Sub Lead

കനത്ത മഴ: അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്.

കനത്ത മഴ: അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
X

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ കനത്തമഴയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്. അതോടൊപ്പം കാസര്‍ക്കോട് ജില്ലയിലെ വെള്ളരിക്കുണ്ട് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗന്‍ വാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം യൂനിവേഴ്‌സിറ്റിയുടെയും മറ്റും പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കില്ല.


നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മഴ ശക്തമായ സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് മലപ്പുറം ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.


ഇടുക്കി ജില്ലയിലും പ്രഫഷണല്‍ കോളജുകളും, കേന്ദ്രീയ വിദ്യാലയവും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ പ്രാഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച(ആഗസ്ത് 8) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും.


കനത്ത കാറ്റും മഴയും ഉള്ളതിനാല്‍ ജില്ലയിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചതായി കോഴിക്കോട് കലക്ടര്‍ അറിയിച്ചു. രാത്രിയില്‍ ജില്ലയിലെ നദികളിലും മറ്റും ജലനിരപ്പ് ഉയര്‍ന്നതിനാലും കനത്ത കാറ്റിനെതുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മരങ്ങളും മറ്റും വീണ് നാശനഷ്ടമുണ്ടായതിനെതുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അങ്കണ വാടികള്‍ക്കും മദ്‌റസകള്‍ക്കും അവധി ബാധകമാണെന്നും കലക്ടര്‍ അറിയിച്ചു. എന്നാല്‍ യൂനിവേഴ്‌സിറ്റിയുടെയും മറ്റും പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.


ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച(ആഗസ്ത് 8) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി ബിഎസ്ഇ /ഐസിഎസ് വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.




Next Story

RELATED STORIES

Share it