Sub Lead

ജയ് ശ്രീറാം കൊലവിളിയായി മാറുന്നു; മോദിക്ക് ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധ കത്ത്

റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടതുണ്ടെന്നും 23ാം തീയതി അയച്ച തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു.

ജയ് ശ്രീറാം കൊലവിളിയായി മാറുന്നു; മോദിക്ക് ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധ കത്ത്
X

ന്യൂഡല്‍ഹി: ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ 49 പ്രമുഖര്‍ കത്തയച്ചു. രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ സംവിധായകരും അഭിനേതാക്കളുമായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, കങ്കണാ സെന്‍ ശര്‍മ, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍, രേവതി, ശ്യാം ബെനഗല്‍, ശുഭ മുദ്‌ഗൈ, രൂപം ഇസ്‌ലാം, അനുപം റോയ്, ഋദി സെന്‍ അടക്കമുള്ളവരാണ് കത്തില്‍ ഒപ്പുവെച്ചത്.

റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടതുണ്ടെന്നും 23ാം തീയതി അയച്ച തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു.

മുസ്‌ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. 2016ല്‍ ദലിതുകള്‍ക്ക് നേരെ മാത്രം 840 അതിക്രമങ്ങള്‍ ഉണ്ടായെന്ന നാഷണല്‍ െ്രെകം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ചില ആക്രമണങ്ങളെ കുറിച്ച് താങ്കള്‍ പാര്‍ലമെന്റില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. അക്രമികള്‍ക്കെതിരെ എന്ത് നടപടിയാണ് താങ്കള്‍ സ്വീകരിച്ചതെന്നും കത്തില്‍ ചോദിക്കുന്നു.

2009 ജനുവരി ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ 29 വരേ 254 മതാടിസ്ഥാനത്തിലുള്ള ആക്രമണങ്ങള്‍ നടന്നു. 91 പേര്‍ കൊല്ലപ്പെട്ട ആക്രമണങ്ങളില്‍ 579 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ ജനസംഖ്യയില്‍ 14 ശതമാനമുള്ള മുസ് ലിം ജനവിഭാഗമാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിന് ഇരകളായത്. 62 ശതമാനം കേസുകളിലും മുസ്‌ലിംകളാണ് ഇരകള്‍.

ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളില്‍ അതിയായ ഉത്കണ്ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നു. ജാതി, മത, വര്‍ഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it