Sub Lead

ഇന്ത്യയുടെ അതൃപ്തി ഒഴിവാക്കാന്‍ മാലദ്വീപ് നീക്കം തുടങ്ങി; ലക്ഷദ്വീപ് യാത്ര തേടി സന്ദര്‍ശകര്‍

ഇന്ത്യയുടെ അതൃപ്തി ഒഴിവാക്കാന്‍ മാലദ്വീപ് നീക്കം തുടങ്ങി; ലക്ഷദ്വീപ് യാത്ര തേടി സന്ദര്‍ശകര്‍
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ അധിക്ഷേപ പ്രസ്താവനയക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ ഇന്ത്യയുടെ അതൃപ്തി പരിഹരിക്കാന്‍ മാലദ്വീപ് നീക്കം തുടങ്ങി. മാലദ്വീപ് വിദേശകാര്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. സാമൂഹികമാധ്യമ പ്രസ്താവനകള്‍ തള്ളുന്നു എന്ന് മാലദ്വീപ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ, പരസ്യപ്രസ്താവനയിലൂടെ ബന്ധം വഷളാക്കേണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപി നിര്‍ദേശം നല്‍കി. അതേസമയം, പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവും മാലദ്വീപില്‍ മന്ത്രിമാരെ പുറത്താക്കിയതും രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയതോടെ ലക്ഷദ്വീപിന്റെ ടൂറിസം വളര്‍ച്ചയ്ക്കു സാധ്യതയേറി. കേരളത്തില്‍ നിന്ന് മാലദ്വീപിലേക്കുള്ള യാത്രാ ബുക്കിങ് റദ്ദാക്കപ്പെടുന്നില്ലെങ്കിലും ലക്ഷദ്വീപ് യാത്രയുടെ സാധ്യത തേടിയുള്ള അന്വേഷണങ്ങള്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് കൂടുതല്‍ കിട്ടിത്തുടങ്ങിയതായാണ് റിപോര്‍ട്ട്. എന്നാല്‍ ടൂറിസത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ യാത്രാ സംവിധാനങ്ങളോ ദ്വീപിലില്ല എന്നതാണ് പ്രധാന വെല്ലുവിളി. കടല്‍ക്കാഴ്ചകളുടെ സൗന്ദര്യം, പവിഴപ്പുറ്റുകള്‍, ദ്വീപിലെ സായാഹ്നങ്ങള്‍ എന്നിങ്ങനെ ലക്ഷദ്വീപിന്റെ സൗന്ദര്യം നേരിട്ട് കാണാനും ആസ്വദിക്കാനും ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മതിയായ യാത്രാസൗകര്യമില്ലാത്തതുമാണ് പലരെയും ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്.

visitlakshadweep എന്ന ഹാഷ്ടാഗുകളാണ് സാമാഹികധ്യമങ്ങളിലെങ്ങും സജീവമായിരിക്കുന്നത്. ലോകത്തെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മാലിദ്വീപിന്റെ പെരുമയിലേക്ക് ലക്ഷദ്വീപിനെ ഉയര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നില്‍. ഇതിനിടെ, മാലദ്വീപിനെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖരടക്കം രംഗത്തെത്തിയ ബുക്കിങ് കാന്‍സല്‍ ചെയ്യുന്ന സാഹചര്യം കേരളത്തിലില്ല. എന്നാല്‍, ലക്ഷദ്വീപ് പാക്കേജുകള്‍ തേടി നിരന്തരം വിളികള്‍ എത്തുന്നുണ്ടെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നു. കേരളത്തില്‍ നിന്ന് ദ്വീപിലേക്കുള്ളത് ദിവസത്തില്‍ ഒരു വിമാനം മാത്രമാണ്. അതില്‍ 60 പേര്‍ക്ക് മാത്രം യാത്ര ചെയ്യാം. മൂന്ന് കപ്പലുകള്‍ ദ്വീപിലേക്കുണ്ടെങ്കിലും കൃത്യമായ സമയം പാലിക്കുന്നില്ല. പലരും ആഴ്ചകള്‍ കാത്തിരുന്ന ശേഷമാണ് യാത്ര ചെയ്യുന്നത്. യാത്രാ പെര്‍മിറ്റ് നേടുകയാണ് പ്രധാന കടമ്പ. ദ്വീപില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ അവരുടെ ശുപാര്‍ശയോടെ പെര്‍മിറ്റ് നേടാം. അല്ലാത്തവര്‍ പോലിസ് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ളവ സമര്‍പ്പിക്കണം. ആവശ്യത്തിനനുസരിച്ച് നിലവാരമുള്ള ഹോട്ടലുകളില്ലാതെ ടൂറിസം വികസനത്തെക്കുറിച്ച് ചിന്തിക്കാനുമാവില്ല. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ പ്രദേശവാസികളുടെ എതിര്‍പ്പ് വകവയ്ക്കാതെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ മുന്നോടിയായുള്ള നീക്കമായും ഇപ്പോഴത്തെ അവസരമായി ചിലര്‍ വിലയിരുത്തുന്നുണ്ട്.


Next Story

RELATED STORIES

Share it