Sub Lead

രാഷ്ട്രീയത്തില്‍ 'സര്‍' പദവിയുള്ള മാണി സാര്‍

മുഖ്യമന്ത്രിക്കായാലും പ്രതിപക്ഷ നേതാവായാലും കക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും അദ്ദേഹം മാണി സാറാണ്. ബിജെപി നേതാക്കളും വിളിക്കുന്നത് മാണി സാര്‍ എന്നുതന്നെയാണ്. ഒരുകാലത്ത് മാണിയുടെ നിത്യശത്രുവായിരുന്ന പി സി ജോര്‍ജ് പോലും മാണി സാര്‍ എന്ന് വിളിച്ചത് നാം കേട്ടു. പാലാ മെംബര്‍ എന്ന് മാത്രമാണ് പി സി മുമ്പ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

രാഷ്ട്രീയത്തില്‍ സര്‍ പദവിയുള്ള മാണി സാര്‍
X

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ 'സര്‍' പദവിയുള്ള ആദ്യത്തെതും ഒരുപക്ഷേ അവസാനത്തെയും രാഷ്ട്രീയ നേതാവായിരിക്കും കെ എം മാണി എന്ന മാണി സാര്‍. മുഖ്യമന്ത്രിക്കായാലും പ്രതിപക്ഷ നേതാവായാലും കക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും അദ്ദേഹം മാണി സാറാണ്. ബിജെപി നേതാക്കളും വിളിക്കുന്നത് മാണി സാര്‍ എന്നുതന്നെയാണ്. ഒരുകാലത്ത് മാണിയുടെ നിത്യശത്രുവായിരുന്ന പി സി ജോര്‍ജ് പോലും മാണി സാര്‍ എന്ന് വിളിച്ചത് നാം കേട്ടു. പാലാ മെംബര്‍ എന്ന് മാത്രമാണ് പി സി മുമ്പ് അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്തിന് രാഷ്ട്രപതിയായിരുന്ന അന്തരിച്ച കെ ആര്‍ നാരായണന്‍ പോലും മാണി സാര്‍ എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും മുദ്രവീണ സ്ഥാനപ്പേര്.


പക്ഷേ, 50 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തിന്റെ സായംകാലത്ത് ബിജുരമേശ് തുറന്നുവിട്ട കോഴയെന്ന 'ഭൂതം' അദ്ദേഹത്തിന്റെ മന്ത്രിപദവി തന്നെ തെറിപ്പിച്ചു. സര്‍ പദവി എങ്ങനെ വന്നു എന്ന് അന്വേഷിച്ചാല്‍ അതിലുമുണ്ട് ഒരു മാണി ടച്ച്. കാര്യസാധ്യത്തിന് ആരുചെന്നാലും അദ്ദേഹം ചോദിക്കുക, എന്തുകാര്യമാണ് ഈ മാണി സാര്‍ ചെയ്തുതരേണ്ടത് എന്നാണ്. അങ്ങനെ ആളുകളെക്കൊണ്ട് വിളിപ്പിച്ച് സര്‍ പദവി മാണിയോടൊപ്പം ചേര്‍ന്നു. രാഷ്ട്രീയഭേദമന്യ ഏവര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു മാണി. ഒരിക്കല്‍ പൊതുചടങ്ങില്‍വച്ച് ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു.

എന്നാല്‍, കേരള കോണ്‍ഗ്രസാണ് തന്റെ ജീവനെന്ന് പറഞ്ഞ് മാണി ആ ക്ഷണം നിരസിച്ചു. തരംപോലം വലത്തും ഇടത്തും ഒക്കെ മാണി ചാഞ്ഞിട്ടുണ്ട്. മാണിയുടെ തന്നെ അധ്വാനവര്‍ഗസിദ്ധാന്തത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയം ബിജെപിയോട് പോലും അയിത്തം കല്‍പ്പിച്ചിരുന്നില്ല, അത് പരസ്യമായ യാഥാര്‍ഥ്യമല്ലെങ്കില്‍കൂടി. അതുകൊണ്ടുതന്നെ മാണിക്ക് എല്ലാവരും മിത്രങ്ങളാണ്. ശത്രുക്കളില്ല. പക്ഷേ, ഒരു ബാര്‍കോഴയോടെ മിത്രങ്ങളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവരുകയും ശത്രുക്കള്‍ പെരുകിവരുന്നതും കേരളം കണ്ടു. രണ്ട് എംഎല്‍എമാരുടെ മാത്രം ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരവധി പ്രതിസന്ധികള്‍ മറികടന്നായിരുന്നു അധികാരത്തില്‍ തുടര്‍ന്നത്.

