Big stories

ഫോനി അതിതീവ്രതയാര്‍ജിക്കുന്നു; 170-200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കും

ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോനി അതിതീവ്രതയാര്‍ജിക്കുന്നു;   170-200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കും
X

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ഇടയ്ക്കു രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. വരും മണിക്കൂറുകളില്‍ ഫോനി മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിക്കുമെന്നാണ് റിപോര്‍ട്ട്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലുള്ളവരോട് കടലിലിറങ്ങരുതെന്നും വീടിനുള്ളിതന്നെ കഴിച്ചു കൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ഒഡീഷ തീരത്തെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. അതിതീവ്രത കൈവരിക്കുന്നതോടെ 170-200 വരെ വേഗതയില്‍ കാറ്റുവീശിയേക്കും. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഒഡീഷ തീരത്ത് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒഡീഷ തീരം സ്പര്‍ശിച്ച് പശ്ചിമബംഗാള്‍ ഭാഗത്തേയ്ക്കായിരിക്കും കാറ്റ് നീങ്ങുമെന്നാണ് അനുമാനം.

കാറ്റുവീശാന്‍ സാധ്യതയുള്ള മേഖലയില്‍ തീവണ്ടി ഗതാഗതം വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യാന്‍ നിര്‍ദേശമുണ്ട്. വെള്ളിയാഴ്ചവരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കന്‍ തീരത്തും തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാവികസേനയും കോസ്റ്റ് ഗാര്‍ഡും തയ്യാറെടുത്തു കഴിഞ്ഞതായും കപ്പലുകളും ഹെലികോപ്റ്ററുകളും തയ്യാറാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവടങ്ങളില്‍ വ്യോമസേനയും തയ്യാറെടുത്തിട്ടുണ്ട്. കേന്ദ്ര ദുരന്ത നിവാരണ സേന ഈ സംസ്ഥാനങ്ങളില്‍ തങ്ങളുടെ 41 വിഭാഗങ്ങളെ വിന്യസിക്കും.

കാറ്റ് അകന്നുപോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടാണ് പിന്‍വലിച്ചത്.എന്നാല്‍, വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Next Story

RELATED STORIES

Share it