Sub Lead

ആദായ നികുതി പരിധി അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയത് ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യുമോ?

അടുത്ത സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇതു പ്രാബല്യത്തില്‍ വരൂ എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താത്തതിനാല്‍ ലക്ഷക്കണക്കിനു പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആദായ നികുതി പരിധി അഞ്ചു ലക്ഷമാക്കി  ഉയര്‍ത്തിയത് ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യുമോ?
X

ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ആദായ നികുതി പരിധി അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

ആദായ നികുതിയിലെ ഈ വന്‍ ഇളവ് മൂന്ന് കോടിയിലധികം ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന അവകാശവാദം നിലനില്‍ക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ അത്ര ആശാവഹമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആദായ നികുതി പരിധി രണ്ടര ലക്ഷത്തില്‍നിന്ന് മൂന്നോ മൂന്നരയോ ലക്ഷമാക്കി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഏവരെയും ഞെട്ടിച്ച് ആദായ നികുതി പരിധി കുത്തനെ ഉയര്‍ത്തിയത്.

അടുത്ത സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇതു പ്രാബല്യത്തില്‍ വരൂ എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താത്തതിനാല്‍ ലക്ഷക്കണക്കിനു പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിലെ '87 എ' അനുസരിച്ച് 2,500 രൂപ വരെ നല്‍കിയിരുന്ന ടാക്‌സ് റിബേറ്റ് 12,500 രൂപയായി ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. ഇത് അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമാണ് ബാധകം. അതിന് മുകളിലുള്ളവര്‍ക്ക് രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും നികുതി നല്‍കണം.

സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ ചോര്‍ച്ചയുണ്ടാക്കുന്നതാണ് പുതിയ പ്രഖ്യാപനമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇത് ഇടത്തരക്കാരുടെ സമ്പാദ്യശീലത്തെ നശിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശമ്പളത്തിലെ ആനൂകുല്യങ്ങള്‍ പരിഗണിച്ച് നല്‍കുന്ന, സ്റ്റാന്റേര്‍ഡ് നികുതി ഇളവ് തോത് 50,000 ആക്കി ഉയര്‍ത്തിയതടക്കമുള്ള മറ്റു നികുതി ഇളവുകള്‍ ഇടത്തരക്കാര്‍ക്ക് ഗുണകരമാവും.ആദായ നികുതി റിട്ടേണ്‍ 2 വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കുമെന്നും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it