യുഡിഎഫിലെ ഘടകകക്ഷികളെ ഇക്കരെ ചാടിച്ച് സര്‍ക്കാരിനെ മറിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന തന്ത്രം. ഇതിനായി പാര്‍ട്ടി പ്രധാനമായും നോട്ടമിട്ടത് കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിനെയായിരുന്നു. സിപിഎം പാര്‍ട്ടി പ്ലീനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ തന്റെ അധ്വാനവര്‍ഗ സിദ്ധാന്തവുമായി മാണിയെത്തിയത് അത്തരം അഭ്യൂഹങ്ങള്‍ക്ക് ശക്തിവര്‍ധിപ്പിച്ചു. 2014ല്‍ കേരള കോണ്‍ഗ്രസ് അവരുടെ 50ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചപ്പോള്‍ 50 വര്‍ഷമായിട്ടും പാര്‍ട്ടിയ്‌ക്കൊരു മുഖ്യമന്ത്രി ഇല്ലാതെ പോയതിലുള്ള നിരാശ പാര്‍ട്ടി നേതാക്കള്‍ തന്നെ പങ്കുവച്ചു. മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തില്‍ ഇടതുനേതാക്കളില്‍നിന്നുണ്ടായ പ്രസ്താവനകള്‍ യുഡിഎഫ് മന്ത്രിസഭ നിലത്തുവീണേക്കാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെ ശക്തമാക്കി. ബിജെപിയും മാണിക്കുവേണ്ടി ചരടുവലികള്‍ നടത്തിയിട്ടുണ്ട്. ഒരിക്കല്‍ മാണിയെ പുകഴ്ത്തി ബിജെപി മുഖപത്രത്തില്‍ ലേഖനംവരെ പ്രസിദ്ധീകരിക്കുന്നതിലേക്ക് കാര്യങ്ങളെത്തി.

അഴിമതിക്കെതിരേ തുടങ്ങി; അഴിമതിയില്‍തന്നെ രാജിയും

അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ തന്റെ വരവ് പ്രഖ്യാപിച്ച നേതാവിന് അഴിമതിക്കേസില്‍ തന്നെ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരുന്നത് യാദൃശ്ചികം മാത്രം. 1965 ലാണ് കന്നി എംഎല്‍എയായി മാണി നിയസഭയിലെത്തിയത്. ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ പക്ഷേ അന്ന് സഭ കൂടിയില്ല. പ്രതിപക്ഷത്ത് അന്ന് കറുത്ത സ്യൂട്ട് കെയ്‌സുമായി എത്തിയിരുന്ന യുവാവ് ഭരണകക്ഷിക്ക് എന്നും ഭീഷണി തന്നെയായിരുന്നു. അക്കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന ബി വെല്ലിങ്ടണെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് അദ്ദേഹം ശ്രദ്ധാകേന്ദ്രമാകുന്നത്. ആരോപണം ഉന്നയിക്കുക മാത്രമല്ല അത് അന്വേഷിക്കാന്‍ നിയുക്തമായ വെലുപ്പിള്ള കമ്മീഷന്റെ മുന്നില്‍ കറുത്ത ഗൗണിട്ട് ഒരു അഭിഭാഷകനായി അദ്ദേഹം അവതരിച്ചു. സാക്ഷി മൊഴികളും രേഖകളും കൊണ്ട് ആരോപണം വാദിച്ച് തെളിയിച്ചിട്ടേ മാണി അടങ്ങിയുള്ളൂ. എന്നാല്‍, 50 വര്‍ഷം കഴിഞ്ഞ് ഒരു മദ്യമുതലാളിയുടെ മൊഴി മാണിയുടെ രാഷ്ട്രീയഭാവിക്ക് കരിനിഴല്‍ വീഴ്ത്തി. മുടിചൂടാമന്നനായി നിന്നിട്ടും ജനം ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മാണിയെ അഴിമതിക്കാരനായി മുദ്രകുത്തി. 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

കെ എം മാണിയെ വിടാതെ പിന്തുടരുന്ന ബാര്‍കോഴ വിവാദത്തിന്റെ ആരംഭം ഇവിടെയാണ്. പിന്നെ ഒന്നരവര്‍ഷത്തോളം കേരളരാഷ്ട്രീയം കണ്ടത് മാണിയെയും ബാര്‍കോഴയെയും ചൊല്ലിയുള്ള രാഷ്ട്രീയ പ്രത്യാരോപണങ്ങളും, നിയമനടപടികളും, സമരകാഹളങ്ങളുമാണ്. പതിമൂന്നാം നിയമസഭയുടെ നാലാം ബജറ്റ് സെക്ഷനെ യുദ്ധക്കളമാക്കി മാറ്റിയത് തന്നെ മാണിയുടെ രാജി സംബന്ധിച്ച വിവാദങ്ങളാണ്. ഒരു മന്ത്രിയുടെ രാജിയെ ഇത്രകാലം നീണ്ട വിവാദങ്ങള്‍ കേരള ചരിത്രത്തില്‍ ഇതിന് മുമ്പുണ്ടായിട്ടില്ല. കോട്ടം തട്ടിയ പ്രതിച്ഛായയുമായി അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയെയാണ് അദ്ദേഹം നേരിട്ടത്. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ബാര്‍കോഴയില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ യുഡിഎഫുമായി മാണി അകലാന്‍ തുടങ്ങി. മാണിയെ പ്രതിയാക്കി സംസ്ഥാന വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു.

കേരള ഹൈക്കോടതി കേസ് പരിഗണിക്കവെ നടത്തിയ 'മന്ത്രിസ്ഥാനത്ത് കെ എം മാണി തുടരുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്ന' പരാമര്‍ശം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ രാജിക്ക് സമ്മര്‍ദമേറി. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്നായിരുന്നു കോടതി പരാമര്‍ശം. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ക്ലിഫ് ഹൗസിലേക്ക് ദൂതന്‍മാര്‍ വഴി രാജിക്കത്ത് അയക്കുന്നതിന് മുമ്പ് നീതിന്യായ വ്യവസ്ഥയെ മാനിക്കുന്നതുകൊണ്ടുമാത്രം താന്‍ ഇതിനാല്‍ മന്ത്രി സ്ഥാനം ഒഴിയുന്നുവെന്നാണ് പാലായുടെ രാഷ്ട്രീയ കുലപതി വ്യക്തമാക്കിയത്.


Next Story

RELATED STORIES

Share it