Sub Lead

പൊതുസുരക്ഷാ നിയമ പ്രകാരം യുപിയിലെ ജയിലിലടച്ച കശ്മീരി മരിച്ചു

വടക്കന്‍ കശ്മീരിലെ ഹന്ദ്വാര ജില്ലയിലെ കുലങ്കം നിവാസിയായ ഗുലാം മുഹമ്മദ് ഭട്ടാണ് അലഹാബാദ് ജയിലില്‍ മരിച്ചത്.

പൊതുസുരക്ഷാ നിയമ പ്രകാരം യുപിയിലെ ജയിലിലടച്ച കശ്മീരി മരിച്ചു
X

ശ്രീനഗര്‍: പൊതുസുരക്ഷാ നിയമപ്രകാരം (പിഎസ്എ) ഉത്തര്‍ പ്രദേശിലെ ജയിലിടച്ച ജമാഅത്തെ ഇസ്‌ലാമി കശ്മീര്‍ പ്രവര്‍ത്തകനായ അറുപത്തിയഞ്ചുകാരന്‍ മരിച്ചു.വടക്കന്‍ കശ്മീരിലെ ഹന്ദ്വാര ജില്ലയിലെ കുലങ്കം നിവാസിയായ ഗുലാം മുഹമ്മദ് ഭട്ടാണ് അലഹാബാദ് ജയിലില്‍ മരിച്ചത്.

ആഗസ്ത് അഞ്ചിന് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 360 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് നൂറുകണക്കിന് കശ്മീരികളെയാണ് പിഎസ്എ പ്രകാരം രാജ്യത്തെ വിവിധ ജയിലുകളില്‍ തടവിലാക്കിയത്.

കശ്മീരില്‍ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവര്‍ത്തകനായ ഗുലാം മുഹമ്മദ് ഭട്ടിന്റെ തടങ്കല്‍ വരുന്ന ജനുവരി 9ന് അവസാനിക്കാനിരിക്കെയാണ് മരണം. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹം അലഹബാദിലെ നൈനി സെന്‍ട്രല്‍ ജയിലില്‍ ശനിയാഴ്ച വൈകീട്ടാണ് മരിച്ചത്.

വിമാന മാര്‍ഗം ശ്രീനഗറിലെത്തിച്ച മൃതദേഹം സംസ്‌കാരത്തിനായി കുടുംബത്തിന് കൈമാറി. യുഎപിഎ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി ഇദ്ദേഹത്തിനെതിരെ രണ്ട് കേസുകള്‍ എടുത്തിരുന്നു. 2016ലെ ഒരു കേസും ഇതില്‍ ഉള്‍പ്പെടുന്നു.

കശ്മീരിന് പുറത്തുള്ള ജയിലില്‍ വച്ച് മരണമടഞ്ഞ ആദ്യത്തെ രാഷ്ട്രീയ തടവുകാരനാണ് ഗുലാം മുഹമ്മദ് ഭട്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കൈകളില്‍ ഇതിന്റെ രക്തക്കറ പുരണ്ടിട്ടുണ്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കാണെന്നും മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ഔദ്യോഗിക ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന മകള്‍ ഇല്‍ത്തിജ ട്വീറ്റ് ചെയ്തു.

പിഎസ്എ പ്രകാരം 300ഓളം രാഷ്ട്രീയ തടവുകാരെയാണ് ആഗസ്ത് അഞ്ചിന് കശ്മീരില്‍ നിന്നും മാറ്റി ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭയിലെ സിറ്റിങ് അംഗവും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെയും പിഎസ്എ പ്രകാരം സ്വന്തം വസതിയില്‍ പാര്‍പ്പിച്ചിരിക്കുന്നു. കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം ആഗസ്ത് അഞ്ചു മുതല്‍ തടങ്കലിലാണ്.

Next Story

RELATED STORIES

Share it