Sub Lead

ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ ലോക്പാല്‍ അധ്യക്ഷന്‍

ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ ലോക്പാല്‍ അധ്യക്ഷന്‍
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോക്പാല്‍ അധ്യക്ഷനായി സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അജയ് മണിക്‌റാവു ഖാന്‍വില്‍കര്‍ നിയമിതനായി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ലോക്പാല്‍ ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് ജസ്റ്റിസ് ഖാന്‍വില്‍കറെ നിയമിച്ചത്. രാജ്യത്തിന്റെ രണ്ടാമത്തെ ലോക്പാല്‍ അധ്യക്ഷനാണ് ജസ്റ്റിസ് ഖാന്‍വില്‍കര്‍. 2022 മെയില്‍ പിനാകി ചന്ദ്ര ഘോസെ വിരമിച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ ജസ്റ്റിസ് ഖാന്‍വില്‍കര്‍ നിയമിതനായിരിക്കുന്നത്. ജാര്‍ഖണ്ഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് പ്രദീപ് കുമാര്‍ മൊഹന്തിയാണ് ആക്റ്റിങ് ചെയര്‍ പേഴ്‌സണായി ചുമതല വഹിച്ചിരുന്നത്. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയാണ് ജസ്റ്റിസ് ഖാന്‍വില്‍കറുടെ നാമനിര്‍ദേശത്തിന് അന്തിമാംഗീകാരം നല്‍കിയത്.

ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് ലിംഗപ്പ നാരായണ സ്വാമി, ജസ്റ്റിസ് സഞ്ജയ് യാദവ്, ജസ്റ്റിസ് റിതു രാജ് അവാസ്തി എന്നിവരെ ജുഡീഷ്യല്‍ അംഗങ്ങളായും സുശീല്‍ ചന്ദ്ര, പങ്കജ് കുമാര്‍, അജയ് തിര്‍കെ എന്നിവരെ നോണ്‍ ജുഡീഷ്യല്‍ അംഗങ്ങളായും രാഷ്ട്രപതി നിയമിച്ചു. സുശീല്‍ ചന്ദ്ര മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ജസ്റ്റിസ് അവാസ്തി നിലവില്‍ നിയമ കമ്മീഷന്‍ ചെയര്‍പേഴ്‌സണുമാണ്. ഈ നിയമനത്തോടെ ഒഴിവു വന്ന നിയമ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ പദവിയില്‍ പുതിയ ആളെ നിയമിക്കണം. പുതിയ അംഗങ്ങള്‍ ചുമതല ഏല്‍ക്കുന്നതോടെ നിയമനങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് രാഷ്ട്രപതി ഭവന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 2013 ലെ ലോകായുക്ത ആക്റ്റ് പ്രകാരമാണ് ലോക്പാല്‍ സംവിധാനം നിലവില്‍ വന്നത്. 70 വയസ്സോ അഞ്ചുവര്‍ഷമോ പൂര്‍ത്തിയാകുന്നതു വരെയാണ് അംഗങ്ങളുടെ കാലാവധി. 2016 മെയില്‍ സുപ്രിം കോടതി ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റിസ് ഖാന്‍വില്‍കര്‍ 2022 ജൂലൈയിലാണ് വിരമിച്ചത്.

Next Story

RELATED STORIES

Share it