Sub Lead

ഗവര്‍ണറുടെ സ്റ്റാഫും കേരള വിസിയും ആര്‍എസ്എസ് വേദിയില്‍

ഗവര്‍ണറുടെ സ്റ്റാഫും കേരള വിസിയും ആര്‍എസ്എസ് വേദിയില്‍
X

തിരുവനന്തപുരം: ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയാണെന്ന വിമര്‍ശനം ശക്തമാവുന്നതിനിടെ ആര്‍എസ്എസ്സിന്റെ വേദി പങ്കിട്ട് ഗവര്‍ണറുടെ അഡീഷനല്‍ പേഴ്‌സനല്‍ അസിസ്റ്റന്റും ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലറും. ഗവര്‍ണറുടെ അഡീഷനല്‍ പേഴ്‌സനല്‍ അസിസ്റ്റന്റ് ഹരി എസ് കര്‍ത്തയും ഗവര്‍ണര്‍ നിയമിച്ച കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മലുമാണ് ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തത്. ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖവുമായിരുന്ന പി പരമേശ്വരന്റെ അനുസ്മരണ പരിപടിയിലാണ് ഇരുവരുമെത്തിയത്.

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവരെല്ലാം സംഘപരിവാറിനൊപ്പം സഞ്ചരിക്കുന്നവര്‍ മാത്രം. ആരോഗ്യസര്‍വകലാശാല വിസിയായ മോഹനന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാലാ വിസിയുടെ താല്‍ക്കാലിക ചുമതല ഗവര്‍ണറാണ് നല്‍കിയത്. ആര്‍എസ്എസ് നിര്‍ദേശാനുസരണം അധിക ചുമതല ലഭിച്ചതിന്റെ നന്ദി സൂചകമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന വിമര്‍ശനം ശക്തമാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കരിക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന ആരോപണം ശരിവയ്ക്കുന്നത് കൂടിയാണ് ഈ നടപടികള്‍.

ഗവര്‍ണറുടെ സ്റ്റാഫിലുള്ളവര്‍ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് ചട്ടം. അല്ലാത്തപക്ഷം സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. ഇത് വാങ്ങിയിട്ടില്ലെന്നാണ് വിവരം. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മുറുകുമ്പോഴും ഇത്തരമൊരു വീഴ്ച ഗവര്‍ണരുടെ സ്റ്റാഫില്‍ നിന്ന് സംഭവിച്ചിട്ടും സര്‍ക്കാര്‍ മൗനത്തിലാണെന്നത് ശ്രദ്ധേയമാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പി എ ആയി ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന ഹരി എസ് കര്‍ത്തയെ നിയമിച്ചത് നേരത്തേ തന്നെ വിവാദമായിരുന്നു.

രാജ്ഭവന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടായിരുന്നു അന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഹരി എസ് കര്‍ത്തയുടെ നിയമനത്തിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് അന്ന് തന്നെ രംഗത്തെത്തിയിരുന്നു. സ്മാരക പ്രഭാഷണം നടത്തിയത് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ്. വേദിയിലുണ്ടായിരുന്നത് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍ സഞ്ജയന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ആര്‍എസ്എസ് നേതാക്കളായ ഒ രാജഗോപാല്‍, കെ സി സുധീര്‍ ബാബു, പ്രസിഡന്റ് ഡോ. എം മോഹന്‍ദാസ്, എസ് രാജന്‍പിള്ള എന്നിവരും.

സെര്‍ച്ച് കമ്മിറ്റി നല്‍കിയ ആദ്യ പേരുകാരെ തഴഞ്ഞ് മോഹനന്‍ കുന്നുമ്മലിനെ കേരള ആരോഗ്യ സര്‍വകലാശാല വിസിയായി ഗവര്‍ണര്‍ നിയമിച്ചത് അന്നുതന്നെ വിവാദമായിരുന്നു. മോഹനന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാലയുടെ വിസിയുടെ അധികചുമതല കൂടി ഗവര്‍ണര്‍ നല്‍കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. സംഘപരിവാര്‍ സംഘടനകളോടുള്ള അദ്ദേഹത്തിന്റെ അടുപ്പമാവും ഗവര്‍ണറുടെ പരിഗണനയ്ക്ക് പിന്നിലെന്ന ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെയാണ് ആര്‍എസ്എസ് വേദിയില്‍തന്നെ അദ്ദേഹം പരസ്യമായി പങ്കെടുത്തത്.

Next Story

RELATED STORIES

Share it