Sub Lead

സ്ത്രീകളോടുള്ള മോശം പെരുമാറ്റം മുതല്‍ അത്യാഡംഭര ജീവിതം വരെ; നരേന്ദ്ര ഗിരിയുടെ അരുമ ശിഷ്യനായിരുന്ന ആനന്ദ് ഗിരി എന്നും വിവാദങ്ങളുടെ തോഴന്‍

പന്ത്രണ്ടാം വയസില്‍ സന്ന്യാസ ജീവിതം ആരംഭിച്ച ആനന്ദ് ഗിരിയെ ചുറ്റിപറ്റി അടിമുടി ദുരൂഹതകളാണ് ഉയരുന്നത്.

സ്ത്രീകളോടുള്ള മോശം പെരുമാറ്റം മുതല്‍ അത്യാഡംഭര ജീവിതം വരെ; നരേന്ദ്ര ഗിരിയുടെ അരുമ ശിഷ്യനായിരുന്ന ആനന്ദ് ഗിരി എന്നും വിവാദങ്ങളുടെ തോഴന്‍
X

ന്യൂഡല്‍ഹി: അഖില ഭാരതീയ അഖാഡ പരിഷത്ത് മേധാവി മഹന്ത് നരേന്ദ്ര ഗിരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇദ്ദേഹത്തിന്റെ വിവാദ ശിഷ്യന്‍ ആനന്ദ് ഗിരി എന്നും വിവാദങ്ങളോടൊപ്പം സഞ്ചരിച്ച 'ഛോട്ടാ മഹാരാജ്' ആയിരുന്നു. പന്ത്രണ്ടാം വയസില്‍ സന്ന്യാസ ജീവിതം ആരംഭിച്ച ആനന്ദ് ഗിരിയെ ചുറ്റിപറ്റി അടിമുടി ദുരൂഹതകളാണ് ഉയരുന്നത്.


ഒരു സ്ത്രീയുമൊത്തുള്ള 'മോര്‍ഫ്' ചെയ്ത ചിത്രത്തിന്റെ പേരില്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുന്ന മൂന്ന് ശിഷ്യരുടെ പേരുകള്‍ എഴുതിവച്ചാണ് മഹന്ത് നരേന്ദ്ര ഗിരി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ആദി തിവാരി, സന്ദീപ് തിവാരി എന്നിവര്‍ക്കൊപ്പം നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചവരില്‍ പ്രധാനിയാണ് ആനന്ദ് ഗിരി.


38കാരനായ ആനന്ദ് ഗിരി ഒരു സന്യാസ ജീവിതത്തിന്റെ ലാളിത്യംവിട്ട് വര്‍ണ്ണാഭമായ ജീവിതമാണ് നയിച്ചിരുന്നത്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച അശോക് ലാല്‍ ചോട്ടിയ 12ാം വയസ്സിലാണ് സന്യാസ ദീക്ഷ സ്വീകരിച്ച് ആനന്ദ് ഗിരിയായി മാറിയത്. മഹന്ത് നരേന്ദ്ര ഗിരി ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ നിന്ന് ആനന്ദിനെ പ്രയാഗ്രാജിന്റെ ബഘാംബരി മഠത്തിലേക്ക് കൊണ്ടുവരുന്നത്. സ്വന്തം ഗുരു നരേന്ദ്രഗിരിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ആനന്ദ് ഗിരിയുടെ ജീവിതം സിനിമക്കഥകള്‍ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. ആനന്ദ് ഗിരിയെ നരേന്ദ്രഗിരി പിന്‍ഗാമിയെന്ന് നിലയിലാണ് കണ്ടിരുന്നത്.


യോഗയിലും പൂജയിലും ആനന്ദ് വളരെ വേഗം പ്രശസ്തി നേടി. നരേന്ദ്ര ഗിരി ഉള്‍പ്പെട്ടിരുന്ന പുരാതന സന്യാസ ക്രമമായ ശ്രീ പഞ്ചായത്തി അഖാഡ നിരഞ്ജനിയില്‍ 2007ല്‍ ആനന്ദിനെ ഉള്‍പ്പെടുത്തി. പ്രയാഗ്‌രാജിലെ പ്രശസ്തമായ ബഡെ ഹനുമാന്‍ ക്ഷേത്രത്തില്‍ 'ഛോട്ടെ മഹാരാജ്' എന്ന പേരിലാണ് ആനന്ദ് അറിയപ്പെട്ടിരുന്നത്.


ആനന്ദ് ഗിരി സംസ്‌കൃതം, ആയുര്‍വേദം, വേദങ്ങള്‍ എന്നിവ ഔപചാരികമായി പഠിച്ചു, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ (ബിഎച്ച്‌യു) ബിരുദം നേടി. യോഗാ തന്ത്രത്തില്‍ പിഎച്ച്ഡി ഉണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്.


