Sub Lead

ഇന്ത്യ 2047: മുംബൈയിലും ഗോവയിലും പുതിയ ചാപ്റ്ററുകള്‍ പ്രഖ്യാപിച്ച് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍

ഇന്ത്യ 2047: മുംബൈയിലും ഗോവയിലും പുതിയ ചാപ്റ്ററുകള്‍ പ്രഖ്യാപിച്ച് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍
X

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ടിലേക്ക് അടുക്കുമ്പോള്‍ 'ഇന്ത്യാ 2047' എന്ന പേരില്‍ സമഗ്ര സാമൂഹിക ശാക്തീകരണ പദ്ധതിയുമായി എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍. ഇതുവരെ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രഖ്യാപനം പൂര്‍ത്തിയാ ഇന്ത്യാ 2047 കഴിഞ്ഞ ദിവസങ്ങളില്‍ ഗോവയിലും മുംബൈയിലും പ്രഖ്യാപിച്ചു.

എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ ആറാമത്തെ ചാപ്റ്ററായ മുംബൈ 2047 മാര്‍ച്ച് 12ന് മുംബൈയിലെ ബാന്ദ്രയില്‍ ആരംഭിച്ചു. ഇക്രം കരീമിനെ പ്രസിഡന്റായും മുഹദ്ദിസ് ഖാനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ചാപ്റ്റര്‍ അംഗങ്ങളായി പത്ത് പേരെ ഉള്‍പ്പെടുത്തി.

ഇക്രാം കരീം പരിപാടി നിയന്ത്രിച്ചു. ചാപ്റ്ററിന്റെ പ്രസക്തിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയും സിഇഒ മുഹമ്മദ് ഷഫീഖ് അവതരിപ്പിച്ചു. റിലേഷന്‍സ് മേധാവി ഫായിസ് മുഹമ്മദ് ചാപ്റ്റര്‍ ആശയം അവതരിപ്പിച്ചു.

ഏഴാമത്തെ ചാപ്റ്ററായ ഗോവ 2047 മാര്‍ച്ച് 13ന് ഗോവയിലെ വെര്‍ണയിലെ മഗ്ദും അഷ്‌റഫ് നഗറിലെ സ്‌കൂള്‍ ഹാളില്‍ ആരംഭിച്ചു. മുല്ല അബൂബക്കര്‍ പരിപാടി നിയന്ത്രിച്ചു. ചാപ്റ്റര്‍ ആശയം ഫായിസ് മുഹമ്മദും അധ്യായത്തിന്റെ പ്രസക്തിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയും എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സിഇഒ മുഹമ്മദ് ഷഫീഖ് അവതരിപ്പിച്ചു. മുല്ല അബൂബക്കറിനെ പ്രസിഡന്റായും നിയാസി ഷെയ്ഖിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ചാപ്റ്ററില്‍ 21 അംഗങ്ങളെ ഉള്‍പ്പെടുത്തി.

സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ടിലേക്ക് അടുക്കുമ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഉള്‍പ്പടെ നിര്‍ണായക പങ്ക് വഹിച്ച മുസ് ലിം സമൂഹത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന സമഗ്ര ഡാറ്റാബാങ്ക് എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍(ഇഐഎഫ്) പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ മുസ് ലിം പ്രാതിനിധ്യവും ഭരണം, വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം എന്നീ മേഖലകളിലെ പങ്കാളിത്തവുമാണ് ഇഐഎഫ് ഗവേഷണ വിധേയമാക്കിയിരിക്കുന്നത്.

ആധികാരിക സ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ച ഈ ഡാറ്റ ഇഐഎഫ് വെബ്‌സൈറ്റില്‍ https://empowerindiafoundation.org/data-tables/ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍പ്പടെ ഔദ്യോഗിക സ്രോതസ്സുകളാണ് ഗവേഷണത്തിനും വിവര ശേഖരണത്തിനും അവലംബിച്ചിരിക്കുന്നത്. മുസ് ലിം ജനസംഖ്യ, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, ആരോഗ്യ, അധികാര പങ്കാളിത്തം തുടങ്ങി സമഗ്രമായി തന്നെ പ്രത്യേകം പട്ടികയാക്കി വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഏറ്റവും എളുപ്പത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് വെബ്‌സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.

രാജ്യം ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ മുസ് ലിം സമുദായത്തെയും സമ്പൂര്‍ണ ശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് വിവര ശേഖരണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. ഈ ഡാറ്റയെ അടിസ്ഥാനമാക്കി 'ഇന്ത്യ 2047' (https://empowerindiafoundation.org/project-2047/) കര്‍മ പദ്ധതിയിലേക്കുള്ള കാഴ്ച്ചപ്പാടുകളും എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://www.facebook.com/empowerindiafoundation/posts/3024661694444194.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മുസ്‌ലിം സമൂഹത്തെ ശാക്തീകരിക്കാനുള്ള ബൃഹത്തായ പരിശ്രമത്തിനാണ് എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ തുടക്കം കുറിച്ചിട്ടുള്ളത്. പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെബ്‌സൈറ്റ് നിരന്തരം അപ്‌ഡേറ്റ് ചെയ്യുമെന്നും എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സ്വന്തം പരിശ്രമത്തിലൂടെ അവരുടെ ശാക്തീകരണത്തിനായി ആശയപരവും ബൗദ്ധികവും പ്രചോദനപരവുമായ പിന്തുണ നല്‍കുന്നതിനായി ഒരു ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനമാണ് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയ്ക്ക് അവരുടെ സാമൂഹിക വികസന ശ്രമങ്ങളില്‍ മാര്‍ഗനിര്‍ദേശവും സൗകര്യവും ഏകോപനവുമാണ് EIF ന്റെ ദൗത്യം.

പ്രാദേശിക പദ്ധതികള്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കുക എന്നതല്ല എംപവര്‍ ഇന്ത്യയുടെ മുന്‍ഗണനാ അജണ്ട. ശാക്തീകരണ ദൗത്യത്തില്‍ പ്രതിജ്ഞാബദ്ധരായ അക്കാദമികരുടെയും ആക്ടിവിസ്റ്റുകളുടെയും ഒരു സംവിധാനവും ശൃംഖലയും നിര്‍മ്മിക്കുന്ന പ്രക്രിയയാണ് ഇഐഎഫ് നിര്‍വഹിക്കുന്നത്. ഈ ആശയത്തെ അടിസ്ഥാനമാക്കി, ഏകോപനം, ഗവേഷണം, പ്രസിദ്ധീകരണങ്ങള്‍ എന്നിങ്ങനെ മൂന്ന് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ നേതൃത്വം വഹിക്കുന്നു.

എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ മുന്‍ഗണനയിലുള്ള പദ്ധതിയാണ് ഇന്ത്യ 2047. മൂന്ന് വര്‍ഷത്തിലേറെയായി ഇഐഎഫ് ടീമിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ബുദ്ധിജീവികളെയും സാമൂഹിക പ്രവര്‍ത്തകരേയും സംഘടിപ്പിച്ചു കൊണ്ട് രാജ്യമെമ്പാടും നിരവധി സെമിനാറുകളും സംഗമങ്ങളും വിളിച്ചു ചേര്‍ത്തു. സ്വാതന്ത്ര്യത്തിന്റെ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ നിലവിലെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക-വിദ്യാഭ്യാസ നില മെച്ചപ്പെടുത്താന്‍ പദ്ധതി വിഭാവനം ചെയ്യുന്നു.

Next Story

RELATED STORIES

Share it