Sub Lead

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭം: ആറു വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്കും 90 കഴിഞ്ഞവര്‍ക്കും യുപി പോലിസിന്റെ നോട്ടിസ്‌

യുപിയില്‍ മുസ്‌ലിം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് ശക്തമായ നടപടി തുടരുകയാണ്. യുപി പോലിസിന്റെ വര്‍ഗീയ നീക്കത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭം:   ആറു വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്കും 90 കഴിഞ്ഞവര്‍ക്കും യുപി പോലിസിന്റെ നോട്ടിസ്‌
X

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശില്‍ പല ഭാഗങ്ങളിലും അരങ്ങേറിയ പ്രക്ഷോഭത്തിനെ തുടര്‍ന്ന് ഫിറോസാബാദ് പോലിസ് 200 പേര്‍ക്ക് നോട്ടിസയച്ചു. ആറ് വര്‍ഷം മുന്‍പ് മരണപ്പെട്ടയാളുടെ പേരിലും 90 കഴിഞ്ഞ വയോധികരുടെ പേരിലും നോട്ടിസ് അയച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കാനുമാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആക്രമണങ്ങള്‍ നടന്ന ശേഷം പ്രദേശത്ത് സമാധാന ആന്തരീക്ഷമാണന്ന് തെളിയിക്കാന്‍ വേണ്ടിയാണ് പോലിസ് നോട്ടിസ് അയച്ചിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്നുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു ഫിറോസാബാദ് പോലിസിന്റെ നടപടി.

ആറു വര്‍ഷം മുമ്പ് 94ാം വയസില്‍ മരിച്ച ബന്നെ ഖാനാണ് പോലിസ് നോട്ടീസയച്ചിരിക്കുന്നത്. ഇത് കൂടാതെ 90 ഉം 93 വയസുള്ള രണ്ട് പേര്‍ക്കും യുപി പോലിസ് നോട്ടിസയച്ചിട്ടുണ്ട്. 93 വയസുള്ള ഫസ്ഹത്ത് ഖാന്‍ മാസങ്ങളായി കിടപ്പിലാണ്. 90 വയസ്സുള്ള സൂഫി അന്‍സാര്‍ ഹുസൈന്‍ ന്യൂമോണിയ ബാധിച്ച് ഡല്‍ഹി ആശുപത്രിയില്‍ കഴിയുകയാണ്. ഫിറോസാബാദിലെ ഒരു കോളജ് സ്ഥാപകന്‍ കൂടിയായ അന്‍സാര്‍ ഹുസൈന്‍ പോലിസുകാര്‍ ഉള്‍പ്പെട്ട പ്രദേശത്തെ സമാധാന സമിതിയിലെ അംഗമാണ്. 'നഗരത്തില്‍ സമാധാനം ഉറപ്പാക്കാന്‍ ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ ചെലവഴിച്ചു. എന്തുകൊണ്ടാണ് ഇത് എന്നോട് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല' അന്‍സാര്‍ ഹുസൈന്‍ പറഞ്ഞു. ഇനി ഇരുവര്‍ക്കും ജാമ്യം ലഭിക്കാന്‍ കോടതിയില്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ്. മരിച്ച ബെന്നാ ഖാനും മറ്റ് രണ്ടു പേരും ഈ മേഖലയില്‍ സമാധാനം കൊണ്ടു വരുന്നതില്‍ പ്രയത്‌നിച്ചവരാണെന്നും ഇവരുടേയും കുടുംബങ്ങള്‍ പറയുന്നു.

സംഭവം വിവാദമായതോടെ ഇത്തര്‍പ്രദേശ് പോലിസ് വിശദീകരണവുമായി രംഗത്തുവന്നു. ഇവര്‍ക്ക് നോട്ടിസ് അയച്ചത് സാങ്കേതിക പിഴവ് മൂലമാണന്നും അത് തിരുത്തുമെന്നും പോലിസ് അറിയിച്ചു.

വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എടുത്ത ഇടക്കാല നടപടികളാണിതെന്ന് പോലിസ് വ്യക്തമാക്കി. പ്രായമായവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഫിറോസാബാദ് സിറ്റി മജിസ്‌ട്രേറ്റ് കുന്‍വര്‍ പങ്കജും പറഞ്ഞു.

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ ഉത്തര്‍പ്രദേശില്‍ മാത്രം 21 പേരാണ് കൊല്ലപ്പെട്ടത്. പോലിസ് വെടിവെപ്പിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തിന് പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പ്രതികാര നടപടികള്‍ എടുക്കുമെന്നും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഡിസംബര്‍ 20 ന് പോലിസ് നടപടിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇവിടെ മാത്രം അക്രമത്തില്‍ 35 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 14 പേരെ ഫിറോസാബാദ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. യുപിയില്‍ മുസ്‌ലിം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് ശക്തമായ നടപടി തുടരുകയാണ്. യുപി പോലിസിന്റെ വര്‍ഗീയ നീക്കത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.



Next Story

RELATED STORIES

Share it