Sub Lead

മസ്ജിദ് ആക്രമണത്തിന് പിന്നില്‍ ഇസ്ലാം വിരോധം; പ്രതിഷേധിച്ച് ലോകനേതാക്കള്‍

ഇസ്ലാമിനെതിരേ വളര്‍ന്നുവരുന്ന ശത്രുതാ മനോഭാവത്തെ ലോകം നിസ്സംഗതയോടെ നോക്കിനില്‍ക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

മസ്ജിദ് ആക്രമണത്തിന് പിന്നില്‍ ഇസ്ലാം വിരോധം; പ്രതിഷേധിച്ച് ലോകനേതാക്കള്‍
X

ഇസ്തംബൂള്‍: ന്യൂസിലന്റിലെ രണ്ട് മസ്ജിദുകളില്‍ ജുമുഅ പ്രാര്‍ഥനയ്ക്കിടെയുണ്ടായ വെടിവയ്പ്പിനെ ലോക നേതാക്കള്‍ ശക്തമായി അപലപിച്ചു. സംഭവത്തില്‍ 49 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെതിരേ വളര്‍ന്നുവരുന്ന ശത്രുതാ മനോഭാവത്തെ ലോകം നിസ്സംഗതയോടെ നോക്കിനില്‍ക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

ആ ആക്രമണത്തോടെ ലോകം നിസ്സംഗതയോടെ നോക്കി നില്‍ക്കുന്ന ഇസ്ലാം വിരോധം വ്യക്തികള്‍ക്കു നേരെയുള്ള ആക്രമണത്തില്‍ നിന്ന് കൂട്ടക്കൊലയിലേക്ക് വളര്‍ന്നിരിക്കുകയാണ്- മുന്‍ തുര്‍ക്കി മന്ത്രിയുടെ സംസ്‌കാര ചടങ്ങിനിടെ ഉര്‍ദുഗാന്‍ പറഞ്ഞു. പടിഞ്ഞാറന്‍ സമൂഹത്തില്‍ കാന്‍സര്‍ പോലെ പടരുന്ന മനോഭാവമാണ് കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാംപേടിയുമായി ബന്ധപ്പെട്ട ഫാഷിസ്റ്റ് ഭീകരാക്രമണം അവസാനിപ്പിക്കുന്നതിന് ലോകം ശബ്ദമുയര്‍ത്തണമെന്ന് ഉര്‍ദുഗാന്റെ വക്താവ് ഇബ്‌റാഹിം കാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇരകളോടും അവരുടെ കുടുംബത്തോടും അനുശോചനമറിയിക്കുന്നതായി ഇന്തോനീസ്യന്‍ വിദേശകാര്യ മന്ത്രി റെറ്റ്‌നോ മര്‍സൂദി പറഞ്ഞു. ആക്രമണത്തില്‍ ചില ഇന്തോനീസ്യക്കാര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടുണ്ടായിരുന്നു. മാനുഷിക മൂല്യങ്ങള്‍ക്കെതിരായ ആക്രമണമാണ് നടന്നതെന്ന് മലേസ്യന്‍ ഭരണകക്ഷി നേതാവ് അന്‍വര്‍ ഇബ്‌റാഹിം പ്രതികരിച്ചു.

വംശീയ വെറുപ്പിനെ തുടര്‍ന്ന് ന്യൂസിലന്റിലെ മസ്ജിദില്‍ നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ അപലപിച്ചു. ഇത്തരം ഭീകരാക്രമണങ്ങള്‍ക്കെതിരേ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

സംഭവത്തില്‍ മൂന്ന് അഫ്ഗാന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായി ന്യൂസിലന്റിലെ അഫ്ഗാന്‍ അംബാസഡര്‍ വഹീദുല്ല വൈസി പറഞ്ഞു. 2001 സപ്തംബര്‍ 11ലെ ആക്രമണത്തിന് ശേഷം വളര്‍ന്നുവരുന്ന ഇസ്ലാംഭീതിയാണ് സംഭവത്തിന് പിന്നിലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ആരോപിച്ചു. ദുരന്തത്തില്‍ രാജ്യം ന്യൂസിലന്റിനൊപ്പം നില്‍ക്കുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it