Sub Lead

ദലിത് യുവാവിനെ വിവാഹം ചെയ്തതിന് യുവതിയുടെ തല മുണ്ഡനം ചെയ്തു; വിവാഹ മോചനത്തിന് നിര്‍ബന്ധിച്ച് പിതാവിന്റെ ക്രൂരത

ദലിത് യുവാവിനെ വിവാഹം ചെയ്തതിന് യുവതിയുടെ തല മുണ്ഡനം ചെയ്തു;  വിവാഹ മോചനത്തിന് നിര്‍ബന്ധിച്ച് പിതാവിന്റെ ക്രൂരത
X

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബേതുലില്‍ ദലിത് യുവാവിനെ വിവാഹം ചെയ്തതിന് നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ തലമുണ്ഡനം ചെയ്ത് പിതാവിന്റെ ക്രൂരത. യുവതിയെ നിര്‍ബന്ധപൂര്‍വം വീട്ടിലെത്തിച്ച് നര്‍മദയില്‍ കുളിപ്പിച്ചു. ദലിത് യുവാവിനെ വിവാഹം ചെയ്തതിനാല്‍ ശുദ്ധീകരിക്കാനാണ് നര്‍മതയില്‍ കുളിപ്പിച്ചതെന്ന് മധ്യപ്രദേശിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംരക്ഷണം തേടി പോലിസില്‍ പരാതിപ്പെട്ട പെണ്‍കുട്ടിയെ പിതാവ് വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ദലിത് യുവാവില്‍ നിന്നും വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ദുരഭിമാനക്കൊല ഭയന്ന് പെണ്‍കുട്ടി പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. കോളജ് ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടി ദലിത് യുവാവിനൊപ്പം പോയത്.

ബേതുളിലെ ചോപ്‌ന നിവാസിയായ സാക്ഷി യാദവ് കഴിഞ്ഞ വര്‍ഷമാണ് ബേതുലില്‍ താമസിക്കുന്ന അമിത് അഹിര്‍വാര്‍ എന്ന യുവാവിനെ ആര്യസമാജ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്. 2020 മാര്‍ച്ച് 11 ന് ബേതൂളിലെ ടിക്കാരി പ്രദേശത്ത് താമസിക്കുന്ന 27 കാരനായ ദലിത് യുവാവുമായി 24 കാരിയായ സാക്ഷി യാദവ് ആര്യസമാജില്‍ വച്ച് വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷം യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയി. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നു. വീട്ടുകാര്‍ പോലിസിന്റെ സഹായത്തോടെ യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് തിരികെ കൊണ്ടുവന്നു. ഇതിനുശേഷം രാജ്ഗഢില്‍ പഠിക്കാന്‍ അയക്കുകയായിരുന്നു. എന്നാല്‍, ഒക്ടോബര്‍ 28ന് ഹോസ്റ്റലില്‍ നിന്ന് രക്ഷപ്പെട്ട യുവതി ഭര്‍ത്താവിന്റെ കൂടെ തന്നെ പോയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആഗസ്ത് 18ന് തന്നെ നര്‍മദ നദിയില്‍ കൊണ്ട് പോയതായും ആളുകളുടെ മുന്നില്‍ വച്ച് കുളിപ്പിച്ചതായും യുവതി പറഞ്ഞു. തന്റെ മുടി വെട്ടിമാറ്റുകയും വസ്ത്രങ്ങള്‍ ഊരി പുഴയില്‍ എറിഞ്ഞതായും അവര്‍ പരാതിയില്‍ പറഞ്ഞു. ദലിത് യുവാവിനെ വിവാഹം കഴിച്ചതിനാല്‍ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതെല്ലാം ചെയ്തതെന്നും യുവതി പറയുന്നു. ഇപ്പോള്‍ ദലിത് യുവാവില്‍ നിന്ന് വിവാഹ മോചനം നേടി മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. താന്‍ ദുരഭിമാനക്കൊലക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും നിരവധി തവണ ജീവന് ഭീഷണി നേരിട്ടതായും യുവതി പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it