എംഎല്‍എ അന്തരിച്ചത്. തുടര്‍ന്ന് കേസ് തുടരണമോ എന്ന് കോടതി കെ സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. കേസ് പിന്‍വലിച്ച് മഞ്ചേശ്വരത്ത് വീണ്ടും മല്‍സര രംഗത്തിറങ്ങാനാണ് സുരേന്ദ്രന്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

Next Story

RELATED STORIES

Share it