Sub Lead

മഴ: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തമിഴ്‌നാട് തീരത്തോട് ചേര്‍ന്നുള്ള ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ തൃശൂര്‍ ജില്ലയില്‍ പരക്കെ നാശമുണ്ടായി. കനത്ത മഴയില്‍ തൃക്കൂര്‍ മാക്കിലകുളം തോടിന്റെ ബണ്ട് പൊട്ടി പ്രദേശത്തെ 5 വീടുകളില്‍ വെള്ളം കയറി. മറ്റത്തൂര്‍ വെള്ളിക്കുളം വലിയ തോടും പൂവാലിത്തോടും കവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. വരന്തരപ്പിള്ളി കുരുടിപാലത്തിന് സമീപത്തെ കടകളില്‍ വെള്ളം കയറി. ചാലക്കുടി കൊന്നക്കുഴിയില്‍ കോഴിഫാമിലേക്ക് വെള്ളം കയറി മുന്നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ മതില്‍ ഇടിഞ്ഞ് 2 വീടുകള്‍ക്ക് വിള്ളല്‍ വീണു.

കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ നേരിയ ഉരുള്‍പൊട്ടലുണ്ടായി. ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നതോടെയാണ് പലയിടങ്ങളിലും വെള്ളം കയറിയത്. കൊളക്കാടന്‍ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി.

കോഴിക്കോടും കനത്ത മഴയാണ് പെയ്യുന്നത്. മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ചേവായൂര്‍, വെള്ളയില്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. രാത്രി 7.30 ഓടെ തുടങ്ങിയ മഴയില്‍ മുക്കത്ത് കടകളില്‍ വെള്ളം കയറി. ചൂലൂരിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

Next Story

RELATED STORIES

Share it