Top

രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജെഎന്‍യു വിദ്യാര്‍ഥിയുടെ ബിഹാറിലെ വസതിയില്‍ പോലിസ് റെയ്ഡ്

ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ഥിയായ ഇമാമിനെതിരായ കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ സഹായത്തോടെ കാക്കോ പോലിസ് സ്‌റ്റേഷന്‍ ഏരിയയിലെ ശര്‍ജീല്‍ ഇമാമിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രി റെയ്ഡ് നടത്തിയതായി ജെഹാനാബാദ് പോലിസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജെഎന്‍യു വിദ്യാര്‍ഥിയുടെ  ബിഹാറിലെ വസതിയില്‍ പോലിസ് റെയ്ഡ്

ജെഹാനാബാദ്: ഷഹീന്‍ ബാഗിലും ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് ഡല്‍ഹിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിഎഎ വിരുദ്ധ ആക്റ്റീവിസ്റ്റ് ശര്‍ജീല്‍ ഇമാമിന്റെ ബിഹാറിലെ കുടുംബ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തി. ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ഥിയായ ഇമാമിനെതിരായ കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ സഹായത്തോടെ കാക്കോ പോലിസ് സ്‌റ്റേഷന്‍ ഏരിയയിലെ ശര്‍ജീല്‍ ഇമാമിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രി റെയ്ഡ് നടത്തിയതായി ജെഹാനാബാദ് പോലിസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു. ഇമാമിനെ കണ്ടെത്താനായില്ലെങ്കിലും ബന്ധുക്കളെയും ഡ്രൈവറെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് വിട്ടയക്കുകയും ചെയ്തതായി എസ്പി പറഞ്ഞു. നേരത്തേ എഎംയു കാംപസില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടും ഇമാമിനെതിരേ അലിഗഢ് പോലിസ് സമാന കേസ് ചുമത്തിയിരുന്നു. കൂടാതെ, യുഎപിഎ പ്രകാരം അസമിലും ഇദ്ദേഹത്തിനെതിരേ കേസെടുത്തിട്ടുണ്ട്.

ഷാഹീന്‍ ബാഗിലും മറ്റുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തുകൊണ്ട് ഷര്‍ജീല്‍ നടത്തിയ പല പ്രസംഗങ്ങളും ഇന്ത്യയെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് എന്നാണ് പോലിസിന്റെ ആരോപണം. ബോംബെ ഐഐടിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എംടെക്ക് ബിരുദം നേടിയ ശേഷം ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ഉപരിപഠനത്തിനായി ജെഎന്‍യുവില്‍ ചേര്‍ന്ന ഷര്‍ജീല്‍ ആണ് ഷാഹീന്‍ ബാഗ് സമരങ്ങളുടെ പ്രധാന ആസൂത്രകന്‍ എന്നാണ് പോലിസ് പറയുന്നത്.

കഴിഞ്ഞ ദിവസം ഷാഹീന്‍ ബാഗില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 'അഞ്ചുലക്ഷം പേരെ സംഘടിപ്പിക്കാന്‍ നമുക്ക് കഴിയും എന്നുണ്ടെങ്കില്‍, നമുക്ക് നോര്‍ത്ത് ഈസ്റ്റിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനും (cut off) കഴിയും. സ്ഥിരമായിട്ടല്ലെങ്കിലും ഒന്നോ രണ്ടോ മാസത്തേക്കെങ്കിലും അങ്ങനെ ചെയ്യാനാകും. റെയില്‍വേ ട്രാക്കുകളിലും റോഡിലുമൊക്കെ പരമാവധി തടസ്സങ്ങള്‍ വാരിയിടൂ, അത് നീക്കാന്‍ തന്നെ മാസങ്ങള്‍ എടുക്കണം. റോഡും റെയിലും വഴി അങ്ങോട്ട് പോകാനേ പറ്റരുത്. അങ്ങനെ അസമിനെ റെസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്ന് കട്ട് ഓഫ് ചെയ്താലേ ഫലമുണ്ടാകൂ. എന്നാലേ അവര്‍ നമ്മള്‍ പറയുന്നത് ശ്രദ്ധിക്കൂ...' ഇങ്ങനെയായിരുന്നു അതിലെ പരാമര്‍ശങ്ങള്‍.

അതേസമയം, തന്റെ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ഇമാം സണ്‍ഡേ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. താന്‍ പ്രസംഗത്തില്‍ 'കട്ട് ഓഫ്' എന്നത് കൊണ്ട് ഉദ്ദേശിച്ചത് സമാധാനപൂര്‍വ്വമായ വഴിതടയല്‍ സമരങ്ങളെ മാത്രമാണ്. അല്ലാതെ രാജ്യത്തെ വെട്ടിമുറിക്കുന്നതിനെപ്പറ്റി താന്‍ മനസ്സില്‍ പോലും കരുതിയിട്ടില്ല. താന്‍ ഉദ്ദേശിച്ചത് നഗരങ്ങളെ നിശ്ചലമാക്കിക്കൊണ്ടുള്ള ഒരു സമര രീതിയാണ്. അത് മുന്‍കാലങ്ങളില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും ഫലപ്രദമായി പരീക്ഷിച്ചു വിജയം കണ്ടിട്ടുള്ള ഒന്നുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക ജെഡി (യു) നേതാവായിരുന്നു ഇമാമിന്റെ പിതാവ് അക്ബര്‍ ഇമാം. തന്റെ മകന്‍ നിരപരാധിയാണെന്നും കള്ളനോ പോക്കറ്റടിക്കാരനോ അല്ലെന്നും അവന്‍ ഭാവിയുള്ള ചെറുപ്പക്കാരനാണെന്നും ഇമാമിന്റെ മാതാവ് അഫ്ഷന്‍ റഹിം മാധ്യമങ്ങളോട് പറഞ്ഞു.


അവന്‍ എവിടെയാണെന്ന് തനിക്കറിയില്ലെന്നും കേസുകളെക്കുറിച്ച് അറിഞ്ഞാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകുമെന്നും അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നും താന്‍ ദൈവത്തെ സാക്ഷിയാക്കി സത്യം ചെയ്യുന്നുവെന്നും അഫ്ഷന്‍ റഹിം വ്യക്തമാക്കി.
Next Story

RELATED STORIES

Share it