Sub Lead

വിദ്വേഷ പ്രസംഗം: മലയാളം മിഷൻ കോഓഡിനേറ്റർ ദുർഗാദാസിനെ പുറത്താക്കി

കേരള സംസ്ഥാന സർക്കാരിനു കീഴിൽ വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്കിടയിൽ ഭാഷാപഠനം സാധ്യമാക്കുന്നതിനായി രൂപവത്കരിച്ച മലയാളം മിഷന്‍റെ ഖത്തർ കോഓഡിനേറ്ററാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്‍റായി ജോലിചെയ്യുന്ന ദുർഗാദാസ് ശിശുപാലൻ.

വിദ്വേഷ പ്രസംഗം: മലയാളം മിഷൻ കോഓഡിനേറ്റർ ദുർഗാദാസിനെ പുറത്താക്കി
X

ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ ഗൾഫ് രാജ്യങ്ങൾക്കും തൊഴിൽ തേടിയെത്തിയ പ്രവാസികൾക്കുമെതിരേ വിദ്വേഷ പരാമർശം നടത്തിയ ഖത്തറിലെ മലയാളം മിഷൻ കോഓഡിനേറ്റർ ദുർഗാദാസ് ശിശുപാലനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ശിശുപാലനെതിരേ പ്രവാസലോകത്ത് കടുത്തപ്രതിഷേധം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ ഖത്തറിൽനിന്നെത്തിയ പ്രതിനിധി എന്നനിലയിൽ സദസ്സിൽനിന്നുന്നയിച്ച ചോദ്യത്തിലാണ് കടുത്ത വിദ്വേഷ പരാമർശങ്ങൾ ഉന്നയിച്ചത്. ഗൾഫ് നാടുകളിൽ വലിയ തോതിൽ മതപരിവർത്തനം നടത്തുന്നതായും തീവ്രവാദികളുടെ ലൈംഗിക ആവശ്യത്തിനായി നഴ്സുമാരെ റിക്രൂട്ട്മെന്‍റ് ചെയ്യുന്നുവെന്നുമാണ് ഇദ്ദേഹം ആരോപണം ഉന്നയിച്ചത്.

ചോദ്യത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗൾഫ് മലയാളികൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി സംഘടനകളും വ്യക്തികളും ഖത്തറിലെ ഇന്ത്യൻ അംബാസഡർ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രാലയം, നോർക്ക തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പരാതികൾ നൽകി. സാമൂഹിക മാധ്യമങ്ങളിലും ഇയാൾക്കെതിരേ കടുത്ത വിമർശനമാണ് ഉയര്‍ന്നത്. പി സി ജോർജ് വർഗീയ പരാമർശം നടത്തിയ അനന്തപുരി ഹിന്ദുമഹാസമ്മേളന വേദിയിൽ വെച്ചായിരുന്നു ദുർഗാദാസിന്‍റെയും വിഷംതുപ്പുന്ന വാക്കുകൾ.

കേരള സാംസ്കാരിക വകുപ്പിന് കീഴിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉപാധ്യക്ഷനുമായാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്കിടയിൽ ഭാഷാപഠനം സാധ്യമാക്കുന്നതിനായി രൂപവത്കരിച്ച മലയാളം മിഷന്‍റെ ഖത്തർ കോഓഡിനേറ്ററാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്‍റായി ജോലിചെയ്യുന്ന ദുർഗാദാസ് ശിശുപാലൻ.

30 വിദേശ രാജ്യങ്ങളിൽ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ഖത്തറിലെ കോഓഡിനേറ്ററായി സംഘപരിവാര്‍ ബന്ധമുള്ളയാളെ നിയമിച്ചത് നേരത്തേതന്നെ വിവാദമായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഗുരുതര വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. വിദ്വേഷവും വർഗീയതയും പടർത്തുന്ന വാദങ്ങൾ ഉന്നയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ആരുടെ താല്‍പര്യപ്രകാരമാണ് ദുര്‍ഗാദാസിനെ മലയാളം മിഷനില്‍ തുടരാന്‍ അനുവദിക്കുന്നതെന്ന ചോദ്യവുമായി ഗൾഫ് മലായാളികൾ രംഗത്തു വന്നിരുന്നു. വിവിധ സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാരിനും അധികൃതർക്കും നൽകിയ പരാതിയില്‍ ഗത്യന്തരമില്ലാതെയാണ് സര്‍ക്കാര്‍ നടപടി.

Next Story

RELATED STORIES

Share it