Sub Lead

യുക്രെയ്‌നിലെ അധിനിവേശം നിര്‍ത്തിവയ്ക്കണം; റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി

യുക്രെയ്‌നിലെ അധിനിവേശം നിര്‍ത്തിവയ്ക്കണം; റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി
X

ഹേഗ്: യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം മൂന്നാഴ്ച കടന്നിരിക്കവെ നിര്‍ണായക ഇടപെടലുമായി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി. ഫെബ്രുവരി 24 മുതല്‍ യുക്രെയ്‌നില്‍ ആരംഭിച്ച സൈനിക നടപടികള്‍ റഷ്യ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. റഷ്യന്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും ഉത്തരവില്‍ പറയുന്നു. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നുവെന്ന യുക്രെയ്‌ന്റെ പരാതിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി.

യുക്രെയ്ന്‍ സമ്പൂര്‍ണ വിജയമാണ് നേടിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം റഷ്യ ഉത്തരവ് അനുസരിക്കാന്‍ തയ്യാറാവണം. ഉത്തരവ് അവഗണിക്കുന്നത് റഷ്യയെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നും സെലന്‍സ്‌കി പറഞ്ഞു. അതേസമയം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികള്‍ റഷ്യയ്ക്കും ബാധ്യസ്ഥമാണെങ്കിലും അവര്‍ പാലിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. 'ലോക കോടതി' എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയായ ഐസിജെയുടെ തീരുമാനം ഹേഗിലെ പീസ് പാലസില്‍ വായിക്കും.

റിപോര്‍ട്ടുകള്‍ പ്രകാരം റഷ്യന്‍, ചൈനീസ് ജഡ്ജിമാര്‍ മാത്രമാണ് വിധിയോട് വിയോജിച്ചത്. ഫെബ്രുവരി 24 ന് യുക്രെയ്‌നില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു അന്താരാഷ്ട്ര കോടതി പുറപ്പെടുവിക്കുന്ന ആദ്യ വിധിയാണിത്. ഈ മാസം ആദ്യം നടന്ന ഐസിജെയുടെ വാദം റഷ്യ ബഹിഷ്‌കരിച്ചിരുന്നു. രേഖാമൂലമുള്ള വിശദീകരണത്തില്‍ കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ 'അധികാരപരിധി ഇല്ല' എന്ന് റഷ്യ വാദിച്ചു. കാരണം യുക്രെയ്‌നിന്റെ അഭ്യര്‍ഥന 1948 ലെ യുഎന്‍ വംശഹത്യ കണ്‍വന്‍ഷന്റെ പരിധിക്ക് പുറത്താണ്.

റഷ്യ 'സ്വയം പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു' എന്നാണ് യുക്രെയ്‌നിലെ അധിനിവേശത്തെ ന്യായീകരിക്കാന്‍ അവര്‍ പറഞ്ഞ വാദം. അതിനിടെ, സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം അഭ്യര്‍ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി രംഗത്തുവന്നു. അമേരിക്കന്‍ കോണ്‍ഗ്രസിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യവേയാണ് സെലന്‍സ്‌കി സഹായാഭ്യര്‍ഥന നടത്തിയത്.

Next Story

RELATED STORIES

Share it