Sub Lead

മുനമ്പം മനുഷ്യക്കടത്ത്: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ആസ്‌ത്രേലിയ

ഇന്ത്യയില്‍ നിന്ന് ഒരു സംഘം ആളുകള്‍ നിയമവിരുദ്ധമായി പുറപ്പെട്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അനധികൃതമായി രാജ്യത്തെത്തുന്ന ആരെയും ഇവിടെ തുടരാന്‍ അനുവദിക്കില്ലെന്നും വന്നിടത്തേക്ക് തന്നെ തിരിച്ചയക്കുമെന്നും ആസ്‌ത്രേലിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മുനമ്പം മനുഷ്യക്കടത്ത്:  അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ  കര്‍ശന നടപടിയെന്ന് ആസ്‌ത്രേലിയ
X

മെല്‍ബണ്‍: മുനമ്പത്ത് നിന്ന് മല്‍സ്യബന്ധനയാനത്തില്‍ നിരവധി പേരെ കടത്തിയെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ പ്രതികരണുമായി ആസ്‌ത്രേലിയ. ഇന്ത്യയില്‍ നിന്ന് ഒരു സംഘം ആളുകള്‍ നിയമവിരുദ്ധമായി പുറപ്പെട്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അനധികൃതമായി രാജ്യത്തെത്തുന്ന ആരെയും ഇവിടെ തുടരാന്‍ അനുവദിക്കില്ലെന്നും വന്നിടത്തേക്ക് തന്നെ തിരിച്ചയക്കുമെന്നും ആസ്‌ത്രേലിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍നിന്ന് ബോട്ടുമാര്‍ഗം ഒരു സംഘം പുറപ്പെട്ടെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. അനധികൃതമായി രാജ്യത്തെത്തുന്ന ഏതു ബോട്ടും കസ്റ്റഡിയിലെടുക്കും. ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയയ്ക്കുമെന്നും ആസ്‌ത്രേലിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, പ്രതികള്‍ നടത്തിയതു മനുഷ്യക്കടത്താണെന്നു സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം പോലിസ് വ്യക്തമാക്കിയിരുന്നു. ഏറെക്കാലമായി ഇന്ത്യയില്‍ കഴിയുന്ന ശ്രീലങ്കന്‍ വംശജര്‍ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കും അഭയാര്‍ഥികളായി വിദേശത്തേക്കു കുടിയേറാനുള്ള സഹായമാണു പ്രതികള്‍ പണം വാങ്ങി ചെയ്തതെന്നാണു പോലിസിന്റെ നിലപാട്.

ഏറെക്കാലം ഇന്ത്യയില്‍ സുരക്ഷിതരായി കഴിഞ്ഞ ഇവര്‍ ഇപ്പോള്‍ ശരിയായ യാത്രാരേഖകള്‍ പോലുമില്ലാതെ അപകടകരമായ രീതിയില്‍ ഇന്ത്യ വിടാനുണ്ടായ സാഹചര്യം വ്യക്തമല്ല. ബോട്ട് കണ്ടെത്തി അതിലുള്ളവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞാലേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവൂ. മനുഷ്യക്കടത്തിനുള്ള തെളിവുകളും മൊഴികളും ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370 അടക്കമുള്ള വകുപ്പുകള്‍ എഫ്‌ഐആറില്‍ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ബോട്ടില്‍ ആളുകളെ വിദേശത്തേക്കു കടത്തിയ കേസിലെ മുഖ്യപ്രതി എസ് ശ്രീകാന്തന്റെ തമിഴ്പുലി ബന്ധത്തെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള തെളിവുകളാണ് പോലിസ് അന്വേഷിക്കുന്നത്. സംഘത്തെ നയിക്കുന്നത് 5 പേരാണ്. ഇവരില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പേരും കടന്നവരുടെ കൂട്ടത്തിലുണ്ട്. ബോട്ടിലുള്ള കുട്ടികള്‍ക്കുവേണ്ടി സംഘം പണം വാങ്ങിയിട്ടില്ലെന്നാണ് വിവരം.

ഈ മാസം 12 നു പുലര്‍ച്ചെ 5.30നു വടക്കേക്കര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ മാല്യങ്കരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമുള്ള 13 വലിയ ബാഗുകള്‍ കണ്ടെത്തിയതോടെയാണു പോലിസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. മുനമ്പം തീരത്തുനിന്ന് അന്നു പുലര്‍ച്ചെയാണ് ന്യൂസിലന്‍ഡിലേക്കെന്നു പറഞ്ഞു ദയാമാതാ ബോട്ടില്‍ 220 പേരെ കയറ്റിയതെന്നു പോലിസ് സ്ഥിരീകരിച്ചു. ഇവരില്‍ അധികംപേരും ന്യൂഡല്‍ഹി അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന ശ്രീലങ്കന്‍ വേരുകളുവരും അയല്‍ക്കാരുമാണ്.

Next Story

RELATED STORIES

Share it