Sub Lead

മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് നിയമവിരുദ്ധവും അലപനീയവും: എസ് ഡിപിഐ

മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് നിയമവിരുദ്ധവും അലപനീയവും: എസ് ഡിപിഐ
X

ന്യൂഡല്‍ഹി: യു.പിയിലെ ഹാഥ്‌റാസില്‍ സവര്‍ണരുടെ ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ്‌ചെയ്ത നടപടി നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് എസ് ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ്. യോഗീ ഭരണത്തില്‍ യുപി സ്വേച്ഛാധിപത്യത്തിന്റെ പ്രത്യക്ഷ ഉദാഹരണമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പോലീസിനെ ഉപയോഗിച്ച് കൈകാര്യം ചെയ്യുക, വിയോജന ശബ്ദങ്ങളെ തടയുക, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുക, നീതി തേടുന്നവരെ വ്യാജകേസുകള്‍ ചുമത്തി അറസ്റ്റുചെയ്ത് തടവിലാക്കുക തുടങ്ങിയ ജനാധിപത്യവിരുദ്ധ നടപടികള്‍ യു.പിയില്‍ തുടരുകയാണ്. ഹാഥ്‌റാസ് സംഭവത്തിലെ പ്രതിഷേധം യു.പി സ്വേച്ഛാധിപതിയെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഹാഥ്‌റാസില്‍ ക്രൂരമായ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ ദു:ഖാര്‍ത്തരായ കുടംബത്തെ സന്ദര്‍ശിക്കാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡെല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ട്രഷറര്‍ അതീക് ഉര്‍ റഹ്മാന്‍, സാമൂഹിക പ്രവര്‍ത്തകരായ മസൂദ് അഹമ്മദ്, ആലം എന്നിവരെ അറസ്റ്റുചെയ്ത നടപടി യു.പി സ്വേച്ഛാധിപതിയുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പുതിയതും എന്നാല്‍ അവസാനത്തേതുമല്ല.

സംശയാസ്പദമായ ചിലര്‍ ഡെല്‍ഹിയില്‍ നിന്ന് ഹാഥ്‌റാസിലേക്ക് പോവുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഈ യുവാക്കളെ തടഞ്ഞത് എന്നാണ് പോലീസ് വാദം. അവരുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, ചില സാഹിത്യങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും അവ സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. രാജ്യത്ത് നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതും സംഘപരിവാരത്തിന് പ്രത്യേകിച്ച് യോഗിയുടെ ഫാഷിസ്റ്റ് സര്‍ക്കാരിനു തലവേദന സൃഷ്ടിക്കുന്നതും ഈ വര്‍ഷം ആദ്യം നടന്ന പൗരത്വ പ്രക്ഷോഭങ്ങളില്‍ മുന്നില്‍ നിന്നതുമായ പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്.

യുവാക്കളുടെ അറസ്റ്റ് തന്റെ സംസ്ഥാനത്ത് നടക്കുന്ന അധാര്‍മ്മികതയും അതിക്രമങ്ങളും അരാജകത്വവും പുറം ലോകം അറിയുന്നതിനെ ഭയപ്പെടുന്ന യോഗിയുടെ ഭീരുത്വം തുറന്നുകാട്ടുന്നു. കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കുടുംബത്തിന്റെ ആവശ്യം പോലും പരിഗണിക്കാതെ വേഗത്തില്‍ സംസ്‌കരിച്ചതിലൂടെ സംഭവം മൂടിവെക്കാനും പ്രതികളെ രക്ഷിക്കാനുമാണ് യോഗി ശ്രമിച്ചത്. മൃഗീയമായ കൂട്ടമാനഭംഗവും കൊലപാതകവും രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് സൃഷ്ടിച്ചത്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ഹാഥ്‌റാസ് ഇരയുടെ വീട്ടിലേക്ക് പോകുകയായിരുന്ന പ്രതിപക്ഷ നേതാക്കളെ യു.പി പോലീസ് തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യോഗി മുഖം രക്ഷിക്കാന്‍ പാഴ്ശ്രമം നടത്തുകയാണ്.

അറസ്റ്റിലായ യുവാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും രാജ്യദ്രോഹവുമായി ബന്ധപ്പെടുത്തി യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനുള്ള യു.പി സര്‍ക്കാരിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്നും അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it