Sub Lead

വെറുപ്പും അക്രമവും ബഹിഷ്‌കരണവും രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നു: രാഹുല്‍ ഗാന്ധി

വെറുപ്പും അക്രമവും ബഹിഷ്‌കരണവും രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നു: രാഹുല്‍ ഗാന്ധി
X

Hate, violence and exclusion weakening country, says Rahul Gandhi: രാമനവമി ആഘോഷങ്ങള്‍ക്കിടെ രാജ്യത്ത് വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വെറുപ്പും അക്രമവും ബഹിഷ്‌കരണവും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 'വെറുപ്പ്, അക്രമം, നിഷേധം എന്നിവ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കല്ലുകള്‍കൊണ്ടാണ് പുരോഗതിയുടെ പാത നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് നില്‍ക്കാം'- രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ പോലിസുകാരനടക്കം 20 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഗുജറാത്തില്‍ രണ്ടിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ഒരാള്‍ മരിച്ചു. ജാര്‍ഖണ്ഡിലും പശ്ചിമബംഗാളിലും അക്രമങ്ങള്‍ അരങ്ങേറി. ജാര്‍ഖണ്ഡില്‍ ഒരാള്‍ മരിച്ചതായും റിപോര്‍ട്ടുണ്ട്. മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ജെഎന്‍യുവിലുണ്ടായ സംഘര്‍ഷത്തില്‍ വ്യാപക അക്രമം അരങ്ങേറി.

കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അക്രമത്തിനു പിന്നില്‍ എബിവിപി ആണെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. ഞായറാഴ്ച ഹോസ്റ്റലുകളില്‍ മാംസാഹാരം വിളമ്പരുതെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിനെ മറ്റ് വിദ്യാര്‍ഥികള്‍ ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. കാംപസിനുള്ളില്‍ മാംസാംഹാരം വിലക്കിയ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടെന്ന് ഇടതുവിദ്യാര്‍ഥി സംഘടനാ നേതാവ് ഐഷ ഘോഷ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it