ആന്തൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ സാമ്പത്തിക തിരിമറി; ഇ പി ജയരാജനെതിരേ ആരോപണവുമായി പി ജയരാജന്‍

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനെതിരേ ഗുരുതര സാമ്പത്തിക ആരോപണവുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍ രംഗത്ത്. കണ്ണൂര്‍ ആന്തൂരിലെ ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ ഇ പി ജയരാജന്‍ സാമ്പത്തിക തിരിമറിയും അനധികൃത സ്വത്ത് സമ്പാദനവും നടത്തിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജന്‍ ആക്ഷേപമുന്നയിച്ചത്. ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.
ആരോപണം രേഖാമൂലം എഴുതി നല്‍കാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി. പരാതി രേഖാമൂലം കിട്ടിയാല്‍ പരിശോധിക്കുമെന്നും ഗോവിന്ദന്‍ അറിയിച്ചു. ഇ പി ജയരാജന്റെ ഭാര്യയും മകനും റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണെന്ന് പി ജയരാജന്‍ ആരോപിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണ്. റിസോര്‍ട്ട് നിര്‍മാണ സമയത്ത് തന്നെ ആരോപണമുയര്‍ന്നിരുന്നതായി ജയരാജന്‍ ചൂണ്ടിക്കാട്ടി. ആന്തൂര്‍ നഗരസഭയിലെ നാലാം വാര്‍ഡായ ഉടുപ്പക്കുന്നിലാണ് ആയുര്‍വേദ റിസോര്‍ട്ട്. ഇ പി ജയരാജന്റെ മകന്‍ ജെയ്‌സന്റെ പേരില്‍ അനധികൃതമായി കുന്നിടിച്ച് ആയുര്‍വേദ റിസോര്‍ട്ട് നിര്‍മിക്കുന്ന വാര്‍ത്ത 2018ല്‍ പുറത്തുവന്നിരുന്നു.
പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു ഇത്. ജെയ്‌സന്‍ ചെയര്‍മാനായ സ്വകാര്യകമ്പനിയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. പ്രദേശത്തെ ഒമ്പത് ഏക്കര്‍ സ്ഥലത്ത് കുന്നിടിച്ചായിരുന്നു റിസോര്‍ട്ട് നിര്‍മാണം. ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായിരുന്ന സമയത്താണ് റിസോര്‍ട്ടിന്റെ ഉദ്ഘാടനം നടന്നത്. ജയരാജന്‍ തന്നെയായിരുന്നു ഉദ്ഘാടകനും. കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിയാണ് ആയുര്‍വേദ റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍. കമ്പനിയുടെ 2,500 ഓഹരികള്‍ ജെയ്‌സന്റെ പേരിലുണ്ടെന്ന് നേരത്തെ രേഖകള്‍ പുറത്തുവന്നിരുന്നു. ജയ്‌സനെ കൂടാതെ ഇ പി ജയരാജന്റെ ഭാര്യയും കമ്പനിയില്‍ ഡയറക്ടറാണ്. ജയരാജന്റെ ബിനാമിയെന്ന് ആരോപണമുള്ള മാവേലി സുധാകരനും റിസോര്‍ട്ടില്‍ വലിയ ഓഹരിയുണ്ട്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ രണ്ട് ചേരിയിലായ ആരോപണം പാര്‍ട്ടിയെ പുതിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ വാര്‍ത്ത നിഷേധിക്കാന്‍ സംസ്ഥാന സെക്രട്ടറി തയ്യാറായില്ല എന്നതും സിപിഎമ്മിലെ പുതിയ സമവാക്യങ്ങളുടെ തെളിവാണ്. പി ജയരാജന്റെ ആരോപണത്തെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാര്‍ത്തകളെക്കുറിച്ചോ പ്രതികരിക്കാനില്ലെന്നാണ് ഇ പി ജയരാജന്റെ നിലപാട്. സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത പി ജയരാജനും തള്ളിയില്ല.
ഇ പി കേന്ദ്രകമ്മിറ്റിയംഗമാണ്, പാര്‍ട്ടിയുടെ ഭാഗമായി നിന്നതിന് ക്രൂരമായി ആക്രമിക്കപ്പെട്ട നേതാവാണെന്ന് ജയരാജന്‍ പ്രതികരിച്ചു. ഇ പി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയില്‍ സാമ്പത്തിക ആരോപണം ഉയര്‍ന്നത് വ്യാജവാര്‍ത്തയാണോയെന്ന ചോദ്യത്തിന്, പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവയ്ക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇ പി ജയരാജന്‍ റിസോര്‍ട്ട് നടത്തുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. താന്‍ ആ സ്ഥലത്ത് പോയിട്ടില്ല. നാട്ടില്‍ മതപരമായ വര്‍ഗീയത ശക്തിപ്പെടുന്നു, ലഹരി ഉപയോഗം വര്‍ധിപ്പിക്കുന്നു. ഇതൊക്കെയാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT