Sub Lead

ഹമാസിന്റെ തുരങ്കം തകര്‍ക്കാനുള്ള സ്‌ഫോടകശേഖരം പൊട്ടിത്തെറിച്ച് 6 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഹമാസിന്റെ തുരങ്കം തകര്‍ക്കാനുള്ള സ്‌ഫോടകശേഖരം പൊട്ടിത്തെറിച്ച് 6 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
X

ഗസ: ഹമാസിന്റെ ടണല്‍ തകര്‍ക്കാനുള്ള സ്‌ഫോടകശേഖരം പൊട്ടിത്തെറിച്ച് ആറ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗസയിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാംപിലാണ് സംഭവം. തുരങ്കം തകര്‍ക്കുന്നത് നേരിട്ടു കാണിക്കാന്‍ വേണ്ടി ഇസ്രായേല്‍ സൈന്യം കൂടെക്കൂട്ടിയ മാധ്യമപ്രവര്‍ത്തകരുടെ കണ്‍മുന്നിലാണ് ഉഗ്രസ്‌ഫോടനം നടന്നത്. തുരങ്കം തകര്‍ക്കാനായി വിന്യസിച്ച സ്‌ഫോടകവസ്തുക്കള്‍ പ്രതീക്ഷിച്ചതിന് അരമണിക്കൂര്‍ മുമ്പ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ സംഭവത്തില്‍ ആറ് റിസര്‍വ് എന്‍ജിനീയര്‍മാരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സേന പുറത്തുവിട്ട പ്രാഥമികാന്വേഷണ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹമാസിന്റെ റോക്കറ്റ് നിര്‍മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന തുരങ്കം തകര്‍ക്കുന്നത് കാണിക്കാന്‍ ഇസ്രായേല്‍ അനുകൂല മാധ്യമ പ്രവര്‍ത്തകരുടെ സംഘത്തെ കൂട്ടിയാണ് സൈന്യം സ്ഥലത്തെത്തിയത്. സംഘം ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ഉടന്‍ തന്നെ റിപോര്‍ട്ടര്‍മാരെ സംഭവസ്ഥലത്തുനിന്ന് നീക്കി. വന്‍ അപകടമുണ്ടായതായി സൈനിക കമാന്‍ഡര്‍മാര്‍ റേഡിയോ വഴി പറയുന്നത് കേട്ടതായും ടൈംസ് ഓഫ് ഇസ്രായേല്‍ ലേഖകന്‍ റിപോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിനു തൊട്ടുമുമ്പുള്ള ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. സര്‍ജന്റ് ഫസ്റ്റ് ക്ലാസ് ഗാവ്രിയല്‍ ബ്ലൂം(27), മാസ്റ്റര്‍ സാര്‍ജന്റ് അമിത് മോഷെ ഷഹാര്‍ (25), കാപ്റ്റന്‍ ഡെനിസ് ക്രോഖ്മലോവ് വെക്‌സ്‌ലര്‍ (32), കാപ്റ്റന്‍ റോണ്‍ എഫ്രിമി (26), മാസ്റ്റര്‍ സര്‍ജന്റ് റോയി അവ്രഹം മൈമോന്‍ (24), സര്‍ജന്റ് മേജര്‍ അകിവ യാസിന്‍സ്‌കി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഗായകനും 'ഫൗദ' എന്ന ടിവി ഷോയിലെ നടനുമായ ഇഡാന്‍ അമേദി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായും സൈന്യം അറിയിച്ചു. 24 മണിക്കൂറിനിടെ ഒമ്പത് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചിരുന്നെങ്കിലും എങ്ങനെയാണ് സംഭവമെന്ന് വിശദീകരിച്ചിരുന്നില്ല. തുരങ്കം തകര്‍ക്കുന്നതിനിടെയാണ് സ്‌ഫോടനമെന്ന് മാധ്യമങ്ങളില്‍ റിപോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതിനിടെ, സെന്‍ട്രല്‍ ഗസയില്‍ ഹമാസ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ സ്ഥിരീകരിച്ചു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനത്തിനിടെയാണ് ഇസ്രായേല്‍ സൈന്യത്തിന് വന്‍ തിരിച്ചടിയുണ്ടായത്. ഗസയില്‍ കരയുദ്ധം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 187 ആയെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍, ഇസ്രായേല്‍ സൈന്യം യഥാര്‍ഥ കണക്ക് പുറത്തുവിടുന്നില്ലെന്നാണ് ഹമാസ് ആരോപിക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23,000 കടന്നു.

Next Story

RELATED STORIES

Share it