Sub Lead

ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് എബിവിപി; വെളിപ്പെടുത്തിയത് മുന്‍ നേതാക്കള്‍

ജെഎന്‍യു എബിവിപി യൂണിറ്റ് മുന്‍ വൈസ് പ്രസിഡന്റ് ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രതീപ് നര്‍വാള്‍ എന്നിവരാണു ക്യാംപസില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരും അനുഭാവികളുമാണെന്നു വ്യക്തമാക്കിയത്.

ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് എബിവിപി; വെളിപ്പെടുത്തിയത് മുന്‍ നേതാക്കള്‍
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് എബിവിപി പ്രവര്‍ത്തകര്‍. കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും ഡല്‍ഹി പോലിസിനെയും വെട്ടിലാക്കി എബിവിപി മുന്‍ നേതാക്കള്‍ തന്നെയാണ് സംഭവം പുറത്തുവിട്ടത്. ജെഎന്‍യു എബിവിപി യൂണിറ്റ് മുന്‍ വൈസ് പ്രസിഡന്റ് ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രതീപ് നര്‍വാള്‍ എന്നിവരാണു ക്യാംപസില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരും അനുഭാവികളുമാണെന്നു വ്യക്തമാക്കിയത്.

മുന്‍ യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങി 10 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണു പുതിയ വെളിപ്പെടുത്തല്‍. ദലിത് വിദ്യാര്‍ഥി നേതാവ് രോഹിത് വെമൂലയുടെ മരണത്തിനു ലഭിച്ച മാധ്യമശ്രദ്ധ വഴിതിരിച്ചു വിടാനാണു രാജ്യദ്രോഹ വിവാദം എബിവിപി ഉണ്ടാക്കിയതെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും എബിവിപി പ്രവര്‍ത്തകര്‍ കാംപസില്‍ നടന്ന പരിപാടിയില്‍ കടന്നുകൂടിയിരുന്നെന്നുമുള്ള കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങിയവരുടെ വാദം ശരിവയ്ക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട ചില വീഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു.

2016 ഫെബ്രുവരി 9ന് ജെഎന്‍യു ക്യാംപസിലെ അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാണു പരാതി. 3 വര്‍ഷത്തിനു ശേഷം തിങ്കളാഴ്ചയാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജെഎന്‍യു സംഭവത്തിന് ഒരു മാസം മുന്‍പു 2016 ജനുവരിയിലാണു ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ രോഹിത് വെമൂല ജീവനൊടുക്കിയത്. സംഭവത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയരായിരിക്കെയായിരുന്നു ജെഎന്‍യു വിവാദം. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് അങ്ങിനെയൊരു തന്ത്രം പയറ്റിയതെന്നാണ് ഇപ്പോള്‍ പഴയ നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it