Sub Lead

തിഹാര്‍ ജയിലില്‍ രണ്ടുസംഘങ്ങള്‍ ഏറ്റുമുട്ടി; കോടതി വെടിവയ്പ് കേസിലെ പ്രതി കൊല്ലപ്പെട്ടു

തിഹാര്‍ ജയിലില്‍ രണ്ടുസംഘങ്ങള്‍ ഏറ്റുമുട്ടി; കോടതി വെടിവയ്പ് കേസിലെ പ്രതി കൊല്ലപ്പെട്ടു
X
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ തിഹാര്‍ ജയിലിനുള്ളില്‍ രണ്ടുസംഘങ്ങള്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രോഹിണി കോടതി വെടിവയ്പിലെ പ്രധാന സൂത്രധാരനെന്ന് പോലിസ് പറയുന്ന സുനില്‍ മന്‍ എന്ന തില്ലു താജ്പുരിയാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘമായ യോഗേഷ് തുണ്ടയും സഹായികളും ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് റിപോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റ തില്ലു താജ്പുരിയെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹ തടവുകാരനായ രോഹിതിനും ആക്രമണത്തില്‍ പരിക്കേറ്റു. ഇയാള്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. ഗുണ്ടാസംഘങ്ങളാണ് ഏറ്റുമുട്ടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യോഗേഷ് തുണ്ട, ദീപക് തീതര്‍, റിയാജ് ഖാന്‍, രാജേഷ് എന്നിവര്‍ ജയിലിന്റെ ഒന്നാം നിലയിലുള്ള വാര്‍ഡിന്റെ ഇരുമ്പ് ഗ്രില്ലുകള്‍ തകര്‍ത്ത് താഴത്തെ നിലയിലെ വാര്‍ഡില്‍ കഴിയുന്ന തില്ലുവിനെ വടികൊണ്ട് ആക്രമിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘത്തിലെ നാല് പേര്‍ ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് താഴത്തെ നിലയിലേക്ക് എത്തിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2021ല്‍ ജിതേന്ദര്‍ ഗോഗി കൊല്ലപ്പെട്ട രോഹിണി കോടതി വെടിവയ്പിലെ പ്രധാന സൂത്രധാരനാണ് തില്ലു താജ്പുരിയെന്നാണ് പോലിസ് പറയുന്നത്. 2021 സപ്തംബര്‍ 24ന് രോഹിണി കോടതിക്കുള്ളില്‍ വക്കീല്‍ വേഷം ധരിച്ചെത്തിയ തില്ലു സംഘത്തിലെ രണ്ടുപേര്‍ ജിതേന്ദര്‍ ഗോഗിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ വെടിവയ്പില്‍ ഇരുവരും കൊല്ലപ്പെട്ടു. ജിതേന്ദര്‍ ഗോഗിയുടെ സംഘവും തില്ലു സംഘവും തമ്മില്‍ വര്‍ഷങ്ങളായി കുടിപ്പകയുണ്ടെന്നും ജിതേന്ദര്‍ ഗോഗിയെ കൊല്ലാന്‍ തില്ലു താജ്പുരിയ ഫോണില്‍ നിര്‍ദേശം നല്‍കിയിരുന്നതായും പോലിസ് പറഞ്ഞു. തില്ലു താജ്പുരിയയുടെ കൊലപാതകത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഒരു മാസത്തിനിടെ തിഹാര്‍ ജയിലില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസം ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെ അടുത്ത സഹായി പ്രിന്‍സ് തെവാതിയയെ തിഹാര്‍ ജയിലില്‍ വച്ച് എതിരാളികളായ സംഘാംഗങ്ങള്‍ കൊലപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it