Sub Lead

വടക്കന്‍ കേരളത്തില്‍ പെരുമഴ; കാസര്‍കോഡ് നാളെയും റെഡ് അലര്‍ട്ട്

കാസര്‍കോട് പനങ്കാവില്‍ പുഴ വഴി മാറി ഒഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. കനത്ത മഴയില്‍ കാസര്‍ഗോഡ് കുമ്പളയില്‍ പാലം തകര്‍ന്നു.

വടക്കന്‍ കേരളത്തില്‍ പെരുമഴ; കാസര്‍കോഡ് നാളെയും റെഡ് അലര്‍ട്ട്
X

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. സംസ്ഥാനത്തൊട്ടാകെ ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കോഴിക്കോട്ടെ ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്‍ മരിച്ചു. അതുല്‍ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കാസര്‍കോട് പനങ്കാവില്‍ പുഴ വഴി മാറി ഒഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. കനത്ത മഴയില്‍ കാസര്‍ഗോഡ് കുമ്പളയില്‍ പാലം തകര്‍ന്നു. ബംബ്രാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. കുമ്പളയില്‍ നിന്നു കൊടിയമ്മയിലേക്കുള്ള റോഡാണിത്. ഈ റോഡിലൂടെ ബസ്സടക്കം നിരവധി വാഹനങ്ങള്‍ സ്ഥിരമായി പോകാറുണ്ട്. കരിന്തളം വില്ലേജില്‍ പെരിയങ്ങാനം ചാമുണ്ഡിക്കാവിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചെറു ഉരുള്‍പൊട്ടല്‍. കാര്യമായ നാശനഷ്ടങ്ങളില്ല.



നാളെ ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതേ സമയം, മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ 22ന് റെഡ് അലര്‍ട്ട് ഉള്ള സാഹചര്യത്തിലാണിത്. ദുരന്തപ്രതിരോധ നിവാരണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഞായറാഴ്ച്ച രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിവിധ ജില്ലകളിലെ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുതുക്കി.

റെഡ് അലര്‍ട്ട്

ജൂലൈ 21- ഇടുക്കി, കാസര്‍കോഡ്

ജൂലൈ 22- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

ഓറഞ്ച് അലര്‍ട്ട്

ജൂലൈ 21- കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍

ജൂലൈ 22- ഇടുക്കി, കാസര്‍കോഡ്

ജൂലൈ 23- ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്

ജൂലൈ 24- കണ്ണൂര്‍, കാസര്‍കോഡ്

Next Story

RELATED STORIES

Share it