Sub Lead

അബ്ദുല്ലക്കുട്ടിക്ക് ഇഫ്താര്‍ വിരുന്ന്: ജില്ലാ സെക്രട്ടറിയെ സംരക്ഷിച്ച് കെഎംസിസി നേതാവിനെതിരേ നടപടിക്ക് ലീഗ് നീക്കം

അബ്ദുല്ലക്കുട്ടിക്ക് ഇഫ്താര്‍ വിരുന്ന്: ജില്ലാ സെക്രട്ടറിയെ സംരക്ഷിച്ച് കെഎംസിസി നേതാവിനെതിരേ നടപടിക്ക് ലീഗ് നീക്കം
X

കണ്ണൂര്‍: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സ്വീകരണം നല്‍കിയത് വിവാദമായതോടെ കെഎംസിസി നേതാവിനെതിരേ മാത്രം നടപടിയെടുത്ത് മുഖം രക്ഷിക്കാന്‍ മുസ് ലിം ലീഗിന്റെ നീക്കം. മഹാരാഷ്ട്ര കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് മാണിയൂരിനെതിരേ മാത്രം നടപടിയെടുത്ത് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ലീഗ് ജില്ലാ സെക്രട്ടറി കെ പി താഹിറിനെ ഉള്‍പ്പെടെ സംരക്ഷിക്കാനാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ നീക്കം. സംഭവത്തില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെ

മുഖം രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗ് ജില്ലാ നേതൃത്വം നടപടിക്ക് സംസ്ഥാന നേതൃത്വത്തോട് ശുപാര്‍ശ ചെയ്തതെന്നാണ് വിമര്‍ശനം. മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി സംസ്ഥാന നേതൃത്വത്തിന് അയച്ച കത്തില്‍ അസീസ് മാണിയൂരിനെതിരെ മാത്രമാണ് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, കമ്പില്‍ എന്‍ആര്‍ഐ സൊസൈറ്റിയിലെ ലക്ഷങ്ങളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് താഹിറിനെ രക്ഷിക്കാന്‍ അബ്ദുല്‍ കരീം ചേലേരിയടക്കമുള്ളവര്‍ രംഗത്ത് വരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മണല്‍വാരല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തിയില്‍ 43 ലക്ഷം രൂപയുടെ ക്രമക്കേട് കമ്പില്‍ എന്‍ആര്‍ഐ സൊസൈറ്റിയില്‍ വിജിലന്‍സ് പ്രാഥമികമായി കണ്ടെത്തിയത്. സൊസൈറ്റി പ്രസിഡന്റായ അബ്ദുല്‍ കരീം ചേലേരിയാണ് കേസിലെ ഒന്നാം പ്രതി. മുസ് ലിം ലീഗ് നേതാക്കളായ മഹമൂദ് അള്ളാംകുളം(മുന്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍), മുസ്തഫ കോടിപ്പൊയില്‍, ഇബ്രാഹീം കുട്ടി തിരുവട്ടൂര്‍, ടിഎന്‍എ ഖാദര്‍ തുടങ്ങിയവരെല്ലാം കേസില്‍ പ്രതികളാണ്. കേസില്‍ മുസ് ലിം ലീഗ് നേതാക്കള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ പേരില്‍ കെ പി താഹിര്‍ ജില്ലാ നേതൃത്വത്തിനെതിരേ തിരിയുമെന്ന് മനസ്സിലാക്കിയാണ് അദ്ദേഹത്തിനെതിരേ നടപടിയെടുക്കുന്നത് ഒഴിവാക്കാന്‍ ലീഗ് നേതൃത്വം ശുപാര്‍ശ ചെയ്തതെന്നാണ് വിവരം.

കമ്പില്‍ എന്‍ആര്‍ഐ സൊസൈറ്റിയില്‍ 43 ലക്ഷത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിയതെങ്കിലും കോടികളുടെ തിരിമറി നടന്നതായാണ് ആക്ഷേപം. ലീഗ് പ്രവര്‍ത്തകരും പ്രവാസികളും അംഗങ്ങളായ സൊസൈറ്റിയുടെ അക്കൗണ്ട് ബുക്കുകളും മറ്റു രേഖകളും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സൊസൈറ്റി ഓഫിസില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരികയാണ്. വിഷയത്തില്‍ ഓഫിസ് സെക്രട്ടറി ബിന്ദുവിനെ കരുവാക്കി രക്ഷപ്പെടാനും നേതാക്കള്‍ ശ്രമം നടത്തുന്നുണ്ട്. കേസില്‍ നേതാക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്തു വരികയാണ്.

സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് തലയൂരാന്‍ കെ പി താഹിറിന്റെ സഹായം അബ്ദുല്‍ കരീം ചേലേരിക്കുണ്ട്. ഇതാണ് അബ്ദുല്ലക്കുട്ടി വിവാദത്തില്‍ താഹിറിനെ തുണയ്ക്കാന്‍ കാരണമെന്നാണ് ആക്ഷേപമുയരുന്നത്. നേരത്തേ, പുറത്തീല്‍ മഖാം ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടും താഹിറിനെ വഴിവിട്ട് സഹായിച്ച മുസ് ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരെ ഒരു വിഭാഗം നേതാക്കളിലും അണികളിലും അമര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്‍കിയ വിഷയവും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it