Sub Lead

10 മിനിറ്റ് ബാങ്കുവിളി ശബ്ദമലിനീകരണം ആണെങ്കില്‍ ക്ഷേത്രങ്ങളിലെ ഭജനയോ...?; ബാങ്കുവിളിക്കെതിരായ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി

10 മിനിറ്റ് ബാങ്കുവിളി ശബ്ദമലിനീകരണം ആണെങ്കില്‍ ക്ഷേത്രങ്ങളിലെ ഭജനയോ...?; ബാങ്കുവിളിക്കെതിരായ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി
X
അഹമ്മദാബാദ്: മുസ് ലിം പള്ളികളിലെ ബാങ്കുവിളിക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹരജി രൂക്ഷവിമര്‍ശനത്തോടെ ഗുജറാത്ത് ഹൈക്കോടതി തള്ളി. മനുഷ്യശബ്ദം ഉച്ചഭാഷിണികളിലൂടെ അനുവദനീയമായ പരിധിക്കപ്പുറം ശബ്ദ ഡെസിബലുകള്‍ ഉയര്‍ത്തുന്നതെങ്ങനെയെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സുനിതാ അഗര്‍വാള്‍, ജസ്റ്റിസ് അനിരുദ്ധ മയീ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഹരജി തീര്‍ത്തും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും പകല്‍സമയത്ത് അഞ്ച് തവണ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്കുവിളിക്കുന്നത് ശബ്ദമലിനീകരണം ഉണ്ടാക്കില്ലെന്നും ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. ഡോ. ധര്‍മേന്ദ്ര പ്രജാപതി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശല്യത്തിനും ശബ്ദ മലിനീകരണത്തിനും കാരണമാവുമെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ശബ്ദമലിനീകരണം ഉണ്ടാക്കുമെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് ഹരജിക്കാരന്‍ പറയുന്നതെന്ന് ബെഞ്ച് ആരാഞ്ഞു. നിങ്ങള്‍ ശല്യപ്പെടുത്താത്ത സംഗീതം പ്ലേ ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് സംഗീതം കേള്‍ക്കുന്നത് വീട്ടിലാണെന്നും പള്ളി പോലെയുള്ള പൊതു സ്ഥലത്തല്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ഡിജി ശുക്ല വാദിച്ചു.

എന്നാല്‍, ഞങ്ങള്‍ വീടുകളില്‍ കേള്‍ക്കുന്ന സംഗീതത്തെക്കുറിച്ചല്ല സംസാരിക്കുന്നതെന്നും നിങ്ങള്‍ ക്ഷേത്രത്തില്‍ ഭജനയ്‌ക്കോ ആരതിക്കോ വേണ്ടി ഉച്ചത്തില്‍ സംഗീതം വായിക്കുന്നതിനെ കുറിച്ചാണെന്നും ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു. അത് ശല്യപ്പെടുത്തുന്നില്ലേ? എങ്കില്‍പിന്നെ എങ്ങനെയാണ് ബാങ്കുവിളി ശല്യമുണ്ടാക്കുന്നത്. ഇത് കുറച്ച് മിനിറ്റുകള്‍ക്കുള്ളതാണ്. ദിവസം മുഴുവനുമായാല്‍ 10ല്‍ താഴെ മിനിറ്റുകളില്‍ താഴെയാണെന്നും ചീഫ് ജസ്റ്റിസ് സുനിതാ അഗര്‍വാള്‍ പറഞ്ഞു. ബാങ്കുവിളി സമയത്ത് ശബ്ദം എത്ര ഡെസിബെല്‍ ഉയരുമെന്നും കോടതി ചോദിച്ചു. 'നിങ്ങളുടെ ഡിജെയുടെ കാര്യമോ? അത് വളരെയധികം മലിനീകരണം സൃഷ്ടിക്കുന്നു. ഞങ്ങള്‍ ഇത്തരമൊരു പൊതുതാല്‍പര്യ ഹരജി സ്വീകരിക്കുന്നില്ല. ബാങ്കുവിളി ഷങ്ങളായി ഒരുമിച്ചു നടക്കുന്ന വിശ്വാസവും ആചാരവുമാണ്. ഇത് 10 മിനിറ്റ് പോലും തികയില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

