Sub Lead

മോദി ഭരണത്തില്‍ ഭാവി ആശങ്കപ്പെട്ട് മുസ്‌ലിംകള്‍: റിപോര്‍ട്ടുമായി ബിബിസി

ഒമ്പതുവയസ്സുകാരി വിദ്വേഷത്തിന്റെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ട കത്വ പീഡനം, ബീഫ് കൈവശം വച്ചതിന് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് വധം, അസമില്‍ പൗരത്വ രജിസ്റ്റര്‍ ഇല്ലാത്ത മുസ്‌ലിംകളെ രാജ്യത്തില്‍ നിന്ന് പുറത്താക്കുമെന്ന പ്രഖ്യാപനം തുടങ്ങിയവയൊക്കെ രാജ്യത്തെ മുസ് ലിംകളുടെ ഭീതി വര്‍ധിക്കാന്‍ ഇടയാക്കിയ പ്രധാന സംഭവങ്ങളായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മോദി ഭരണത്തില്‍ ഭാവി ആശങ്കപ്പെട്ട് മുസ്‌ലിംകള്‍: റിപോര്‍ട്ടുമായി ബിബിസി
X

ന്യൂഡല്‍ഹി: വിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിച്ച മോദി ഭരണത്തില്‍ ഭാവി ആശങ്കപ്പെട്ട് കഴിയുകയാണ് ഇന്ത്യയിലെ മുസ്‌ലിംകളെന്ന് ബിബിസി റിപോര്‍ട്ട്. ബിജെപിക്ക് കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാം വിധം അസഹിഷ്ണുത നിറഞ്ഞതാവുന്നതാണ് ഭീതി നിഴലിക്കാന്‍ കാരണമായി റിപോര്‍ട്ട് പറയുന്നത്. ഇന്ത്യയിലെ ചില മുസ്‌ലിംകളുടെ അനുഭവം പങ്കുവച്ചാണ് ബിബിസി ഇക്കാര്യം വിശദീകരിക്കുന്നത്. അവസാനമായി അസമിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനത്തുള്ള ഷൗക്കത്ത് അലി എന്ന ഹോട്ടല്‍ കച്ചവടക്കാരന് നേരിടേണ്ടിവന്ന അനുഭവമാണ് റിപോര്‍ട്ടിലെ മുഖ്യവിഷയം.

ഷൗക്കത്തിനെ ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും ചളിയില്‍ മുട്ടികുത്തി ഇരിപ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. 'നിങ്ങള്‍ ബംഗ്ലാദേശിയാണോ?' എന്ന് ചോദിച്ചായിരുന്നു ആക്രമണം. 'നിങ്ങള്‍ എന്തിനാണ് ഇവിടെ ബീഫ് വില്‍ക്കുന്നത്?' എന്നും അവര്‍ ചോദിച്ചു. ഇതുകണ്ട് കൂടിയ ആള്‍ക്കൂട്ടം ഷൗക്കത്തിനെ സഹായിക്കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ജോലി വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷൗക്കത്ത്. ആക്രമണം നടന്ന് ഒരുമാസത്തിനിപ്പുറവും ഷൗക്കത്തിന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 'ഒരു വടിയെടുത്താണ് അവരെന്നെ അടിച്ചത്. അവര്‍ മുഖത്ത് ചവിട്ടി' അദ്ദേഹം ഓര്‍ക്കുന്നു. ഷൗക്കത്തിന്റെ ചെറിയ കടയില്‍ നിന്നും ബീഫ് കറി

വിളമ്പി നല്‍കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇതുവരെ അവര്‍ക്ക് ഇത്തരമൊരു ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. ബീഫ് വില്‍ക്കുന്നത് നിരോധിച്ചിട്ടില്ലാത്ത അസമിലാണ് ഇത്തരമൊരു അനുഭവം. തനിക്ക് ജീവിച്ചിരിക്കാന്‍ തോന്നുന്നില്ല. ഇത് തന്റെ വിശ്വാസത്തിനു നേരെയുള്ള ആക്രമണമാണ്. ഷൗക്കത്ത് പറയുന്നു.

2015 മെയ് മാസത്തിനും 2018 ഡിസംബറിനും ഇടയില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട 44 പേരില്‍ 36 പേരും മുസ്‌ലിംകളാണെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ 2019 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതേകാലത്ത് രാജ്യമെമ്പാടുമുണ്ടായ 100ലേറെ അക്രമ സംഭവങ്ങളില്‍ 280 മുസ്‌ലിംകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.മുസ്‌ലിംകള്‍ക്കു പുറമെ മറ്റു ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരേയും അതിക്രമങ്ങള്‍ ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടിലുണ്ട്.

ഒമ്പതുവയസ്സുകാരി വിദ്വേഷത്തിന്റെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ട കത്വ പീഡനം, ബീഫ് കൈവശം വച്ചതിന് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് വധം, അസമില്‍ പൗരത്വ രജിസ്റ്റര്‍ ഇല്ലാത്ത മുസ്‌ലിംകളെ രാജ്യത്തില്‍ നിന്ന് പുറത്താക്കുമെന്ന പ്രഖ്യാപനം തുടങ്ങിയവയൊക്കെ രാജ്യത്തെ മുസ് ലിംകളുടെ ഭീതി വര്‍ധിക്കാന്‍ ഇടയാക്കിയ പ്രധാന സംഭവങ്ങളായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിബിസിയുടെ ലേഖിക രജിനി വൈദ്യനാഥന്‍ തയ്യാറാക്കിയതാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it