Sub Lead

അനുഷ്‌കയുടെ ജീവന്‍ രക്ഷിക്കാന്‍ പി-നള്‍ ഗ്രൂപ്പ് രക്തം വേണം; ലോകം മുഴുവന്‍ സന്ദേശം അയച്ച് രക്ത ദാതാക്കളുടെ കൂട്ടായ്മ

2018ലാണ് പിപി അഥവാ പി നള്‍ ഫിനോടൈപ്പ് എന്ന അപൂര്‍വ്വ രക്തഗ്രൂപ്പ് ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ചത്.

അനുഷ്‌കയുടെ ജീവന്‍ രക്ഷിക്കാന്‍ പി-നള്‍ ഗ്രൂപ്പ് രക്തം വേണം;  ലോകം മുഴുവന്‍ സന്ദേശം അയച്ച് രക്ത ദാതാക്കളുടെ കൂട്ടായ്മ
X

കൊച്ചി: അഞ്ചു വയസുകാരി അനുഷ്‌കയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടത് ലോകത്തില്‍ തന്നെ അത്യപൂര്‍വമായ പി-നള്‍ ഗ്രൂപ്പ് രക്തം. ഇതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ സന്ദേശം അയച്ച് അന്വേഷണത്തിലാണ് ആശുപത്രി അധികൃതരും രക്തദാതാക്കളുടെ കൂട്ടായ്മകളും.


ഗുജറാത്ത് സ്വദേശി സന്തോഷിന്റെ മകള്‍ അനുഷ്‌ക സര്‍ജറിക്കായി എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ ശസ്ത്രക്രിയാ വിഭാഗം ഐസിയുവില്‍ കഴിയുകയാണ്.

കഴിഞ്ഞവര്‍ഷം ജൂലായിലാണ് അനുഷ്‌കയുടെ ജീവന് ഭീഷണിയായ അപകടം നടന്നത്. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് തലയ്ക്ക് മാരക പരിക്കേറ്റ അനുഷ്‌കയെ ഗുജറാത്തിലെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. പിന്നീട് മറ്റൊരു ശസ്ത്രക്രിയകൂടി നടത്തിയെങ്കിലും മുറിവില്‍ അണുബാധയായതോടെയാണ് അമൃതയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ഒരുങ്ങിയപ്പോഴാണ് തങ്ങള്‍ക്ക് മുന്നിലെ വെല്ലുവിളി ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്.

പി നള്‍ രക്ത ഗ്രൂപ്പ് 2018ലാണ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത്. രക്തം ലഭിക്കാനുള്ള സാധ്യത ഒരുശതമാനം മാത്രം. ശസ്ത്രക്രിയ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചെങ്കിലും കുട്ടിയുടെ പ്രായവും മുറിവിന്റെ സ്ഥാനവും ജീവന് വെല്ലുവിളിയാകുമെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായി. അങ്ങനെ ഇന്നലെ മുറിവ് മൂടുന്നതിനായി മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയ നടത്തി. അനുഷ്‌കയുടെ രക്തം തന്നെ ശേഖരിച്ച് ശസ്ത്രക്രിയ കഴിഞ്ഞ് അതേരക്തം കയറ്റുകയായിരുന്നു. ഡോ. അയ്യര്‍, ഡോ. ജനാര്‍ദ്ദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ചികില്‍സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ പി നള്‍ രക്തം സംഘടിപ്പിക്കണം. ഇതിനായുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതരും സന്നദ്ധ സംഘടനകളും രക്തദാതാക്കളുടെ കൂട്ടായ്മകളും.

പിപി അഥവാ പി നള്‍ രക്തഗ്രൂപ്പ്

2018ലാണ് പിപി അഥവാ പി നള്‍ ഫിനോടൈപ്പ് എന്ന അപൂര്‍വ്വ രക്തഗ്രൂപ്പ് ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ചത്. മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ഡോ. ഷമീ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അപൂര്‍വ്വ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞത്.

ആയിരത്തില്‍ ഒരാളില്‍ പോലും കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലാണ് ഒരു രക്തഗ്രൂപ്പിനെ അപൂര്‍വ്വം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. രക്തത്തിലെ ആന്റിജനുകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരം അപൂര്‍വ്വ രക്തഗ്രൂപ്പിന് കാരണമാവുന്നത്.

കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ രോഗിക്ക് രക്തം മാറ്റിവെയ്ക്കുന്നതിനായുള്ള ലാബ് പരിശോധനയാണ് പുതിയ രക്ത ഗ്രൂപ്പ് നിര്‍ണയത്തിലേക്ക് വഴിതെളിച്ചത്. ലാബില്‍ 80ഓളം യൂണിറ്റ് രക്തം പരിശോധിച്ചിട്ടും ചേരുന്ന ഗ്രൂപ്പ് കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് സാംപിള്‍ സെറോളോജിക്കല്‍ ടെസ്റ്റിങ്ങിനായി ബ്രിസ്‌റ്റോളിലെ ഇന്റര്‍നാഷണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലാബോറട്ടറിയിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ രക്തസാംപിള്‍ പിപി ഫിനോടൈപ്പ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Girl with rare pp or p null blood group needs donor

Tags: p null pp blood group rare blood group




Next Story

RELATED STORIES

Share it