Sub Lead

ഗ്യാന്‍വാപി മസ്ജിദ്: രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും ഇടപെടണം: ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

ഭക്തിയുടെ അടിസ്ഥാനത്തിലല്ല, തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കേണ്ടത്

ഗ്യാന്‍വാപി മസ്ജിദ്: രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും ഇടപെടണം: ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്
X

ന്യൂഡല്‍ഹി: ഗ്യാന്‍വാഹി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയ വാരാണസി കോടതി വിധിക്കെതിരേ ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് രംഗത്ത്. ഗ്യാന്‍വാപി വിഷയത്തില്‍ മുസ് ലിംകള്‍ ക്ഷേത്രം നശിപ്പിച്ചാണ് പള്ളി പണിതതെന്ന വാദം തീര്‍ത്തും അസത്യമാണെന്നും ഭക്തിയുടെ അടിസ്ഥാനത്തിലല്ല, തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കേണ്ടതെന്നും ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ ഖാലിദ് സൈഫുല്ല റഹ്്മാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാരാണസി കോടതിയുടെ ഉത്തരവിനു പിന്നാലെ ധൃതി പിടിച്ച് ഇരുമ്പ് ഗ്രില്ലുകള്‍ തകര്‍ത്ത് വിഗ്രഹങ്ങള്‍ സ്ഥാപിച്ച് പൂജ തുടങ്ങിയതില്‍ എഐഎംപിഎല്‍ബി ആശങ്ക രേഖപ്പെടുത്തി. ഈ നിലവറയില്‍ ഒരിക്കലും പൂജ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. അസംബന്ധവും അടിസ്ഥാനരഹിതവുമായ അവകാശവാദത്തെ അടിസ്ഥാനമാക്കിയുള്ള ജില്ലാ ജഡ്ജിയുടെ തീരുമാനം വളരെ സംശയാസ്പദമാണ്. അദ്ദേഹത്തിന്റെ സേവനത്തിന്റെ അവസാന ദിവസത്തെ സമയം കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും സംശകരമാണെന്നും ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വ്യക്തമാക്കി. യുപിയിലെ വാരണാസി ജില്ലാ ജഡ്ജി അജയ കൃഷ്ണ വിശ്വേശയാണ് വിരമിക്കുന്ന അവസാന ദിവസം, ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു പക്ഷത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയത്.

വിഷയത്തില്‍ രാഷ്ട്രപതിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസും ഇടപെടണമെന്ന് മുസ് ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അറിയിക്കാന്‍ സമയം തേടിയിട്ടുണ്ട്. വിധി കോടതികളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും അപ്പുറം, ന്യൂനപക്ഷ സമുദായങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും അവഗണനയും നിരാശയും ഉണ്ടാക്കുന്നതില്‍നിന്നും സംരക്ഷിക്കേണ്ടതുമാണ്. ഡല്‍ഹിയിലെ സുന്‍ഹേരി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് എന്നിവിടങ്ങളിലും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെടുന്നു. ആരാധനാലയങ്ങളിന്‍മേല്‍ അനാവശ്യമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഗ്യാന്‍വാപി പള്ളി പണിയാന്‍ ക്ഷേത്രം തകര്‍ത്തുവെന്ന പ്രചാരണം തെറ്റാണെന്ന് എഐഎംപിഎല്‍ബി പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു. ബാബരി മസ്ജിദ് വിധിയില്‍, ക്ഷേത്രം പൊളിച്ചിട്ടല്ല പണി പണിതതെന്ന് അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മറുപക്ഷത്തിന് അനുകൂലമായ തീരുമാനമാണ് എടുത്തത്. കോടതികള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല വിധി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, കനത്ത സുരക്ഷയില്‍ ഗ്യാന്‍വാപി മസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടത്തി. നിരവധി പേരാണ് ജുമുഅ നമസ്‌കാരത്തിനെത്തിയത്. മസ്ജിദിന്റെ നിലവറയില്‍ ഹിന്ദു പക്ഷം ഇന്നും പൂജ നടത്തി. ദിവസവും അഞ്ചുനേരം പൂജ നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുണ്ട്. വാരണാസിയിലെ മുസ് ലിം ആധിപത്യ പ്രദേശങ്ങളില്‍ മസ്ജിദ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ബന്ദ് ആചരിച്ചു. കടകള്‍ അടച്ചും പള്ളികളില്‍ പ്രാര്‍ഥനകള്‍ നടത്തിയുമാണ് ബന്ദ് ആചരിച്ചത്. അതിനിടെ, ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ മുസ് ലിം നേതാക്കള്‍ക്ക് ഡല്‍ഹി പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ അനുമതി നിഷേധിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ സമീഉല്ലാ ഖാന്‍ എക്‌സില്‍ ആരോപിച്ചു. തുടര്‍ന്ന് നേതാക്കള്‍ ഡല്‍ഹി ജംഇയ്യത്ത് ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഇത് മുസ് ലിം സമുദായത്തെ അപമാനിക്കലാണ്. പ്രസ് ക്ലബ്ബ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it