Sub Lead

'എനിക്ക് തോന്നുമ്പോള്‍ രാജ്യസഭയില്‍ പോവും'; രഞ്ജന്‍ ഗോഗോയിയുടെ പരാമര്‍ശം പാര്‍ലമെന്റിനെ അപമാനിക്കുന്നത്- ജയറാം രമേശ്

എനിക്ക് തോന്നുമ്പോള്‍ രാജ്യസഭയില്‍ പോവും; രഞ്ജന്‍ ഗോഗോയിയുടെ പരാമര്‍ശം പാര്‍ലമെന്റിനെ അപമാനിക്കുന്നത്- ജയറാം രമേശ്
X

ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ദേശീയമാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്യസഭയിലെ ഹാജര്‍ കുറവിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗൊഗോയ് നല്‍കിയ മറുപടിയാണ് വിവാദമായത്. 'തനിക്ക് തോന്നുമ്പോള്‍ രാജ്യസഭയില്‍ പോവും' എന്നായിരുന്നു ഗോഗോയിയുടെ പ്രതികരണം. ഗോഗോയിയുടെ പരാമര്‍ശം പാര്‍ലമെന്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. 'എനിക്ക് തോന്നുമ്പോഴെല്ലാം ഞാന്‍ രാജ്യസഭയില്‍ പോവും. പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ സംസാരിക്കും' ജസ്റ്റിസ് ഗോഗോയ് പറഞ്ഞു.

എന്നാല്‍, വായില്‍ വരുന്നത് സംസാരിക്കാനുള്ള വേദിയല്ല പാര്‍ലമെന്റ് എന്ന് ജയറാം രമേശ് തിരിച്ചടിച്ചു. 'ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തനിക്ക് തോന്നുമ്പോള്‍ രാജ്യസഭയില്‍ പങ്കെടുക്കുമെന്ന് പറയുന്നത് അസാധാരണവും യഥാര്‍ഥത്തില്‍ പാര്‍ലമെന്റിന് അപമാനവുമാണ്. പാര്‍ലമെന്റ് എന്നത് സംസാരിക്കാന്‍ മാത്രമല്ല, കേള്‍ക്കാനും കൂടിയാണ്-' രമേശ് ട്വീറ്റ് ചെയ്തു. കൊവിഡ് മഹാമാകിയും തന്റെ ഹാജര്‍ കുറവിന് കാരണമായി ഗൊഗോയ് ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ സെഷനുകളില്‍ കൊവിഡ് കാരണം ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം സെഷനില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് പാര്‍ലമെന്റിന് കത്ത് നല്‍കിയിട്ടുണ്ടെന്ന വസ്തുത നിങ്ങള്‍ അവഗണിക്കുന്നു- ഗോഗോയ് അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രാജ്യസഭയില്‍ അംഗമായതിന് ശേഷം ജസ്റ്റിസ് ഗൊഗോയിയുടെ ഹാജര്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണെന്ന് വ്യക്തമാക്കുന്ന പാര്‍ലമെന്റ് രേഖകള്‍ പുറത്തുവന്നിരുന്നു. സുപ്രിംകോടതിയില്‍നിന്ന് വിരമിച്ച് നാല് മാസത്തിന് ശേഷം രാജ്യസഭയില്‍ ചേരാനുള്ള തന്റെ തീരുമാനത്തെ ജസ്റ്റിസ് ഗൊഗോയ് തന്റെ ആത്മകഥയില്‍ ന്യായീകരിച്ചിരുന്നു. ഇത് വ്യാപകമായ വിമര്‍ശനത്തിന് വിധേയമായി. താന്‍ ഉള്‍പ്പെടുന്ന ജുഡീഷ്യറിയും വടക്കുകിഴക്കന്‍ മേഖലയുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ താല്‍പര്യമുള്ളതിനാല്‍ സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ ഒരു മടിയും കൂടാതെ അത് സ്വീകരിച്ചതായാണ് ഗോഗോയ് ആത്മകഥയില്‍ വിശദീകരിക്കുന്നത്.

Next Story

RELATED STORIES

Share it