Sub Lead

ഗസ പിടിച്ചെടുക്കാനോ തുടരാനോ താല്‍പര്യമില്ല; ബൈഡന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇസ്രായേല്‍

ഗസ പിടിച്ചെടുക്കാനോ തുടരാനോ താല്‍പര്യമില്ല; ബൈഡന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇസ്രായേല്‍
X

ടെല്‍അവീവ്: ഗസ അധിനിവേശം ഇസ്രായേലിന് വന്‍ അബദ്ധമാവുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന് മറുപടിയുമായി യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ രംഗത്ത്. ഗസ പിടിച്ചെടുക്കാനോ അവിടെ തുടരാനോ തന്റെ രാജ്യത്തിന് താല്‍പര്യമില്ലെന്നും എന്നാല്‍ ജനസാന്ദ്രതയുള്ള തീരപ്രദേശത്തെ നിയന്ത്രിക്കുന്ന ഹമാസിനെ ഇല്ലാതാക്കാന്‍ 'ആവശ്യമുള്ളതെല്ലാം' ചെയ്യുമെന്നും ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. കരയുദ്ധത്തിന് ഇസ്രായേല്‍ തയ്യാറെടുക്കുകയാണെന്ന റിപോര്‍ട്ടുകള്‍ക്കിടെയുണ്ടായ ജോ ബൈഡന്‍ പരാമര്‍ശം വന്‍ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഇതോടെയാണ് ഇസ്രായേല്‍ മറുപടിയുമായി രംഗത്തെത്തിയത്. 'ഞങ്ങള്‍ക്ക് ഗസ പിടിച്ചെടുക്കാനോ ഗസയില്‍ തുടരാനോ താല്‍പര്യമില്ല,ഞങ്ങളുടെ നിലനില്‍പ്പിനു വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. പ്രസിഡന്റ് ബൈഡന്‍ തന്നെ നിര്‍വചിച്ചതുപോലെ ഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ഏകമാര്‍ഗം. അവരുടെ ശക്തി ഇല്ലാതാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ഹമാസിനെ ഇല്ലായ്മ ചെയ്താല്‍ ഗസ മുനമ്പില്‍ ആരാണ് ഭരിക്കേണ്ടതെന്ന ചോദ്യത്തിന് അദ്ദേഹം ഒഴിഞ്ഞുമാറി. യുദ്ധത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നില്ലെന്നായിരുന്നു എര്‍ദാന്റെ മറുപടി. സിബിഎസ് ന്യൂസ് ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ഇസ്രായേല്‍ ഗസ പിടിച്ചെടുക്കുന്നത് വലിയ അബദ്ധമാവുമെന്ന് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതിനു മറുപടിയെന്നോണം ഞായറാഴ്ച സിഎന്‍എന്നിനോട് സംസാരിച്ച യുഎസിലെ ഇസ്രായേല്‍ അംബാസഡര്‍ മൈക്കല്‍ ഹെര്‍സോഗും ഇതേ രീതിയിലാണ് മറുപടി നല്‍കിയത്. ഗസ പിടിച്ചെടുക്കാനോ വീണ്ടും കൈവശപ്പെടുത്താനോ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. രണ്ടു ദശലക്ഷത്തിലധികം ഫലസ്തീനികളുടെ ജീവിതം ഭരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ലെന്നായിരുന്നു ഹെര്‍സോഗിന്റെ പരാമര്‍ശം.

Next Story

RELATED STORIES

Share it