എന്നാല്‍, ക്ഷേത്രങ്ങളിലെ ആരതിയില്‍ നിന്ന് വ്യത്യസ്തമായി ദിവസത്തില്‍ അഞ്ച് തവണയാണ് ബാങ്കുവിളി നടക്കുന്നതെന്നായിരുന്നു ഹരജിക്കാരന്റെ അഭിഭാഷകന്റെ വാദം. 'അപ്പോള്‍ നിങ്ങളുടെ ക്ഷേത്രങ്ങളില്‍, അതിരാവിലെ ആരംഭിക്കുന്ന താളവാദ്യങ്ങളുമുള്ള പ്രഭാത ആരതി ആരെയും ശല്യപ്പെടുത്തുന്നില്ലേ?. അതിന്റെ ആരവം ക്ഷേത്രപരിസരത്ത് മാത്രം നിലനില്‍ക്കുമെന്നു പറയാമോ? പരിസരത്ത് നിന്ന് പുറത്തുകടക്കുകയില്ലേയെന്നും ചീഫ് ജസ്റ്റിസ് അഗര്‍വാള്‍ മറുചോദ്യം ഉന്നയിച്ചു. ഇതിന്, ചില പൊതു സ്ഥലങ്ങളില്‍ ഉച്ചഭാഷിണി പോലുള്ള പബ്ലിക് അഡ്രസ് സിസ്റ്റങ്ങള്‍ (PAS) ഉപയോഗിക്കാന്‍ അനുവദിക്കാത്ത ശബ്ദ മലിനീകരണ നിയമങ്ങള്‍ നിലവിലുണ്ടെന്ന് അഭിഭാഷകന്‍ ശുക്ല ചൂണ്ടിക്കാട്ടിയപ്പോള്‍, എന്തായാലും ഒരുദിവസത്തില്‍ 10 മിനിറ്റ് മാത്രം നടക്കുന്ന ബാങ്കുവിളി ശബ്ദമലിനീകരണത്തിന് കാരണമാവില്ലെന്നും ബെഞ്ച് ആവര്‍ത്തിച്ചു.

'ശബ്ദ മലിനീകരണം എന്നത് ഡെസിബലിന്റെ അളവിലുള്ള അളവാണ്. 10 മിനിറ്റിനുള്ളില്‍, എത്ര ഡെസിബെല്‍ ഉയരുന്നു? അത് എത്രമാത്രം ശബ്ദമലിനീകരണത്തിന് കാരണമാവും? ബാങ്കുവിളി സമയത്ത് ഡെസിബെല്‍ അളക്കുന്ന ഈ ശാസ്ത്രീയ വശത്തെക്കുറിച്ച് നിങ്ങള്‍ വാദിക്കുന്നു, എന്നിട്ട് എന്തെങ്കിലും മലിനീകരണം ഉണ്ടായാല്‍ പറയുകയെന്നും ബെഞ്ച് നിരീക്ഷിച്ചു. ബാങ്കുവിളി സമയത്ത് ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ഡെസിബെല്‍ അളവ് അളന്നിട്ടുണ്ടോയെന്ന് കാണിക്കുന്നതില്‍ ഹരജിക്കാരന്‍ പരാജയപ്പെട്ടതായി ബെഞ്ച് ചൂണ്ടിക്കാട്ടി. ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളി നടക്കുന്ന പ്രദേശങ്ങളില്‍ വിവിധ സമുദായങ്ങളിലും മതങ്ങളിലും പെട്ട ആളുകള്‍ താമസിക്കുന്നുണ്ടെന്നും അത് അസ്വസ്ഥതകള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. 'ഇത് തീര്‍ത്തും തെറ്റിദ്ധാരണാജനകമായ ഒരു പൊതുതാല്‍പര്യ ഹരജിയാണ്. ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കുമ്പോഴുണ്ടാവുന്ന മനുഷ്യശബ്ദം പൊതുജനങ്ങള്‍ക്ക് ആരോഗ്യത്തിന് ഹാനികരമാകുന്ന ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന തരത്തില്‍ ഡെസിബെല്‍ എങ്ങനെ ഉയരുമെന്ന് മനസ്സിലാവുന്നില്ല. അതിനാല്‍, ഈ പൊതുതാല്‍പര്യ ഹരജി പരിഗണിക്കാന്‍ കാരണങ്ങളൊന്നും കാണുന്നില്ല. ആയതിനാല്‍ ഹരജി തള്ളിക്കളയുന്നുവെന്നും ബെഞ്ച് ഉത്തരവിട്ടു.

Next Story

RELATED STORIES

Share it