Sub Lead

അയോധ്യയിലെ ഹിന്ദു ഗ്രാമത്തില്‍ മദ്‌റസാധ്യാപകന്‍ ഗ്രാമത്തലവന്‍; തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് എട്ട് ഹിന്ദു സ്ഥാനാര്‍ഥികളെ

അയോധ്യയിലെ ഹിന്ദു ഗ്രാമത്തില്‍ മദ്‌റസാധ്യാപകന്‍ ഗ്രാമത്തലവന്‍;   തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് എട്ട് ഹിന്ദു സ്ഥാനാര്‍ഥികളെ
X

അയോധ്യ: ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഹിന്ദു ഭൂരിപക്ഷ മേഖലയായ അയോധ്യയിലെ ഗ്രാമത്തില്‍ ഗ്രാമത്തലവനായി(ഗ്രാമപ്രധാന്‍) തിരഞ്ഞെടുത്തത് മദ്‌റസാധ്യാപകനായ മുസ് ലിം യുവാവിനെ. റുഡൗലി നിയമസഭാ മണ്ഡലത്തിലെ മാവായ് ബ്ലോക്കിലെ രാജന്‍പൂര്‍ ഗ്രാമവാസികളാണ് ഹാഫിസ് അസീമുദ്ദീന്‍ ഖാനെ അവരുടെ ഗ്രാമത്തലവനായ തിരഞ്ഞെടുത്തത്. ഭൂരിഭാഗവും ഹൈന്ദവ വിശ്വാസികളുള്ള ഗ്രാമത്തിലെ ഏക മുസ്ലിം കുടുംബമാണ് ഹാഫിസ് അസീമിന്റേതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. കര്‍ഷകനായ അസീമുദ്ദീന്‍ ഇസ് ലാമിക മതപഠന കേന്ദ്രത്തില്‍ ആലിം ബിരുദം നേടിയിട്ടുണ്ട്. 10 വര്‍ഷത്തോളം മദ്‌റസാധ്യാപകനായി സേവനമനുഷ്ഠിച്ച ഹാഫിസ് അസീമുദ്ദിന്‍ ഖാന്‍ കുടുംബത്തിന്റെ പരമ്പരാഗത കാര്‍ഷികവ്യാപാരത്തില്‍ പങ്ക് ചേരുകയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള 50 ഏക്കര്‍ ഭൂമിയില്‍ ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നുണ്ട്.

ഗ്രാമപ്രധാനു വേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മല്‍സരിച്ചത്. ഇതില്‍ ഏക മുസ് ലിം സ്ഥാനാര്‍ത്ഥിയായ ഹാഫിസ് അസീമുദ്ദീന്‍ ആകെയുള്ള 600ല്‍ 200 വോട്ടും നേടിയാണ് വിജയിച്ചത്. ഹിന്ദുമത വിശ്വാസികളായ സ്ഥാനാര്‍ത്ഥികള്‍ പെന്‍ഷന്‍, പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള വീട്, ഭൂമി അനുവദിക്കല്‍(പട്ടയം) എന്നിവ വാഗ്ദാനം ചെയ്‌തെങ്കില്‍ ഗ്രാമീണര്‍ ഹാഫിസ് അസീമുദ്ദീന്‍ ഖാനാണ് വോട്ട് നല്‍കിയത്.

ഹിന്ദു-മുസ് ലിം ഐക്യത്തിന്റെ വിജയമാണിതെന്ന് ഹാഫിസ് അസിമുദ്ദീന്‍ പറഞ്ഞു. ''രാജന്‍പൂര്‍ ഗ്രാമത്തില്‍ മാത്രമല്ല, അയോധ്യയിലെ മുഴുവന്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഉദാഹരണമാണ് എന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപ്രധാനുള്ള എല്ലാ ഫണ്ടുകളും ഗ്രാമത്തിന്റെ വികസനത്തിനായി വിനിയോഗിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കൂടാതെ എംഎന്‍ആര്‍ഇജിഎയ്ക്ക് കീഴിലുള്ള എല്ലാവര്‍ക്കും ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അസിമുദ്ദീന്റെ വിജയത്തില്‍ സന്തുഷ്ടനാണെന്ന് രാജന്‍പൂര്‍ ഗ്രാമവാസിയും 53കാരനുമായ രാധയ് ശ്യാം പറഞ്ഞു. ''അസിമുദ്ദീന്റെ വിജയം ഈ ഗ്രാമത്തിലെയും അയോധ്യയിലെയും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സൂചനയാണ്. അസിമുദ്ദീന്‍ സ്ഥാനാര്‍ത്ഥിത്വത്തിന് അപേക്ഷ നല്‍കിയപ്പോള്‍ തന്നെ ഞങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.


അസിമുദ്ദീന്റെ വിജയം ഗ്രാമത്തിലെ ഏതെങ്കിലും ജാതികള്‍ക്കിടയില്‍ ശത്രുതയില്ലെന്ന് ഉറപ്പാക്കുമെന്ന് 61 കാരനായ സമ്പത്ത് ലാല്‍ ചൂണ്ടിക്കാട്ടി. ''ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ അവരുടെ ജാതിയുടെ അടിസ്ഥാനത്തില്‍ വോട്ട് തേടിയതിനാല്‍, അസീമുദ്ദീന്‍ ഒഴികെയുള്ള ഏതൊരു സ്ഥാനാര്‍ത്ഥിയുടെയും വിജയം ഹിന്ദു സമുദായത്തിലെ വിവിധ ജാതികള്‍ക്കിടയില്‍ ഐക്യത്തിന് കാരണമാവുമെന്നും സമ്പത്ത് ലാല്‍ പറഞ്ഞു. കൊവിഡ് -19 മഹാമാരി കാരണം ഗ്രാമപ്രധാന്മാരുടെയും സില(ജില്ലാ) പഞ്ചായത്ത് അംഗങ്ങളുടെയും സത്യപ്രതിജ്ഞാ ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുകയാണ്. ചെയര്‍മാന്‍, സില പഞ്ചായത്ത്, ബ്ലോക്ക് പ്രമുഖുകള്‍ എന്നിവരുടെ തിരഞ്ഞെടുപ്പും സര്‍ക്കാര്‍ നീട്ടിവച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇക്കുറി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയാണ് മേല്‍ക്കൈ നേടിയത്.

Hindu-dominated village in Ayodhya elects lone Muslim candidate as pradhan

Next Story

RELATED STORIES

Share it