Sub Lead

'കുമ്മനത്തോടുള്ള ബഹുമാനം കൊണ്ടാണ് പണം നല്‍കിയത്'; കുമ്മനത്തിന് വീണ്ടും കുരുക്ക്

കുമ്മനത്തിന്റെ സാന്നിധ്യത്തിലാണ് താന്‍ പ്രവീണിനെ കണ്ടതെന്നും മികച്ച സംരംഭമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടെന്നും ഹരികൃഷ്ണന്‍

കുമ്മനത്തോടുള്ള ബഹുമാനം കൊണ്ടാണ് പണം നല്‍കിയത്; കുമ്മനത്തിന് വീണ്ടും കുരുക്ക്
X

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ നല്‍കിയ പരാതി ആവര്‍ത്തിച്ച് മൊഴി. പരാതിക്കാരനായ ഹരികൃഷ്ണന്‍ നല്‍കിയ മൊഴിയിലാണ് കുമ്മനത്തെ കുറിച്ച് ആരോപണം ആവര്‍ത്തിച്ചത്. കുമ്മനത്തോടുള്ള ബഹുമാനം കൊണ്ടാണ് പണം നല്‍കിയതെന്നാണ് മൊഴി നല്‍കിയത്.

കുമ്മനത്തിന്റെ സാന്നിധ്യത്തിലാണ് താന്‍ പ്രവീണിനെ കണ്ടതെന്നും മികച്ച സംരംഭമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടെന്നും ഹരികൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2018 ഫെബ്രുവരിയില്‍ തന്റെ വീട്ടിലെത്തിയ പ്രവീണ്‍ കുമ്മനത്തിന്റെ പിഎ ആണെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.

തന്റെ സുഹൃത്ത് വിജയന്‍ തുടങ്ങുന്ന കമ്പനിയില്‍ പണം നിക്ഷേപിക്കണമെന്ന് പ്രവീണ്‍ ആവശ്യപ്പെട്ടു. ഹരികൃഷ്ണന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പ്രവീണും കൊല്ലങ്ങോട് സ്വദേശി വിജയനും കമ്പനി ജീവനക്കാരന്‍ സേവ്യറും ചേര്‍ന്ന് ഉല്‍പന്നങ്ങള്‍ കാണിച്ച് തന്നെ വിശ്വസിപ്പിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്. അതേസമയം കേസ് പണം കൊടുത്ത് ഒത്തുതീർപ്പാക്കാൻ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്.

2018 ഒക്ടോബര്‍ 20 മുതല്‍ 2020 ജനുവരി 14 വരെയുള്ള സമയത്ത് പലപ്പോഴായി 30.75 ലക്ഷം രൂപ പ്രവീണും കൂട്ടരും വാങ്ങി. പങ്കാളിത്തം വ്യക്തമാക്കുന്ന രേഖകളോ പണമോ ലഭിക്കാതായതോടെയാണ് താന്‍ നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും ഹരികൃഷ്ണന്‍ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 12ന് പത്തനംതിട്ടാ ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതി ആറന്മുള പോലിസിന് കൈമാറി. ബുധനാഴ്ച്ച വാദിയെ വിളിച്ചുവരുത്തി എഴുതി വാങ്ങിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ നാലാം പ്രതിയാണ് മിസോറാം മുന്‍ ഗവര്‍ണര്‍. മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് പ്രവീണ്‍ ഒന്നാം പ്രതി. സ്ഥാപനം തുടങ്ങുന്നയാളായി ഹരികൃഷ്ണന്റെ മുമ്പിലെത്തിയ വിജയന്‍ രണ്ടാം പ്രതിയും ഇയാളുടെ മാനേജര്‍ സേവ്യര്‍ മൂന്നാം പ്രതിയുമാണ്. ബിജെപിയുടെ എന്‍ആര്‍ഐ സെല്‍ കണ്‍വീനറായിരുന്ന ഹരികുമാര്‍ അഞ്ചാം പ്രതി. രണ്ടാം പ്രതി വിജയന്റെ ഭാര്യയും മക്കളും പ്രതിപ്പട്ടികയിലുണ്ട്. ഐപിസി 406, 420, 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it