Sub Lead

കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റു മരിച്ച സംഭവം: രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ്

നഗരത്തിലെ ആയിക്കരയില്‍ പയ്യാമ്പലത്തെ ഹോട്ടല്‍ ഉടമയായ ജസീറാണ് കൊല്ലപ്പെട്ടത്. ആദികടലായി സ്വദേശികളായ പി റബീഹ്(24), കെ ഹനാന്‍ (25) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റു മരിച്ച സംഭവം: രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ്
X

കണ്ണൂര്‍: കണ്ണുരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്ന കേസില്‍ പ്രതികളായ രണ്ടു യുവാക്കളുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. നഗരത്തിലെ ആയിക്കരയില്‍ പയ്യാമ്പലത്തെ ഹോട്ടല്‍ ഉടമയായ ജസീറാണ് കൊല്ലപ്പെട്ടത്. ആദികടലായി സ്വദേശികളായ പി റബീഹ്(24), കെ ഹനാന്‍ (25) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അറസ്റ്റ് രേഖപെടുത്തിയതായി കണ്ണൂര്‍ എസിപി പി പി. സദാനന്ദന്‍ അറിയിച്ചു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിരുന്നു. ശേഷം ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി.

പ്രതികളില്‍ ഒരാള്‍ ഗള്‍ഫില്‍ നിന്നും അവധിക്ക് വന്നയാളും മറ്റൊരാള്‍ മത്സ്യ തൊഴിലാളിയുമാണ്. പയ്യാമ്പലത്തെ ഹോട്ടല്‍ പൂട്ടിയതിന് ശേഷം ആയിക്കര വഴി തിങ്കളാഴ്ച്ച രാത്രി 12 മണിക്ക് കണ്ണൂര്‍ തായത്തെരുവിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരികയായിരുന്നു ജാസിര്‍. കൂടെ ഉണ്ടായിരുന്നയാളുടെ സ്‌കൂട്ടറെടുക്കാനായി കാര്‍ നിര്‍ത്തിയപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന യുവാക്കളുമായി തര്‍ക്കം ഉണ്ടായത്.

വാഹനം പാര്‍ക്ക് ചെയ്യുന്ന സംഭവത്തെ ചൊല്ലി ആയിരുന്നു തര്‍ക്കം. തര്‍ക്കം മൂത്തപ്പോള്‍ ഒരാള്‍ ജാസിറിനെ പിടിച്ചു വയ്ക്കുകയും മറ്റൊരാള്‍ മൂര്‍ച്ചയുള്ള ആയുധം കുത്തി ഇറക്കുകയായിരുന്നു.

സംഭവത്തില്‍ തല്‍ക്ഷണം ജാസിര്‍ മരിച്ചു. അതി മാരകമായ കുത്തേറ്റു ഹൃദയത്തിന്റെ അറകള്‍ മുറിഞ്ഞതാണ് ജാസിറിന്റെ മരണത്തിന് കാരണം. സംഭവം നടന്ന ഉടന്‍ പ്രതികള്‍ അവിടെ നിന്നും ബൈക്കില്‍ രക്ഷപ്പെട്ടു. എങ്കിലും സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനാല്‍ പോലിസ് പിന്‍തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.

ഇതിനിടെ ആയിക്കരയില്‍ ഹോട്ടല്‍ ഉടമ ജസീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ കണ്ണുരില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മയക്ക് മരുന്നിന്റെയോ മദ്യത്തിന്റെയോ ലഹരിയിലല്ല പ്രതികള്‍ കൃത്യം നടത്തിയത്. സാധാരണ വാക് തര്‍ക്കത്തിന്റെ ഭാഗമായിട്ടാണ് കൊലപാതകം നടന്നതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പിടിയിലായ ഹനാന്‍, റബീബ് എന്നിവരുടെ പേരില്‍ കണ്ണൂര്‍ സിറ്റി പോലീസ് സ്‌റ്റേഷനില്‍ മറ്റ് കേസുകളെന്നുമില്ല. നെഞ്ചില്‍ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രതികളില്‍ ഒരാള്‍ കത്തി കൊണ്ട് കുത്തുകയും മറ്റേയാള്‍ അടിക്കുകയുമാണ് ചെയ്തത്. മരണം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടായാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു.

കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന് കരുതുന്നില്ലെന്നും സാധാരണ വാക്ക് തര്‍ക്കമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തില്‍ പോലീസ്, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് ടീം സംഭവ സ്ഥലം പരിശോധിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടാണ് അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങിയത്. ഉച്ചവരെ തെളിവെടുപ്പ് തുടര്‍ന്നു. കൃത്യം നടന്ന സ്ഥലത്തു നിന്ന് രക്തസാംപിള്‍ ശേഖരിച്ചിട്ടുണ്ട്. പോലിസ് നായ മണം പിടിച്ച് തായത്തെരു ഭാഗത്തെ പൊതു കുടിവെള്ള ടാപ്പ് വരെ എത്തിയിരുന്നു. ഇവിടെ നിന്ന് പ്രതികള്‍ ചോര പുരണ്ട കൈ കഴുകി രക്ഷപ്പെട്ടന്നാണ് കരുതുന്നത്.


Next Story

RELATED STORIES

Share it