Sub Lead

സംഘര്‍ഷത്തെതുടര്‍ന്ന് ചികില്‍സ മുടങ്ങി; പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ ആള്‍ മരിച്ചു

330 കിലോ തൂക്കമുളള 55കാരനായ നൂറുല്‍ ഹസനാണ് മരിച്ചത്. ലാഹോറിലെ ഷാലമാര്‍ ആശുപത്രിയിലാണ് സംഭവം

സംഘര്‍ഷത്തെതുടര്‍ന്ന് ചികില്‍സ മുടങ്ങി; പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ ആള്‍ മരിച്ചു
X

ലാഹോര്‍: ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് മതിയായ ചികില്‍സ ലഭിക്കാതെ പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരിച്ചു. 330 കിലോ തൂക്കമുളള 55കാരനായ നൂറുല്‍ ഹസനാണ് മരിച്ചത്.

ലാഹോറിലെ ഷാലമാര്‍ ആശുപത്രിയിലാണ് സംഭവം. ചികില്‍സയിലിരിക്കെ രോഗിയായ സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ തുടര്‍ന്ന് ഐസിയുവില്‍ ചികില്‍സയിലായിരുന്ന നൂറുല്‍ ഹസനും മറ്റൊരു രോഗിയും മതിയായ ചികില്‍സ ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.അക്രമസംഭവങ്ങളെ തുടര്‍ന്ന് നിരവധി ജീവനക്കാര്‍ ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ടതോടെ ഐസിയുവില്‍ ജീവനക്കാര്‍ ഇല്ലാതെ വരികയും തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ നൂറുള്‍ ഹസന്റെ നില വഷളാവുകയുമായിരുന്നു.

വനിതാ രോഗിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കള്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രി അടിച്ചുതകര്‍ക്കുകയും വെന്റിലേറ്റര്‍ നിശ്ചലമാക്കുകയും ചെയ്ത ബന്ധുക്കള്‍ ഡോക്ടര്‍മാരെ മര്‍ദിച്ചതായും റിപോര്‍ട്ടുകളുണ്ട്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഐസിയുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാര്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഒരു മണിക്കൂറോളം മതിയായ ചികില്‍സ കിട്ടാതെ വന്നതോടെ നൂറുലിന്റെ നില വഷളായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. നില വഷളായ നൂറുലിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍ മസൂല്‍ ഹസന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാക് സൈനിക ഹെലികോപ്റ്ററില്‍ 55കാരനായ നൂറുള്‍ ഹസനെ എയര്‍ലിഫ്റ്റ് ചെയ്തത് കഴിഞ്ഞ മാസം വലിയ വാര്‍ത്തയായിരുന്നു.

അതേസമയം, പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ ആളാണ് നൂറുല്‍ ഹസന്‍ എന്ന മാധ്യമ റിപോര്‍ട്ടുകള്‍ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Next Story

RELATED STORIES

Share it