Sub Lead

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപിക്ക് വോട്ടുചെയ്ത ഹരിയാന എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപിക്ക് വോട്ടുചെയ്ത ഹരിയാന എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി
X

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്ത ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയിയെ പാര്‍ട്ടി പുറത്താക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള പ്രത്യേക ക്ഷണിതാവ് ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നുമാണ് എംഎല്‍എയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പുറത്താക്കിയത്. ആദംപൂരില്‍ നിന്നുള്ള എംഎല്‍എയായ കുല്‍ദീപ് ബിഷ്‌ണോയിയുടെ നിയമസഭാംഗത്വം റദ്ദുചെയ്യാനും കോണ്‍ഗ്രസ് നടപടി തുടങ്ങി. ഇതിനായി സ്പീക്കര്‍ക്ക് ഉടന്‍ കത്ത് നല്‍കും. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിന് എംഎല്‍എക്കെതിരേ നടപടി ആവശ്യപ്പെട്ടതായി ഹരിയാന കോണ്‍ഗ്രസ് വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലെ തിരിച്ചടിക്ക് പിന്നാലെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ശിവസേന.

ഹരിയാനയിലെ നിര്‍ണായകമായ ഒരു സീറ്റില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിക്കിടയാക്കിയത് കുല്‍ദീപ് ബിഷ്‌ണോയിയുടെ അപ്രതീക്ഷിത നീക്കമാണ്. അജയ് മാക്കന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ തുടക്കം മുതല്‍ പ്രതിഷേധിച്ച ബിഷ്‌ണോയിയെ ഒപ്പം നിര്‍ത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചെങ്കിലും വോട്ടുവീണത് ബിജെപിയുടെ അക്കൗണ്ടിലാണ്. 0.66 വോട്ടിന്റെ അധിക മൂല്യത്തില്‍ ബിജെപി സ്വതന്ത്രന്‍ ജയിച്ചത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറി. ബിജെപി സ്ഥാനാര്‍ഥി കൃഷന്‍ പന്‍വാറും ബിജെപി- ജെജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയും മാധ്യമ ഭീമനുമായ കാര്‍ത്തികേയ ശര്‍മയും വിജയിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് എംഎല്‍എ ബിഷ്‌ണോയി ബിജെപിക്ക് വോട്ടുചെയ്തതോടെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് അജയ് മാക്കന്‍, ശര്‍മയോട് അപ്രതീക്ഷിതമായി പരാജയപ്പെടുകയായിരുന്നു. അതേസമയം, മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റ് ശിവസേന പ്രതീക്ഷിച്ചെങ്കിലും 41 വോട്ടുകള്‍ നേടി ബിജെപി വിജയിച്ചു. 13 സ്വതന്ത്രരുടെ പിന്തുണ പ്രതീക്ഷിച്ച മഹാവികാസ് അഘാഡി സഖ്യത്തെ അഞ്ചുപേര്‍ മാത്രം തുണച്ചപ്പോള്‍ ആകെ കിട്ടിയത് 36 വോട്ടാണ്. ബാലറ്റ് പേപ്പര്‍ പരസ്യപ്പെടുത്തിയെന്ന ബിജെപിയുടെ പരാതിയില്‍ ശിവസേന അംഗത്തിന്റെ വോട്ട് അസാധുവാക്കുകയും ചെയ്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന രാജ്യസഭാ തിരഞ്ഞടുപ്പിലെ തിരിച്ചടി പ്രതിപക്ഷ ക്യാംപിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it