Sub Lead

കെ റെയിൽ: മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനം താത്കാലികമായി നിർത്തി

പ്രസ്തുത ജില്ലകളിലെ ജനങ്ങളുടെ നിസഹകരണമാണ് പഠനം നിർത്താനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

കെ റെയിൽ: മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനം താത്കാലികമായി നിർത്തി
X

കൊച്ചി: സിൽവർലൈൻ പദ്ധതിക്കെതിരായ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനം താത്കാലികമായി നിർത്തി. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പഠനത്തിന്റെ ചുമതലയുള്ള രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസാണ് നടപടി നിർത്തിയത്. അധികൃതൽ ഇക്കാര്യം റവന്യു വകുപ്പിനെ അറിയിച്ചതായാണ് വിവരം.

പ്രസ്തുത ജില്ലകളിലെ ജനങ്ങളുടെ നിസഹകരണമാണ് പഠനം നിർത്താനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി കടന്നു പോകുന്ന മേഖലയിലുള്ളവരോട് വിവരങ്ങൾ തേടേണ്ടതുണ്ട്. എതിർപ്പ് ശക്തമായി തുടരുന്നതിനാൽ അതിന് കഴിയുന്നില്ല. സാമൂഹികാഘാത പഠനം നടത്താനെത്തിയ സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു.

അതേസമയം, പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആവർത്തിച്ചിരുന്നു. "ഒരു വിഭാഗത്തിന് മാത്രം എതിർപ്പുള്ളതുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കില്ല. രണ്ടിരട്ടി നഷ്ടപരിഹാരമാണ് സർക്കാർ നൽകുന്നത്. അതിനും മുകളിൽ നൽകാൻ തയാറുമാണ്. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല," മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിഷേധങ്ങൾ റിപോർട്ട് ചെയ്യുന്ന മാധ്യമ രീതിയേയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. "വികസനത്തെ സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോൺ ആവരുത്. മാധ്യമങ്ങൾ സർക്കാരിനെതിരേ ശത്രുതാ മനോഭാവം പുലർത്തുകയാണ്. കുഞ്ഞുങ്ങളുമായി സമരത്തിന് വരുന്നവരെ മഹത്വവത്കരിക്കുന്നു," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിക്കെതിരായുള്ള പ്രതിഷേധം ഇന്നലെയും സജീവമായി തുടർന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധ പരിപാടികൾ സംഘർഷത്തിൽ കലാശിച്ചു. മലപ്പുറം, കോഴിക്കോട്, തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളിൽ സംഘർഷമുണ്ടായി. പലയിടങ്ങളിലും പോലിസ് ജലപീരങ്കി ഉപയോഗിച്ചു.

Next Story

RELATED STORIES

Share it