മികച്ച വാക്ചാതുരിയുള്ള അദ്ദേഹം യോഗ പഠിപ്പിക്കുന്നതിലൂടെ സ്വന്തമായി അനുയായികളെയും വളര്‍ത്തിയെടുത്തു. ഇതിനിടെ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയാവുകയും ചെയ്തു. അത്തരമൊരു യാത്രയ്ക്കിടെ മദ്യഗ്ലാസ് ആനന്ദിന്റെ സമീപത്തിരിക്കുന്ന ചിത്രം പ്രചരിച്ചു. ഇതു വലിയ വിവാദമായതോടെഗ്ലാസിലുണ്ടായിരുന്നത് ആപ്പിള്‍ ജ്യൂസ് ആണെന്ന് പറഞ്ഞാണ് തടിയൂരിയത്.



അതിനിടെ, നിരവധി വിവാദങ്ങളിലും ഇയാള്‍ ചെന്നുചാടി. തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ കുപ്രസിദ്ധമായ അറസ്റ്റിന്റെ എപ്പിസോഡ് വന്നു. 2019 മേയില്‍, ആനന്ദ് ഗിരിയെ സിഡ്‌നി പോലിസ് അറസ്റ്റ് ചെയ്യുകയും ആസ്‌ത്രേലിയന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. 2016ലും 2018ലും രണ്ട് സ്ത്രീകളാണ് അദ്ദേഹത്തിനെതിരെ പരാതിയുമായി പോലിസിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു 2019 മേയില്‍ ആനന്ദ് ഗിരിയെ സിഡ്‌നി പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി കുറ്റവിമുക്തനാക്കി.


ആത്മീയ യോഗ്യതകളേക്കാള്‍ ഉല്ലാസ ജീവിതമാണ് ആനന്ദിനെ പ്രശസ്തനാക്കിയത്.ആഡംബര കാറുകളിലും യാട്ടുകളിലും വിദേശ രാജ്യങ്ങളിലുമുള്ള ആനന്ദിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ത്യാഗനിര്‍ഭരമായ സന്യാസത്തിനു നേര്‍വിരുദ്ധമാണ് ജീവിതശൈലിയാണ് ഇദ്ദേഹം പിന്തുടര്‍ന്നിരുന്നത്. തന്റെ കുടുംബവുമായി ആനന്ദ് ഗിരി ബന്ധം തുടരുന്നുവെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.


അതിനിടെ, ക്ഷേത്ര ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളില്‍ ആനന്ദിനുപങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പിന്തുണയുമായി കൂടെനിന്ന നരേന്ദ്രഗിരി കൈവിടുകയും ബഘാംബരി മഠത്തില്‍ നിന്നും നിരഞ്ജനി അഖാരയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ആനന്ദ് ബഡെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ആനന്ദ്ഗിരിക്ക് വിലക്ക് ഏര്‍പ്പെടുത്തി.


ഇതോടെ നരേന്ദ്രഗിരി ആനന്ദിന്റെ ശത്രുപക്ഷത്തായി. പിന്നാലെ മഠത്തിന്റെ സ്വത്തുക്കള്‍ നരേന്ദ്ര ഗിരി വില്‍ക്കുന്നുവെന്ന് ആനന്ദ് ഗിരി ആരോപണം ഉയര്‍ത്തി. ആനന്ദിന്റെ ആരോപണങ്ങള്‍ ഏറ്റെടുത്ത ഇയാളുടെ അനുയായികള്‍, നരേന്ദ്ര ഗിരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും കൊഴുപ്പിച്ചു.

വിഷയം കൈവിട്ടു പോകുന്നതില്‍ വിഷമത്തിലായ നരേന്ദ്ര ഗിരി, സന്ധി സംഭാഷണത്തിനു തയാറായി. ഒടുവില്‍, ആനന്ദിനോടു ക്ഷമിക്കുന്നതായി നരേന്ദ്ര ഗിരി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് എല്ലാ വിലക്കുകളും നീക്കി ആനന്ദ് ഗിരിയെ മടക്കി കൊണ്ടുപോയി. പിന്നാലെയാണ് നരേന്ദ്രഗിരിയുടെ മരണവും തുടര്‍ വിവാദവും.

മോര്‍ഫ് ചെയ്തതാണെന്ന് നരേന്ദ്ര ഗിരി അവകാശപ്പെടുന്ന ഒരു സ്ത്രീയോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് ആനന്ദ്ഗിരി തന്നെ നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്തതായി ആത്മഹത്യാ കുറിപ്പില്‍ നരേന്ദ്ര ഗിരി ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it