Sub Lead

ജെഎന്‍യു സംഘര്‍ഷം: പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാരെന്ന് മുന്‍ നേതാക്കള്‍

രോഹിത് വെമുലയുടെ മരണത്തില്‍ എബിവിപിക്ക് അനുകൂലമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങളെ നിരവധി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സംഘടന നിര്‍ബന്ധിച്ചിരുന്നു

ജെഎന്‍യു സംഘര്‍ഷം: പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാരെന്ന് മുന്‍ നേതാക്കള്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളില്‍ ഏറെ ചര്‍ച്ച വിവാദമാവുകയും ചെയ്യപ്പെടുകയും ചെയ്ത ജെഎന്‍യുവിലെ പാക് അനുകൂല മുദ്രാവാക്യം വിളിക്കു പിന്നില്‍ ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ പ്രവര്‍ത്തകരാണെന്നു വെളിപ്പെടുത്തല്‍. രോഹിത് വെമുലയുടെ മരണത്തില്‍ നിന്നു ജനശ്രദ്ധ തിരിക്കാനായിരുന്നു എബിവിപിയുടെ ശ്രമമെന്നും മുന്‍ എബിവിപി നേതാക്കള്‍ വെളിപ്പെടുത്തി. സംഭവസമയം ജെഎന്‍യുവിലെ എബിവിപി യൂനിറ്റ് വൈസ് പ്രസിഡന്റായിരുന്ന ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാള്‍ എന്നിവരാണ് സത്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.

2016 ഫെബ്രുവരി 9നാണ് ജെഎന്‍യുവില്‍ പാകിസ്താന്‍ അനുകൂലവും ഇന്ത്യാ വിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചത്. ന്യൂസ് ചാനലുകളില്‍ പ്രചരിച്ച വീഡിയോയില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് എബിവിപി പ്രവര്‍ത്തകരും അനുകൂലികളുമാണ്. പ്രകടനത്തില്‍ നുഴഞ്ഞു കയറിയ എബിവിപി പ്രവര്‍ത്തകരാണ് ഇവരെന്നും അവര്‍ പറഞ്ഞു. 'ഞാനും ജതിനും ദളിതരാണ്. രോഹിത് വെമുലയുടെ മരണത്തില്‍ എബിവിപിക്ക് അനുകൂലമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങളെ നിരവധി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സംഘടന നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ രോഹിത് വെമുലയെ അവര്‍ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാല്‍ ഞങ്ങള്‍ വിസമ്മതിച്ചു. ഫെബ്രുവരി 9 ന് നടന്ന സംഭവം രോഹിത് വെമുലയുടെ മരണത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗമായി അവര്‍ കാണുകയായിരുന്നുവെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി 9ന് നടക്കുന്ന പരിപാടിയില്‍ എങ്ങനെ സംഘര്‍ഷം ഉണ്ടാക്കാമെന്ന് ജെഎന്‍യു എബിവിപി വാട്‌സാപ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇവര്‍ പറഞ്ഞു. അതേസമയം, രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയെന്ന് ആരോപിച്ച് ജെഎന്‍യുവിലെ ഇടതു വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരടക്കം 10 വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് നിര്‍ണായ വെളിപ്പെടുത്തല്‍. ഇവരെ കൂടാതെ കേസെടുത്ത ബാക്കി ഏഴ് വിദ്യാര്‍ത്ഥികള്‍ കശ്മീരികളായിരുന്നു. അതേസമയം, വിവാദമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരും വാര്‍ത്താസമ്മേളനം നടത്തിയതെന്ന് എബിവിപിയുടെ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ്മ ആരോപിച്ചു.




Next Story

RELATED STORIES

Share it