Sub Lead

തിരഞ്ഞെടുപ്പ് ഫണ്ട് വൈകിയതിന് തറ പൊളിച്ച് കൊടി നാട്ടിയ സംഭവം: എട്ട് ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരേ കേസ്

ഇട്ടമ്മലിലെ ലിപന്‍, സുജിത്ത്, കിട്ടു എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയുമാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 447, 427, 153, 506(1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

തിരഞ്ഞെടുപ്പ് ഫണ്ട് വൈകിയതിന് തറ പൊളിച്ച് കൊടി നാട്ടിയ സംഭവം: എട്ട് ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരേ കേസ്
X

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കാന്‍ വൈകിയതിന് അജാനൂര്‍ പഞ്ചായത്തിലെ ചാലിയം നായില്‍ പ്രദേശത്ത് നിര്‍മാണം നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തില്‍ എട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.

ഇട്ടമ്മലിലെ ലിപന്‍, സുജിത്ത്, കിട്ടു എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയുമാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 447, 427, 153, 506(1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും തടയാന്‍ ചെന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നുമാണ് എഫ്‌ഐആറിലുള്ളത്.

ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലമാണിതെന്നും വീടുനിര്‍മാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും സ്ഥലം ഉടമ വി എം റാസിഖ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സിപിഎം. തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചിരുന്നുവെന്നും അത് കൊടുക്കാത്തതിന്റെ വിരോധം തീര്‍ത്തതാണെന്നുമാണ് റാസിഖും സഹോദരനും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ അഷറഫ് കൊളവയലും പറയുന്നത്. എന്നാല്‍ ഇക്കാര്യം ഇവര്‍ പോലിസ് സ്‌റ്റേഷനില്‍ കൊടുത്ത പരാതിയില്‍ ഉന്നയിച്ചിട്ടില്ല. അങ്ങനെയൊരു സംഭാവന ചോദിച്ചിട്ടേയില്ലെന്നാണ് ഡിവൈഎഫ്‌ഐയുടെ വാദം. അതിനിടെ, ഇതു വയല്‍ഭൂമിയാണെന്നും നിര്‍മാണം നടത്തരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ കൈയൊപ്പ് ശേഖരിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

അതേസമയം, തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐക്കെതിരേ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും മുന്നോട്ട് വന്നു. യൂത്ത് ലീഗ് നേതാവ് ആബിദ് ആറങ്ങാടിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐക്കാര്‍ വഴി തടസ്സപ്പെടുത്താനായിട്ട കല്ലുകള്‍ എടുത്തുമാറ്റി. കല്ലെടുത്ത് മാറ്റാന്‍ പ്രദേശത്തെ മുസ്‌ലിം ലീഗുകാരുമെത്തി. ഉമേശന്‍ കാട്ടുകുളങ്ങര, ഇസ്മയില്‍ ചിത്താരി എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി.

എന്നാല്‍, വയല്‍ നികത്തി വീട് നിര്‍മിക്കുന്നതിനെതിരേയാണ് പ്രതിഷേധിച്ചതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it