Sub Lead

ഒമിക്രോണ്‍: 'അപകടസാധ്യതയുള്ള' രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ

ഒമിക്രോണ്‍: അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ
X

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍നിന്ന് സിംഗപ്പൂരിനെ ഇന്ത്യ ഒഴിവാക്കി. 'അപകടസാധ്യതയുള്ള' (അറ്റ് റിസ്‌ക്) രാജ്യങ്ങളുടെ പട്ടികയില്‍നിന്നാണ് ഇന്ത്യ സിംഗപ്പൂരിനെ ഒഴിവാക്കിയത്. ഇതോടെ സിംഗപ്പൂരില്‍നിന്ന് രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ കൊവിഡ് പരിശോധനയും ക്വാറന്റൈന്‍ വ്യവസ്ഥകളും പാലിക്കേണ്ടതില്ല. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്‌സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, ടാന്‍സാനിയ, സിംബാബ്‌വെ, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയവയാണ് ഇന്ത്യയുടെ അറ്റ്‌റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങള്‍.

തിങ്കളാഴ്ചയാണ് ഘാനയെയും ടാന്‍സാനിയയെയും അറ്റ് റിസ്‌ക് പട്ടികയില്‍ ഇന്ത്യ ചേര്‍ത്തത്. എന്നാല്‍, 'അപകടസാധ്യതയുള്ള' രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സിംഗപ്പൂരിനെ നീക്കം ചെയ്യുകയായിരുന്നു. അറ്റ് റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് പോസ്റ്റ് അറൈവല്‍ ടെസ്റ്റിങ് ഉള്‍പ്പെടെ രാജ്യത്ത് എത്തിച്ചേരുമ്പോള്‍ അധിക നടപടികള്‍ പാലിക്കേണ്ടതുണ്ട്. ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാവണം.

നെഗറ്റീവ് ഫലം ലഭിക്കാതെ വിമാനത്താവളത്തില്‍നിന്ന് പുറത്തുപോവാനോ കണക്ടിങ് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനോ കഴിയില്ല. ഇന്ത്യയില്‍ ഇതുവരെ 23 ഒമൈക്രോണ്‍ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കി. ഒമിക്രോണ്‍ നേരിടാന്‍ പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളും പ്രാദേശിക ലോക്ക് ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it