Sub Lead

അഭിനന്ദന്റെ കൈമാറ്റം വൈകുന്നു; ആകാംക്ഷയോടെ വാഗ അതിര്‍ത്തി

പാക് സൈനിക വാഹനത്തിലാണ് അഭിനന്ദനെ വൈകുന്നേരത്തോടെ അതിര്‍ത്തിയിലെത്തിച്ചത്. വാഗാ അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സൈനികര്‍ ദിവസവും നടത്താറുള്ള പതാക താഴ്്ത്തല്‍ ചടങ്ങ് ജനക്കൂട്ടത്തെ ഒഴിവാക്കാന്‍ വേണ്ടി ഇന്ന് റദ്ദാക്കിയിരുന്നു. വൈദ്യപരിശോധന പൂര്‍ത്തിയാക്കി അഭിനന്ദനെ ഡല്‍ഹിയിലേക്കു കൊണ്ടുപോകുമെന്നാണു റിപോര്‍ട്ട്.

അഭിനന്ദന്റെ കൈമാറ്റം വൈകുന്നു; ആകാംക്ഷയോടെ വാഗ അതിര്‍ത്തി
X

ന്യൂഡല്‍ഹി: പാകിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ കൈമാറ്റം വൈകുന്നു. അട്ടാരി-വാഗ അതിര്‍ത്തിയില്‍ വൈകീട്ട് ആറ് മണിയോടെ അഭിനന്ദനെ കൈമാറുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. നടപടിക്രമങ്ങളിലെ താമസമാണ് കൈമാറ്റം വൈകാന്‍ കാരണമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പാക് സൈനിക വാഹനത്തിലാണ് അഭിനന്ദനെ വൈകുന്നേരത്തോടെ അതിര്‍ത്തിയിലെത്തിച്ചത്. വാഗാ അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സൈനികര്‍ ദിവസവും നടത്താറുള്ള പതാക താഴ്്ത്തല്‍ ചടങ്ങ് ജനക്കൂട്ടത്തെ ഒഴിവാക്കാന്‍ വേണ്ടി ഇന്ന് റദ്ദാക്കിയിരുന്നു. വൈദ്യപരിശോധന പൂര്‍ത്തിയാക്കി അഭിനന്ദനെ ഡല്‍ഹിയിലേക്കു കൊണ്ടുപോകുമെന്നാണു റിപോര്‍ട്ട്.

സമാധാന സന്ദേശത്തിന്റെ ഭാഗമായി അഭിനന്ദനെ ഇന്ത്യക്ക് കൈമാറുമെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രഖ്യാപിച്ച ഉടനെ തന്നെ, അഭിനന്ദനെ നേരിട്ട് ഡല്‍ഹിയില്‍ എത്തിക്കുന്നതിന് വ്യോമസേനാ കോപ്റ്റര്‍ അയക്കാന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ എത്തിച്ച് വിവരങ്ങള്‍ തിരക്കുകയും പരിക്കുകള്‍ ഭേദമാക്കുന്നതിന് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍, ഇന്ത്യയുടെ ഈ ആവശ്യം പാകിസ്താന്‍ തള്ളി. വാഗ-അട്ടാരി അതിര്‍ത്തിയില്‍ അഭിനന്ദനെ കൈമാറാമെന്ന് വ്യാഴാഴ്ച്ച രാത്രിയോടെ പാകിസ്താന്‍ അറിയിക്കുകയായിരുന്നു.

വിങ് കമാന്‍ഡര്‍ അഭിന്ദനെ സ്വീകരിക്കുന്നതിന് ഇന്നു രാവിലെ തന്നെ നൂറുകണക്കിനാളുകളാണ് അതിര്‍ത്തിയിലെത്തിയത്. ഡ്രം കൊട്ടിയും ഭാരത് മാതാ കീ ജയ് വിളിച്ചും അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്ത്യ, പാകിസ്താന്‍ വ്യോമ സേനകള്‍ തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ വ്യോമ ഏറ്റുമുട്ടലിനെ തുടര്‍ന്ന് വലിഞ്ഞുമുറുകിയ അന്തരീക്ഷത്തിന് അഭിനന്ദന്റെ കൈമാറ്റം അയവുവരുത്തിയിട്ടുണ്ട്. ഏറ്റുമുട്ടലില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്മാറണമെന്ന് ലോകരാജ്യങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു.

പാകിസ്താനി എഫ്-16 വിമാനങ്ങളുടെ അതിര്‍ത്തി ലംഘന ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അഭിനന്ദന്‍ സഞ്ചരിച്ചിരുന്ന വിമാനം പാക് അതിര്‍ത്തിക്കകത്ത് തകര്‍ന്ന് വീണത്. പാരച്യൂട്ടില്‍ നിലത്തിറങ്ങിയ അഭിനന്ദനെ നാട്ടുകാര്‍ പിടികൂടി പാക് സൈന്യത്തിന് കൈമാറുകയായിരുന്നു.

Next Story

RELATED STORIES

Share it